ലിസ്ബൻ: കോവിഡ് കാലം കളിമുറ്റംവിട്ടുവെന്ന് പറയാനായില്ലെന്ന സൂചന നൽകി പോർചുഗീസ് പ്രിമീറ ലിഗ മത്സരം. ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബെൻഫിക്കയും അവസാന സ്ഥാനങ്ങളിലുള്ള ബെഫെനൻസസും തമ്മിലെ കളിയാണ് പാതിവഴിയിൽ കോവിഡ് കൊണ്ടുപോയത്.
ബെഫെനൻസസ് ടീമിൽ കഴിഞ്ഞ ദിവസം കൂട്ട കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റിസർവ് ബെഞ്ചുൾപ്പെടെ 17 പേർ പോസിറ്റിവായതോടെ രണ്ട് ഗോൾകീപ്പർമാരെയടക്കം ചേർത്ത് ഒമ്പതുപേരുമായി ടീമിനെ ഇറക്കിയെങ്കിലും പരിക്ക് വലച്ചതോടെ രണ്ടാംപകുതിയിൽ പിന്നെയും എണ്ണം കുറഞ്ഞു. കളിക്കാൻ മൈതാനത്തിറങ്ങിയത് ഏഴുപേർ മാത്രം.
അതിനിടെ ഒരാൾകൂടി പരിക്കുമായി മടങ്ങിയതോടെ മൈതാനത്ത് ആറു പേരായി. ഇതുകണ്ട റഫറി കളി റദ്ദാക്കുകയും ചെയ്തു. എതിരാളികൾ ബെൻഫിക്കയായതിനാൽ കളിയുടെ ഒന്നാം മിനിറ്റിൽ തുടങ്ങി ആദ്യ പകുതി അവസാനിക്കും മുമ്പ് എതിരാളികളുടെ വലയിൽ ഏഴു ഗോളുകൾ അടിച്ചുകയറ്റിയത് മിച്ചം.
ഇത്രയേറെ പേരെ കോവിഡ് ബാധിച്ചിട്ടും കളി നിർത്തിവെക്കാൻ ആവശ്യപ്പെട്ടാൽ പിഴയൊടുക്കേണ്ടിവരുമെന്നതിനാലാണ് അങ്ങനെയൊരു നിർദേശം വെക്കാതിരുന്നതെന്ന് ബെഫെനൻസസ് മാനേജ്മെൻറ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.