ബ്വേനസ് എയ്റിസ്: 'ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബാളിലെ പ്രതിഭാസമാണ്, മെസ്സിയാകട്ടെ ജീനിയസ്സും. ജീനിയസ് എന്നാൽ ജന്മം കൊണ്ടേ അനുഗൃഹീതമായ കഴിവുകളുള്ളയാളാണ്. പ്രതിഭാസമാകട്ടെ, കാലാന്തരത്തിൽ കഴിവുകൾ വികസിപ്പിക്കുന്നയാളുമാണ്..' മെസ്സിയാണോ റൊണാൾഡോയാണോ കേമൻ? എന്ന ആധുനിക ഫുട്ബാളിലെ വമ്പൻ ചോദ്യത്തിന് 1986ലെ ലോകകപ്പ് ജേതാവും മുൻ അർജന്റീനാ താരവുമായ ജോർജ് വാൾഡാനോയുടെ മറുപടി ഇത്തരത്തിലായിരുന്നു.
തന്റെ നാട്ടുകാരൻ കൂടിയായ മെസ്സിക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവുകളോട് കിടപിടിക്കുന്ന രീതിയിൽ തന്റെ പ്രതിഭാശേഷിയെ വളർത്തിയെടുത്ത റൊണാൾഡോയുടെ കഠിനാധ്വാനത്തെ വാൾഡാനോ ഏറെ പ്രശംസിക്കുന്നു. 'മെസ്സിയുമായി താരതമ്യം ചെയ്യുമ്പോൾ റൊണാൾഡോ അത്രത്തോളം കേമനല്ലെന്ന് തോന്നിയേക്കാം. എന്നാൽ, ചിലപ്പോൾ ജീനിയസിനേക്കാൾ ഗുണങ്ങൾ പ്രതിഭാസത്തിലുണ്ടായേക്കാമെന്നതുകൊണ്ട് അക്കാര്യത്തിൽ ശ്രദ്ധയുണ്ടാവണം.'- മുൻ റയൽ മഡ്രിഡ് താരം വിലയിരുത്തുന്നു.
'ക്രിസ്റ്റ്യാനോ സ്വയം 'പുതിയ ശരീരം' പോലും നിർമിച്ചെടുക്കുന്നു. അവൻ ചെയ്തുകാട്ടിയതൊക്കെ അവന്റെ നേട്ടങ്ങളാണ്. സ്വഭാവിക പ്രതിഭയിൽനിന്ന് ഒരുപാട് ബാലൺ ദി ഓർ പുരസ്കാരങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിലേക്ക് തിരിച്ചുവരില്ലെന്നും വാൾഡാനോ നിരീക്ഷിക്കുന്നു.
'ക്രിസ്റ്റ്യാനോയുടെ റയൽ മഡ്രിഡ് പ്രവേശം അടഞ്ഞ അധ്യായമാണ്. ക്ലബ് പ്രസിഡന്റ് േഫ്ലാറന്റീനോ പെരസ് ഒരു സാഹചര്യത്തിലും പിന്നോട്ടുമടങ്ങുന്നയാളല്ല. എന്തായാലും റയലിൽ പുറത്തെടുത്ത പ്രകടനം ക്ലബിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാക്കി അവനെ മാറ്റി. അതു മതിയെന്നാണ് എനിക്ക് തോന്നുന്നത്.' -വാൾഡാനോ പറഞ്ഞു.
പി.എസ്.ജിക്കുവേണ്ടി ഫ്രഞ്ച് ലീഗിൽ സീസണിലെ ആദ്യകളിയിൽ ബൈസിക്കിൾ കിക്കിലൂടെ മെസ്സി നേടിയ ഗോളിനെ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ നേടിയ ഗോളുമായി ആരാധകർ താരതമ്യപ്പെടുത്തുന്ന വേളയിലാണ് വാൾഡാനോയുടെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.