യൂറോ കപ്പിന്റെ ആവേശത്തിനിടയിൽ വ്യക്തിപരമായ ഒരു നേട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പാനിഷ് ഫുട്ബാൾ താരം 16കാരനായ ലാമിൻ യമാൽ. ഹൈസ്കൂൾ പരീക്ഷ പാസായെന്നാണ് യമാൽ അറിയിച്ചിരിക്കുന്നത്. യുറോ കപ്പ് ചാമ്പ്യൻഷിപ്പ് തയാറെടുപ്പിന്റെ തിരക്കുകൾക്കിടയിലും പരീക്ഷയെഴുതി പാസായ ലാമിൻ യമാലാണ് ഇപ്പോൾ താരമാകുന്നത്.
അതേസമയം, തുടർ പഠനത്തെ കുറിച്ച് ലാമിൻ വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന രണ്ട് വർഷവും യമാൽ ഫുട്ബാളിന്റെ ലോകത്തായിരുന്നു. ഫുട്ബാളിനൊപ്പം തന്നെ താരം പഠനവും മുന്നോട്ട് കൊണ്ടുപോയിരുന്നു.
ക്രൊയേഷ്യക്കെതിരായ സ്പെയിനിന്റെ യുറോ കപ്പ് മത്സരത്തിലാണ് യമാൽ അരങ്ങേറ്റം കുറിച്ചത്. ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായും യമാൽ മാറിയിരുന്നു. ഇറ്റലിക്കെതിരായ സ്പെയിനിന്റെ മത്സരത്തിൽ യമാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരീക്ഷ ജയിച്ച വിവരം അമ്മയെ അറിയിച്ച യമാലിന് തൽക്കാലത്തേക്ക് പഠനത്തെ കുറിച്ച് ചിന്തിക്കാൻ സമയമില്ല. യുറോയിലെ പ്രീക്വാർട്ടറിൽ ഞായറാഴ്ച സ്പെയിൻ ജോർജിയയെ നേരിടാനൊരുങ്ങുമ്പോൾ താരത്തിന്റെ ശ്രദ്ധമുഴുവൻ മത്സരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.