ദോഹ: അൽ സദ്ദ് പോലെ ഖത്തറിലെ മറ്റു വമ്പൻ ക്ലബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അൽ ദുഹൈൽ ക്ലബിന് പറയത്തക്ക താരത്തിളക്കമൊന്നുമില്ല. എന്നാൽ, ഖത്തർ സ്റ്റാർസ് ലീഗിലെ ഏറ്റവും താരത്തിളക്കമുള്ള പരിശീലകൻ അവർക്കുണ്ട്. അർജന്റീനയുടെ വിഖ്യാത സ്ട്രൈക്കറായിരുന്ന സാക്ഷാൽ ഹെർനാൻ ക്രെസ്പോ.
ഇന്റർ മിലാൻ, ചെൽസി ഉൾപ്പെടെയുള്ള മുൻനിര ക്ലബുകളുടെയും ഗോളടിവീരനായി പേരെടുത്ത ക്രെസ്പോ, പഴയകാലങ്ങളിലെ താരപ്പൊലിമയെ മാത്രം ആശ്രയിച്ചല്ല മികവുറ്റ പരിശീലകനെന്നതിലേക്ക് വലകുലുക്കുന്നത്. തന്ത്രങ്ങളറിയുന്ന ആശാനായി എല്ലാ അർഥത്തിലും ഈ 47കാരൻ മാറിക്കഴിഞ്ഞു.
കളമറിഞ്ഞുള്ള കണക്കുകൂട്ടലുകളും കുറിക്കുകൊള്ളുന്ന തീരുമാനങ്ങളും പരിശീലകനെന്ന നിലയിൽ ക്രെസ്പോയെ ഉജ്ജ്വലമായിത്തന്നെ അടയാളപ്പെടുത്തുകയാണിപ്പോൾ. ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ദുഹൈൽ ഇപ്പോൾ ഖത്തറിലെ ടോപ് ലീഗായ ക്യു.എൻ.ബി സ്റ്റാർസ് ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.
ഈ സീസണിന്റെ തുടക്കത്തിലാണ് ക്രെസ്പോ ക്ലബിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ലോകകപ്പ് സമയത്തെ ഇടവേളക്കുശേഷം ലീഗിൽ തുടർച്ചയായ ആറു കളികളിൽ തോൽവിയറിയാതെയുള്ള കുതിപ്പാണ് ദുഹൈലിനെ പട്ടികയിൽ നാലു പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.
ഒപ്പം, കഴിഞ്ഞ ദിവസം നാട്ടുകാരായ അൽ റയ്യാനെ തോൽപിച്ച് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി. ഓരോ മത്സരത്തിനുമനുസരിച്ച് തന്ത്രങ്ങൾ മാറ്റിപ്പിടിക്കുകയും കളിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ശൈലിയിൽ പൊടുന്നനെ മാറ്റങ്ങൾ വരുത്തുകയുമൊക്കെ ചെയ്ത് ക്രെസ്പോ തകർപ്പൻ കോച്ചെന്ന പേരു നേടിക്കഴിഞ്ഞു.
ഏതു സാഹചര്യത്തിലും സൈഡ് ലൈനിൽ അക്ഷോഭ്യനായാണ് ക്രെസ്പോ സാഹചര്യങ്ങളെ കൈകാര്യംചെയ്യുന്നത്. ഖത്തർ സ്റ്റാർസ് ലീഗിൽ ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന ബഹുമതിയും ഈ മികവിനുള്ള അംഗീകാരമായി ക്രെസ്പോയെ തേടിയെത്തി.
19 വർഷം നീണ്ട കരിയറിൽ 300ലേറെ ഗോളുകൾ നേടിയ ക്രെസ്പോയുടെ ശിക്ഷണത്തിൽ, അവശ്യസമയത്ത് ഗോളുകളിലേക്ക് വലകുലുക്കാൻ കഴിയുന്നതാണ് ദുഹൈലിന്റെ ശക്തി. ഒപ്പം പ്രതിരോധത്തിലെ മികവും സമന്വയിപ്പിക്കുന്നതാണ് ക്രെസ്പോയുടെ ശൈലി.
പല മത്സരങ്ങളിലും പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി ദുഹൈൽ ആധികാരിക ജയം കുറിച്ചതും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. താരങ്ങളെ കൃത്യമായി ഉപയോഗിക്കാനുള്ള മിടുക്കും വേറിട്ടുനിൽക്കുന്നു. വമ്പൻ യൂറോപ്യൻ ടീമുകൾ പലതും അർജന്റീനയുടെ എക്കാലത്തെയും മികച്ച നാലാമത്തെ ഗോളടിവീരനെ തങ്ങളുടെ പരിശീലകപദവിയിലേക്ക് നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡീഗോ സിമിയോണി, ലയണൽ സ്കലോണി എന്നിവർക്കുശേഷം സൂപ്പർ കോച്ചെന്ന പരിവേഷത്തിലേക്ക് കുതിക്കുന്ന മൂന്നാമത്തെ അർജന്റീന താരമാവുകയാണ് ക്രെസ്പോ. കരിയറിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച പാർമയുടെ പരിശീലകനായാണ് 2014ൽ ക്രെസ്പോ കോച്ചിങ് കരിയറിന് തുടക്കമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.