ബാംബോലിം (ഗോവ): രാജ്യത്തെ ജനജീവിതത്തെ അവതാളത്തിലാക്കി മുന്നേറുന്ന കോവിഡിന്റെ കളി ഇന്ത്യൻ സൂപ്പർ ലീഗിലും. ഒരൊറ്റ വേദിയിലാക്കി ബയോ ബബ്ളിന്റെ 'സുരക്ഷിതത്വ'ത്തിൽ നടക്കുന്ന ഐ.എസ്.എല്ലിലും കോവിഡിന്റെ കളി രൂക്ഷമാവുന്നതായാണ് സൂചന. കോവിഡിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഐ.എസ്.എൽ മത്സരം മാറ്റിവെക്കേണ്ടിവന്നു.
മിക്ക ടീമുകളെയും കോവിഡ് ബാധിച്ചിട്ടും ഐ.എസ്.എൽ നിർത്തിവെക്കാൻ സംഘാടകർ തയാറായിട്ടില്ല. കോവിഡ് രൂക്ഷമായതിനെ തുടർന്ന് തുടങ്ങി ദിവസങ്ങൾക്കകം ഐ ലീഗ് നിർത്തിവെച്ചിരുന്നു. എന്നാൽ, ഇതേ മാനദണ്ഡം ഐ.എസ്.എല്ലിന്റെ കാര്യത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
തിങ്കളാഴ്ച നടക്കേണ്ട ജാംഷഡ്പുർ എഫ്.സി-ഹൈദരാബാദ് എഫ്.സി മത്സരമാണ് ഒടുവിൽ മാറ്റിവെച്ചത്. വേണ്ടത്ര കളിക്കാരെ കളത്തിലിറക്കാൻ ജാംഷഡ്പുരിന് സാധിക്കില്ലെന്ന് വൈദ്യസംഘം വിലയിരുത്തിയതിനാലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐ.എസ്.എൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. ജാംഷഡ്പുർ ടീമിലെ രണ്ടു പേർ പോസിറ്റിവായതിനാൽ മിക്ക കളിക്കാരും ഐസൊലേഷനിലായിരിക്കുകയാണ്.
ഞായറാഴ്ചയിലെ കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി, ശനിയാഴ്ചയിലെ എ.ടി.കെ മോഹൻ ബഗാൻ-ബംഗളൂരു എഫ്.സി മത്സരങ്ങളും കോവിഡിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. അതിനുമുമ്പ് എ.ടി.കെ-ഒഡിഷ എഫ്.സി മത്സരവും മാറ്റി. ജാംഷഡ്പുർ, എ.ടി.കെ, എഫ്.സി ഗോവ, ബംഗളൂരു, ഒഡിഷ ടീമുകളിലെ ഒന്നിലധികം കളിക്കാർ പോസിറ്റിവായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബയോ ബബ്ളിനകത്തെ ഹോട്ടൽ ജീവനക്കാർക്ക് കോവിഡായതിനാൽ ഈസ്റ്റ് ബംഗാളിന്റെയും ബ്ലാസ്റ്റേഴ്സിന്റെയും താരങ്ങൾ ഐസൊലേഷനിലാവുകയും ചെയ്തു.
ചുരുങ്ങിയത് 15 കളിക്കാർ ഇല്ലെങ്കിൽ കളി മാറ്റിവെക്കാമെന്ന മാനദണ്ഡമാണ് ഐ.എസ്.എൽ സംഘാടകർ പിന്തുടരുന്നത്. എ.ടി.കെയുടെ രണ്ടു കളികൾ മാറ്റിയപ്പോൾ എല്ലാ ടീമുകളുടെയും കാര്യത്തിൽ ഇത് നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ചില താരങ്ങൾ രംഗത്തെത്തിയിരുന്നു.
അതിനുശേഷമാണ് മറ്റു ടീമുകളുടെ കളികളും മാറ്റിത്തുടങ്ങിയത്. കോവിഡിനെ തുടർന്ന് തുടർച്ചയായ രണ്ടാം സീസണിലും ഹോം ആൻഡ് എവേ മത്സരങ്ങൾ ഒഴിവാക്കി ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് ഐ.എസ്.എൽ നടത്തുന്നത്. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാൻ, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.