യൂട്യൂബിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവ ബഹുലമായ മണിക്കൂറുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ദിനംപ്രതി ചാനൽ തുടങ്ങുകയും പണം വാരുകയും ചെയ്യുന്ന യൂട്യൂബ് പ്ലാറ്റ് ഫോം ഒരാൾ അകൗണ്ട് തുടങ്ങിയതിന്റെ പേരിൽ ആദ്യമായി ഞെട്ടുന്നത് ഒരു പക്ഷേ ഇന്നലെ ആയിരിക്കാം.
ചാനൽ തുടങ്ങുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. മണിക്കൂറുകൾ കൊണ്ട് കോടാനകോടി മനുഷ്യർ ചാനലിനെ പിന്തുടരുകയും ചെയ്യുന്നു. യൂട്യൂബിലെ ഇന്നോളമുള്ള സകല റെക്കോഡുകളും തകർത്ത് മുന്നേറുന്ന താരം ആരന്നറിഞ്ഞാൽ അതിൽ ഒരു അത്ഭുതവും തോന്നേണ്ടതില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആ ഒരറ്റ പേരുമതി സകല ആശ്ചര്യങ്ങളും ആവിയാവാൻ. ആധുനിക ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളായ സി.ആർ-7 എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ക്രിസ്റ്റ്യോനോ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോഴ്സുള്ളയാളാണ്.
ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് ചാനൽ തുടങ്ങുന്നത് പ്രഖ്യാപിക്കുന്നത്. ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രേബേഴ്സിലെത്തിയ താരം ഒരുകോടിയിലെത്തിയത്(10 മില്യൺ) 10 മണിക്കൂറുകൾ കൊണ്ടാണ്. യൂട്യൂബിൽ അതിവേഗതയിൽ 10 മില്യൺ പിന്നിട്ട റെക്കോഡ് മിസ്റ്റർ ബീസ്റ്റിന്റെ പേരിലായിരുന്നു. 132 ദിവസം കൊണ്ടാണ് യൂട്യൂബിലെ ഒന്നാം നമ്പറുകരാനായ മിസ്റ്റർ ബീസ്റ്റ് 10 മില്യൺ തൊട്ട് ഡയമണ്ട് പ്ലേ ബട്ടൺ സ്വന്തമാക്കിയത്.
എന്നാൽ ആ റെക്കോഡ് തകർന്നത് മണിക്കൂറുകൾക്ക് മുൻപാണ്. ചാനൽ തുടങ്ങി വെറും 10 മണിക്കൂറുകൾ കൊണ്ടാണ് 10 മില്യൺ പിന്നിട്ടത്. 16 മണിക്കൂറ് മുൻപ് തുടങ്ങിയ ചാനൽ 13.3 മില്യൺ പേർ ഇതിനോടകം പിന്തുടരുന്നുണ്ട്. സെക്കൻഡുകൾക്കൊണ്ടാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം മാറിമറിയുന്നത്. 19 വിഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നര മണിക്കൂറുകൾ കൊണ്ട് ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് എത്തിയതോടെ ലഭിച്ച യൂട്യൂബ് ഗോൾഡൻ പ്ലേ ബട്ടൺ താരവും കുടുംബവും ചേർന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം 10 മില്യൺ കടന്നതോടെ ഡയമണ്ട് ബട്ടണിനും അർഹനായി. ഇനി താരത്തെ കാത്തിരിക്കുന്നത് 50 മില്യണിലെത്തിയാൽ കസ്റ്റം ക്രിയേറ്റർ അവാർഡും 100 മില്യണിലെത്തിയാൽ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡും കാത്തിരിക്കുന്നുണ്ട്. മാത്രമല്ല, യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ സബ്സ്ക്രൈബ് ചെയ്ത ചാനലായ മിസ്റ്റർ ബീസ്റ്റിനെ (311 മില്യൺ) മറികടക്കാനാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.