ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ

റൊണാൾഡോക്ക് ഇരട്ട ഗോൾ; പോളണ്ടിനെ 5-1ന് തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ക്വാർട്ടറിൽ

ലിസ്ബൺ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ പോളണ്ടിനെ 5-1ന് തകർത്ത് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ‍ഫൈനലിൽ. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ആറു ഗോളുകളും പിറന്നത്. 72, (പെനൽറ്റി), 87 മിനിറ്റുകളിലായാണ് റൊണാൾഡോ ഇരട്ടഗോൾ നേടിയത്. റാഫേൽ ലിയോ (59), ബ്രൂണോ ഫെർണാണ്ടസ് (80), പെഡ്രോ നെറ്റോ (83) എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് ഗോൾ സ്കോറർമാർ. 88-ാം മിനിറ്റിൽ ഡൊമിനിക് മർസൂകാണ് പോളണ്ടിന്റെ ആശ്വാസഗോൾ നേടിയത്. ഇരട്ട ഗോളോടെ, അഞ്ച് നേഷൻസ് ലീഗ് മത്സരങ്ങളിൽനിന്ന് റോണോയുടെ സമ്പാദ്യം അഞ്ച് ഗോളുകളായി.

നേരത്തേ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച സ്പെയിൻ, കരുത്തരായ ഡെൻമാർക്കിനെ 2–1ന് തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. മൈക്കൽ ഒയാർസബാലും ആയോസ് പെരെസും മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് സ്പെയിൻ ഡെൻമാർക്കിനെ തകർത്തത്. 15–ാം മിനിറ്റിലാണ് ഒയാർസബാലിലൂടെ സ്പെയിൻ ലീഡെടുത്തത്. 58–ാം മിനിറ്റിൽ പെരെസ് ലീഡ് വർധിപ്പിച്ചു. ഡെൻമാർക്കിന്റെ ആശ്വാസഗോൾ 84–ാം മിനിറ്റിൽ ഗുസ്താവ് ഇസാക്സൻ നേടി.

കരുത്തരായ ക്രൊയേഷ്യയെ സ്കോട്‌ലൻഡ് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കോട്‌ലൻഡിന്റെ വിജയം. രണ്ടാം മഞ്ഞക്കാർഡ് കണ്ട പീറ്റർ സൂക്കിച് 43–ാം മിനിറ്റിൽ പുറത്തുപോയതാണ് സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ ക്രൊയേഷ്യക്ക് വിനയായത്. രണ്ടാം പകുതി പൂർണമായും 10 പേരുമായി പൊരുതിനിന്ന ക്രൊയേഷ്യയെ, 86–ാം മിനിറ്റിൽ ജോൺ മക്ഗിൻ നേടിയ ഗോളിലാണ് സ്കോട്‌ലൻഡ‍് വീഴ്ത്തിയത്.

സെർബിയ – സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ (1–1) അവസാനിച്ചതോടെ സ്പെയിൻ യോഗ്യത നേടിയ ഗ്രൂപ്പിൽനിന്ന് ഇനി ആരു കടക്കുമെന്ന് അറിയാൻ കാത്തിരിക്കണം. മറ്റു മത്സരങ്ങളിൽ സൈപ്രസ് ലിത്വാനിയയെയും (2–1), നോർത്തേൺ അയർലൻഡ് ബെലാറൂസിനെയും (2–0), ബൾഗേറിയ ലക്സംബർഗിനെയും (1–0) തോൽപ്പിച്ചു. റൊമാനിയ – കൊസോവോ മത്സരവും (0–0), സാൻ മരീനോ – ജിബ്രാൾട്ടർ മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.

Tags:    
News Summary - Cristiano Ronaldo nets stunning bicycle kick goal as Portugal rout Poland 5-1 in Nations League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.