ഫുട്ബാൾ ലോകത്തെ വലിയ ചർച്ചകളിലൊന്നാണിത്. പണവും പ്രതാപവും പാരമ്പര്യവുമുള്ള കളിക്കൂട്ടം. പന്തുതട്ടാൻ ലോകത്തെ മിന്നുംതാരങ്ങൾ. എന്നിട്ടും എവിടെയാണ് ചെൽസിക്ക് പിഴയ്ക്കുന്നത്? 100 കോടി പൗണ്ട് വാരിക്കോരി ചെലവഴിച്ച് കരുക്കൾ നീക്കിയിട്ടും കരുത്ത് കാട്ടാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? തന്ത്രങ്ങളിൽ ഒട്ടും പിന്നിലല്ലാത്ത മൗറീഷ്യോ പോഷെറ്റിനോ എന്ന ആചാര്യന് കണക്കുകൂട്ടൽ തുടരെ തെറ്റുന്നതിന്റെ കാരണമെന്ത്?...സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് നീളുന്ന എണ്ണമറ്റ ചോദ്യങ്ങളിൽ അതിശയവും അമ്പരപ്പും നിരാശയുമെല്ലാം ചേരുംപടി ചേർന്നിട്ടുണ്ട്.
പ്രീമിയർ ലീഗിന്റെ പുതുസീസണിന് കളിത്തട്ടുണർന്നതിൽപിന്നെ ആറു കളികളിൽ കളത്തിലിറങ്ങിയ ചെൽസിയുടെ നീലക്കുപ്പായക്കാർക്ക് ജയിക്കാൻ കഴിഞ്ഞത് വെറും ഒരു കളിയിൽ മാത്രം. ലീഗിലെ മുൻനിരക്കാരെന്ന ലേബലിൽ പന്തുതട്ടുന്ന സംഘം ഇപ്പോൾ പതിച്ചിരിക്കുന്നത് പോയന്റ് ടേബിളിൽ 14-ാം സ്ഥാനത്തേക്കാണ്. കഴിഞ്ഞ സീസണിലും ഇടറിയ ടീം പുത്തനുണർവ് ആർജിക്കാൻ ഉന്നമിട്ട് പോഷെറ്റിനോയെ അണിയിലെത്തിച്ച് കരുക്കൾ നീക്കിയിട്ടും ഒന്നും ഗതിപിടിക്കുന്ന മട്ടില്ല.
‘ഇത് വളരെ എളുപ്പമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ വളരെ കടുപ്പമാണിതെന്നതാണ് ഗൗരവമേറിയ കാര്യം’ -ആസ്റ്റൺ വില്ലക്കെതിരെ ഞായറാഴ്ച സ്വന്തം തട്ടകത്തിൽ നടന്ന മത്സരം തോറ്റശേഷം ചെൽസിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയുടെ ഭാര്യ ഇസബെല്ലെ സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്.
കഴിഞ്ഞ വർഷം ടീമിനെ പുതിയ ഉടമകൾ ഏറ്റെടുത്തശേഷം ബൃഹദ് പദ്ധതികളുമായാണ് ചെൽസി മുന്നോട്ടുള്ള നീക്കങ്ങൾ മെനഞ്ഞത്. കഴിഞ്ഞ സീസണിലെ പരാജിതരായ കോച്ചുമാരെ മാറ്റി അർജന്റീനക്കാരനായ പോഷെറ്റിനോയെ എത്തിക്കുമ്പോൾ എല്ലാം ശരിയാവുമെന്ന കണക്കുകൂട്ടൽ ക്ലബ് അധികൃതർക്കുണ്ടായിരുന്നു. ആവേശഭരിതരും ചെറുപ്പക്കാരുമടങ്ങിയ ടീമിനെ വാർത്തെടുക്കാൻ കേമനെന്ന പേരുകിട്ടിയ പോഷെറ്റിനോ സതാംപ്ടണിലും ടോട്ടൻഹാമിലും അതുചെയ്തു കാട്ടിയിരുന്നു. പി.എസ്.ജിയെ വിജയപാതയിലെത്തിച്ചും കഴിവുതെളിയിച്ചു.
എന്നാൽ, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കാര്യങ്ങൾ ഒന്നും വിചാരിച്ചപോലെ നടക്കുന്നില്ല. പല കോണുകളിൽനിന്നും കോച്ചിന്റെ തലയ്ക്ക് മുറവിളി ഉയർന്നുതുടങ്ങിയിട്ടുണ്ട്. തീരുമാനങ്ങൾ പലതും ഇഴകീറി വിമർശിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴും ‘കാര്യങ്ങളൊക്കെ ഭദ്രമാണ്, സ്കോർ ചെയ്യാത്തതു മാത്രമാണ് പ്രശ്നം’ എന്ന മറുപടി എപ്പോഴും തൃപ്തികരമായിക്കൊള്ളണമെന്നില്ല. ആസ്റ്റൺ വില്ലക്കെതിരെ തോറ്റശേഷം പോഷെറ്റിനോയുടെ പ്രധാന വാദഗതി സ്കോറിങ്ങിലെ പിഴവുകളിലൂന്നിയായിരുന്നു.
തിയാഗോ സിൽവ, റഹീം സ്റ്റെർലിങ്, എൻസോ ഫെർണാണ്ടസ്, റീസ് ജെയിംസ്, ബെൻ ചിൽവെൽ, കോൾ പാർമർ, മോയിസസ്, കൈസെഡോ, റോബർട്ട് സാഞ്ചസ്, ആക്സൽ ഡിസാസി, നിക്കോളാസ് ജോൺസൺ, മാർലോ ഗുസ്തോ, ലെവി കോൾവിൽ, കോണോർ ഗലാഗർ, ബെൻ ചിൽവെൽ, മിഖൈലോ മുദ്‍രിക് തുടങ്ങി ഓരോ പൊസിഷനിലും ഏതു ടീമിനോടും കിടപിടിക്കാവുന്ന വൻ താരനിര തന്നെയാണ് ചെൽസിക്കുള്ളത്. എന്നിട്ടും 2000-01 സീസണിനുശേഷം ഇതാദ്യമായാണ് സീസണിലെ ആദ്യ ആറുകളിയിൽ ഒരു ജയം മാത്രമെന്ന നാണക്കേടിലേക്ക് നീലപ്പട ചുരുങ്ങിയത്. ആദ്യ ആറു കളികളിൽ മൂന്നും തോറ്റതാവട്ടെ, 2015-16നുശേഷം ഇതാദ്യവും.
പോഷെറ്റിനോ പറഞ്ഞതുപോലെ സ്കോറിങ് തന്നെയാണ് വലിയ പ്രശ്നം. ഈ സീസണിലെ പ്രീമിയർലീഗിൽ ഇതുവരെ എതിരാളികളുടെ ബോക്സിൽ ഏറ്റവും കൂടുതൽ ടച്ചുകളുള്ള രണ്ടാമത്തെ ടീം ചെൽസിയാണ് -241 ടച്ചുകൾ. 250 ടച്ചുകളുള്ള ടോട്ടൻഹാമാണ് ഇക്കാര്യത്തിൽ ഒന്നാമത്. അതേസമയം, ഈ മികവിനിടയിലും അഞ്ചു ഗോളുകൾ മാത്രമാണ് ചെൽസിക്ക് നേടാനായത്. ലൂടണും (മൂന്ന്) ബേൺലിയും (നാല്) മാത്രമാണ് ഗോളടിയിൽ ചെൽസിയെക്കാൾ മോശം പ്രകടനം കാഴ്ചവെച്ചവർ. ആറു കളികളിൽ 18 വമ്പൻ അവസരങ്ങൾ ലഭിച്ചപ്പോൾ അവയിൽനിന്ന് വലയിലേക്ക് പന്തെത്തിക്കാൻ ചെൽസിക്ക് കഴിഞ്ഞത് മൂന്നു തവണ മാത്രം. 88 ദശലക്ഷം പൗണ്ടിന് ഷാക്റ്റർ ഡോണെസ്കിൽനിന്ന് ടീമിലെത്തിച്ച മുദ്‍രിക് ഇതുവരെ ഒരു ഗോൾപോലും നേടിയിട്ടില്ല. സീസണിന്റെ തുടക്കത്തിൽ പ്രതീക്ഷ നൽകിയ ക്രിസ്റ്റഫർ എൻകുൻകു കാൽമുട്ടിനേറ്റ പരിക്കുകാരണം വിട്ടുനിൽക്കുന്നതും തിരിച്ചടിയായി.
ആറു കളികളിൽ സ്റ്റാർട്ടിങ് ഇലവനിൽ കേവലം അഞ്ചു മാറ്റങ്ങളാണ് ചെൽസി വരുത്തിയത്. ഒറ്റനോട്ടത്തിൽ ഇംപ്രസീവായ ഒരു ഫസ്റ്റ് ഇലവനല്ല ചെൽസിയുടേതെന്ന് ക്ലബിന്റെ മുൻ സ്ട്രൈക്കർ ക്രിസ് സട്ടൺ വിമർശിക്കുന്നു. എട്ടു കളിക്കാരെങ്കിലും എല്ലാ മത്സരത്തിലും ഒന്നിച്ചുകളിച്ചിട്ടും അതിന്റെ ഒത്തിണക്കവും താളാത്മകതയും ടീമിനില്ലെന്നും ഇതൊരു ഡെവലപ്മെന്റ് സ്ക്വാഡിനെപ്പോലെ തോന്നിക്കുന്നുവെന്നും സട്ടൺ കൂട്ടിച്ചേർക്കുന്നു.
ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരു മടിയുമില്ലാത്തയാളായിരുന്ന പോഷെറ്റിനോ ചെൽസിയിൽ പക്ഷേ, അതിനു നേർവീപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് അർജന്റീനക്കാരനു കീഴിൽ ടോട്ടൻഹാമിൽ കളിച്ച ആൻഡ്രോസ് ടൗൺസെൻഡ് പറയുന്നു. ടീം നന്നായി കളിക്കുകയും അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്യുന്നുണ്ടെന്നു പറയുന്ന ടൗൺസെൻഡ്, ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കോച്ചിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരനാണ്.
പോഷെറ്റിനോയുടെ തന്ത്രങ്ങളിൽ ചിലതും വിമർശനവിധേയമാകുന്നുണ്ട്. സെന്റർബാക്കായ കോൾവില്ലിനെ ലെഫ്റ്റ്ബാക്ക് പൊസിഷനിൽ വിന്യസിക്കുന്നതും മിഡ്ഫീൽഡറായ എൻസോയെ മുന്നോട്ടു കയറ്റി കളിപ്പിക്കുന്നതുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ, കളിക്കാരുമായി ഏറെ അടുത്ത് പ്രവർത്തിക്കുകയും അവർക്കുമുന്നിൽ ഏതു ചർച്ചകൾക്കും തന്റെ വാതിൽ മലർക്കെ തുറന്നിടുകയും ചെയ്യുന്ന പോഷെറ്റിനോക്ക് താരങ്ങളുടെ പൂർണ പിന്തുണയാണ് ഈ പ്രതിസന്ധി ഘട്ടത്തിലുള്ളത്. ഇതൊരു മോശം അവസ്ഥ മാത്രമാണെന്നും വൈകാത തങ്ങൾ സ്ഥിരതയുള്ള പ്രകടനത്തിലേക്ക് പന്തുതട്ടിയെത്തുമെന്നും ടീം ഉറച്ചുവിശ്വസിക്കുന്നു. ഇനിയും ഇടർച്ചകളുടെ തുടർച്ചകളാണ് കാത്തിരിക്കുന്നതെങ്കിൽ പക്ഷേ, ആ വിശ്വാസം കൊണ്ടൊന്നും കാര്യമുണ്ടാവില്ല. റിസൽറ്റുണ്ടായില്ലെങ്കിൽ പോഷെറ്റിനോയെ കാത്തിരിക്കുന്നത് പുറത്തേക്കുള്ള വാതിലാണെന്നതുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.