യൂറോപ്യൻ ഫുട്ബാളിൽ അമേരിക്കൻ താരങ്ങളോട് വിവേചനമുണ്ടെന്ന് യു.എസ് ടീമിന്റെ നായകനും ടീമിലെ പ്രധാന താരവുമായ ക്രിസ്റ്റ്യൻ പുലിസിച്ച്. കഴിഞ്ഞ ഒമ്പത് വർഷത്തോളം യൂറോപ്യൻ ക്ലബുകളിലെ സ്ഥിരം സാന്നിധ്യമാണ് താരം.
2015ൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലെത്തിയ താരം പിന്നീട് പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടിയും സീരി എയിൽ എ.സി മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. മൂന്ന് ടോപ് ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടും യൂറോപ്പിലെ തന്റെ യാത്ര അത്ര സുഖകരമല്ലെന്നാണ് പുലിസിച്ച് വ്യക്തമാക്കുന്നത്.
തുടക്കകാലത്ത് ടീമിലെ മറ്റ് താരങ്ങൾ തന്നോട് വിവേചനം കാണിച്ചിട്ടുണ്ടെന്നും എന്നാൽ, താൻ ശക്തമായ മാനസികാവസ്ഥയിലൂടെ മുന്നോട്ട് പോകുകയായിരുന്നുവെന്നും പുലിസിച്ച് പറഞ്ഞു. 'സി.ബി.എസ് മോണിങ്ങിനോട്' സംസാരിക്കുകയായിരുന്നു താരം. സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
'ഞാൻ കഴിഞ്ഞ പത്ത് വർഷമായി യൂറോപ്പിൽ കളിക്കുന്നുണ്ട്. തുടക്കകാലത്ത് ഇവിടെ കഠിനമായിരുന്നു. 'ഈ അമേരിക്കക്കാരൻ എന്റെ സ്ഥാനത്ത് വന്നിരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന്' ആളുകൾ പറയുമായിരുന്നു. നമ്മൾ ശക്തമായ ഒരു മനോനിലയുറപ്പിച്ചുകൊണ്ടുവേണം മുന്നോട്ട് പോകാൻ. സ്ലാറ്റനെ പോലെ, എനിക്ക് അങ്ങനെയൊരു കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആൾക്കാർ എന്ത് കരുതുന്നു എന്ന് കാര്യമാക്കാതെ എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്ന് കാണിച്ചുകൊടുത്തു,' പുലിസിച്ച് പറഞ്ഞു.
എ.സി മിലാനിൽ എത്തിയപ്പോൾ ഉണ്ടായിരുന്ന ഭാഷ പ്രശ്നത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ട്രെയിനിങ്ങിന് പോകുമ്പോൾ കോച്ച് ഇറ്റാലിയൻ ഭാഷയിൽ എന്തൊക്കെയോ പറയുന്നത് കാണാം. എനിക്ക് ഒന്നും മനസിലാകാറില്ല,' പുലിസിച്ച് പറഞ്ഞു. ആദ്യ സീസണിൽ എ.സി. മിലാന് വേണ്ടി 15 ഗോളും 11 അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.