ന്യൂജഴ്സി: ആദ്യമായെത്തി സെമി ഫൈനലിലേക്ക് കുതിച്ച അത്ഭുത ടീമായ കാനഡയെ എളുപ്പം മറികടന്ന് തുടർച്ചയായി രണ്ടാം തവണയും കലാശപ്പോരിന് അർഹത നേടാമെന്ന പ്രതീക്ഷയിലാണ് അർജന്റീന. കോപ അമേരിക്ക സെമിയിൽ ഇന്ത്യൻ സമയം നാളെ പുലർച്ച 5.30നാണ് അർജന്റീന -കാനഡ പോര്. തുടക്കക്കാരും ദുർബലരുമാണെന്ന് കാനഡയെ എഴുതിത്തള്ളാൻ അർജന്റീന തയാറല്ല. ലോകകപ്പ് ജേതാക്കളും കോപ അമേരിക്ക ജേതാക്കളുമെന്ന പകിട്ട് കുറയാതെയായിരുന്നു ഇത്തവണ മെസ്സിപ്പടയുടെ മുന്നേറ്റം. ലയണൽ മെസ്സി ഗോളടിച്ചില്ലെന്ന സങ്കടം കൂടി സെമിയിൽ തീരുമെന്നാണ് പ്രതീക്ഷ. ക്വാർട്ടറിൽ പെനാൽറ്റിയും താരം പാഴാക്കി. അതേസമയം, സൂപ്പർതാരത്തിന്റെ സാന്നിധ്യം പോലും സഹതാരങ്ങൾക്ക് ആവേശമേകുന്നതാണ്. രണ്ടുമാസം മുമ്പ് മാത്രം ചുമതലയേറ്റ ജെസി മാർഷിന്റെ പരിശീലന മികവിലാണ് കാനഡയുടെ മാജിക് പ്രകടനം. വെനിസ്വേലക്കെതിരെ തിളങ്ങിയ ഗോൾകീപ്പർ മാക്സിമെ ക്രെപായു മികച്ച ഫോമിലാണ്.
കഴിഞ്ഞ 61 മത്സരങ്ങളിൽ 59ലും ജയിച്ച അർജന്റീനയെ ആരും ഭയക്കണം. കോപയിൽ തുടർച്ചയായ 10 മത്സരം ജയിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കാനഡ തോൽവിയറിഞ്ഞിട്ടില്ല. യുദ്ധം പ്രതീക്ഷിക്കാമെന്നാണ് കാനഡയുടെ ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് മുന്നറിയിപ്പു നൽകുന്നത്. ഹോണ്ടുറാസിനും മെക്സികോക്കും ശേഷം കോൺകകാഫ് രാജ്യം കോപയുടെ സെമിയിലെത്തുന്നത് ഇതാദ്യമാണ്.
ഇക്വഡോറിനെതിരായ ക്വാർട്ടറിൽ മാത്രമാണ് മെസ്സിയും കൂട്ടരും അൽപം മങ്ങിയത്. എന്നാൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവസരത്തിനൊത്തുയർന്നു. എമിലിയാനോ മറികടന്ന് ഗോൾ കണ്ടെത്തൽ കാനഡക്ക് എളുപ്പമാകില്ല. നാല് ഗോളുകളുമായി അർജന്റീന സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിന് ഗോൾദാഹം തീർന്നിട്ടില്ല. യൂലിയൻ ആൽവാരസ് പകരക്കാരനായിരിക്കും. ലിസാൻഡ്രോ മാർട്ടിനസിന്റെ നേതൃത്വത്തിൽ മൊളിനയും റെമേറോയും ചേരുന്ന പ്രതിരോധത്തിന് കടുപ്പമേറെയാണ്.
ഫൈനലിലെത്തിയാൽ വർഷങ്ങൾ പഴക്കമുള്ള ഒരു നേട്ടത്തിനൊപ്പം ലയണൽ സ്കലോണിയുടെ ടീമെത്തും. 1959ലാണ് നിലവിലെ ജേതാക്കളെന്ന നിലയിൽ അർജന്റീന കലാശക്കളിക്ക് ടിക്കറ്റ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.