ക്രിസ്റ്റ്യാനോ ഫോണ്‍ എറിഞ്ഞ് തകര്‍ത്തു! മെസ്സി സെല്‍ഫിയെടുത്തു!! ആരാണ് മാന്‍ ഓഫ് ദ പിപ്പീള്‍?

ഞായറാഴ്ച തെല്‍ അവീവില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നാന്റെസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്മാരായപ്പോള്‍ വിമര്‍ശകര്‍ ഒന്നടങ്ങി. ക്ലബ് ആരാധകര്‍ മെസ്സിയുടെ ഓരോ നീക്കങ്ങള്‍ക്കും ഹര്‍ഷാരവം മുഴക്കി. രണ്ട് ഗോളുകള്‍ നേടിയ ബ്രസീല്‍ താരം നെയ്മറിനും കിട്ടി കൈയടി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റപ്പോള്‍ കൂക്കിവിളിച്ച അതേ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന കാഴ്ച.

പ്രീ സീസണ്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടാന്‍ സാധിച്ചത് മെസ്സിക്കും നെയ്മറിനും കുറച്ചൊന്നുമല്ല ആത്മവിശ്വാസമേകിയത്. പി.എസ്.ജിയുടെ ആരാധകര്‍ മത്സരശേഷം മെസ്സിയെ ഒന്ന് തൊടാന്‍ കാത്തുനിന്നു. കനത്ത സുരക്ഷക്കിടയിലും, അതെല്ലാം ഭേദിച്ച് ഒരു ബാലന്‍ മെസ്സിയുടെ അരികിലേക്ക് ഓടിയെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആ ബാലന്‍ മെസ്സിയെ തൊടുംമുമ്പ് ചാടി വീണ് പിടിച്ചു. അര്‍ജന്റൈന്‍ താരം ആ കാഴ്ച കുറച്ചുനേരം കണ്ടുനിന്നു. ബാലനെ തന്റെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ അനുവദിച്ച മെസ്സി തന്റെ മനസ്സ് ഏറെ ശാന്തവും ആഹ്ലാദഭരിതവുമാണെന്ന സൂചന നല്‍കി.

മെസ്സിയുടെ ഈ പെരുമാറ്റം ലോകവ്യാപക പ്രശംസക്കിടയാക്കിയിരിക്കുകയാണ്. മെസ്സി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ഈ വിഡിയോ പങ്കുവെച്ചു. ആരാണ് ഗോട്ട് എന്ന സംവാദത്തില്‍ മെസ്സിയുടെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ അവസരത്തില്‍ താഴ്ത്തിക്കെട്ടാനും സോഷ്യല്‍ മീഡിയയില്‍ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റ മത്സരത്തില്‍ സെല്‍ഫിയെടുക്കാന്‍ വന്ന ബാലനോട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ രൂക്ഷമായി പെരുമാറിയത് മെസ്സി ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. അന്ന് ജോണ്‍സ് എന്ന ബാലന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ത്താണ് ക്രിസ്റ്റ്യാനോ തോല്‍വിയിലുണ്ടായ നിരാശയും ഈര്‍ഷ്യയും തീര്‍ത്തതെന്ന് ട്വിറ്ററില്‍ മെസ്സി ആരാധകര്‍ ഓര്‍പ്പെടുത്തുന്നു.

ഒരേയൊരു ഗോട്ട്, അത് മെസ്സിയാണെന്നും മാന്‍ ഓഫ് ദ പിപ്പീള്‍ എന്നും അദ്ദേഹമാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

ബാഴ്‌സലോണയില്‍നിന്ന് പി.എസ്.ജിയിലെത്തിയ ശേഷം മെസ്സി നേടുന്ന രണ്ടാമത്തെ കിരീട വിജയമാണിത്. ഏഴ് തവണ ബാലണ്‍ദ്യോര്‍ ജേതാവായ താരത്തിന്റെ നാല്‍പ്പത്തൊന്നാം കിരീട വിജയമായിരുന്നു ടെല്‍ അവീവില്‍.

ഫിഫ ഖത്തര്‍ ലോകകപ്പ് നേടുകയാണ് മെസ്സിയുടെ ലക്ഷ്യം. കോപ അമേരിക്ക അര്‍ജന്റീനക്ക് നേടിക്കൊടുത്ത മെസ്സിക്ക് മറഡോണയെ പോലെ രാജ്യത്തിന്റെ ഇതിഹാസമാകാന്‍ ലോകകപ്പ് ഷോകേസിലെത്തിക്കേണ്ടതുണ്ട്. ബാഴ്‌സലോണക്കൊപ്പം സ്പാനിഷ് ലാ ലീഗയും സ്പാനിഷ് കപ്പും ലോക ക്ലബ് കിരീടവും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയ മെസ്സി ലോകകപ്പ് ഉയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് ഫുട്‌ബാള്‍ ലോകം.

Tags:    
News Summary - Cristiano or Messi, who is the man of the people?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.