ആദ്യ പകുതിയിൽ ആറ് ഗോളുകൾ വന്ന വെടിക്കെട്ട് മത്സരത്തിൽ ബ്രൈറ്റണെതിരെ ചെൽസിക്ക് വിജയം. നാല് ഗോളുകളുമായി കളം വാണ ഇംഗ്ലീഷ് ഫുട്ബോളിന്‍റെ യുവ താരോദയമായ കോൾ പാമറാണ് ചെൽസിയുടെ വിജയശിൽപി. ഒരു പ്രീമിയർ ലീഗ് മത്സരത്തിലെ ആദ്യ പകുതിയിൽ നാല് ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇന് പാമറിനൊപ്പമാണ്. ആദ്യം ലീഡെഡുത്ത ബ്രൈറ്റണെതിരെ പാമറും നീലപ്പടയും ആഞ്ഞടിക്കുകയായിരുന്നു.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ ബ്രൈറ്റൺ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. ജോര്‍ജിനിയോ റട്ടറാണ് സ്റ്റാംഫോർഡ് ബ്രിഡ്സജിനെ നിശബ്ദമാക്കിക്കൊണ്ട് ബ്രൈറ്റണെ ആദ്യം മുന്നിലെത്തിച്ചത്. 14 മിനിറ്റുകൾപ്പുറം പാമർ ചെൽസിക്കായി ആദ്യ ഗോൾ നേടി. . നിക്കോളാസ് ജാക്‌സണാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. 28-ാം മിനിറ്റില്‍ ലഭിച്ച പെനാൽട്ടി ഗോളാക്കി പാമര്‍ തന്നെ ആതിഥേയരെ മുന്നിലെത്തിച്ചു.
മൂന്ന് മിനിറ്റുകൾക്ക് ശേഷം പാമര്‍ ഹാട്രിക് തികച്ചു. 31-ാം മിനിറ്റില്‍ 30 വാര അകലെ നിന്ന് തൊടുത്ത് വിട്ട ഫ്രീകിക്ക് വലയിലെത്തിച്ചാണ് പാമര്‍ ചെല്‍സിയുടെയും തന്റെയും മൂന്നാം ഗോള്‍ കണ്ടെത്തിയത്. 34-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് നൂം ക്വോമ ബലേബയിലൂടെ ബ്രൈറ്റൺ രണ്ടാം ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ 41ാം മിനിറ്റിൽ പാമർ വീണ്ടും ഗോൾ നേടി ചെൽസിയുടെ ഗോൾഡൺ ബോയ് ആകുകയായിരുന്നു.
രണ്ടാം പകുതിയിൽ ചെൽസി പ്രതിരോധം ശക്തിയാക്കിയതോടെ ബ്രൈറ്റണ് തിരിച്ചുവരവ് അസാധ്യമായി. ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാമതാണ് ചെല്‍സി. നാല് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് നീലപ്പടയുടെ സമ്പാദ്യം. ഒന്‍പത് പോയിന്‍റുമായി എട്ടാമതാണ് ബ്രൈറ്റണ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.