യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനെത്തിയപ്പോൾ മേശപ്പുറത്തുനിന്ന് കൊക്കോകോള കുപ്പികൾ നീക്കിയ പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യനോ റൊണാൾഡോയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.
അപ്രതീക്ഷിത നീക്കത്തിലൂടെ ആഗോളഭീമനെ ഞെട്ടിച്ച റൊണാൾഡോ കൊക്കോകോളയുടെ 50 ലക്ഷം ഡോളറിന്‍റെ (ഏകദേശം 29,335 കോടി രൂപ) വിപണിമൂല്യം നഷ്ടപ്പെടുത്തിയതായാണ് കണക്ക്. കോളക്കുപ്പി മാറ്റിയ ശേഷം കുടിവെള്ളക്കുപ്പി ഉയർത്തിക്കാട്ടിയ റൊണാൾഡോയെ വാഴ്ത്തിയും പിന്തുണച്ചും ലക്ഷക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്.
റൊണാൾഡോയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. അദ്ദേഹത്തിന്‍റെ നടപടി ഇരട്ടത്താപ്പാണെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഒരു വിഭാഗം വിമർശനമുയർത്തുന്നത്. റൊണാൾഡോ പണ്ട് കോക്കകോളയുടെ പരസ്യത്തിൽ അഭിനയിച്ചതാണ് ഇതിന് തെളിവായി അവർ ഉയർത്തിക്കാട്ടുന്നത്. 2006ലെ ഈ വീഡിയോ കുത്തിപ്പൊക്കി ഒരുവിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്താണ് ഈ പരസ്യത്തിൽ അഭിനയിച്ചത്.
മകൻ കൊക്കകോള കുടിക്കുന്നതും ചിപ്സ് കഴിക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്ന് മുമ്പ് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. മകന്‍റെ നന്മയെ കരുതി ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോപിക്കപ്പെടുന്ന കാർബണേറ്റഡ് ഡ്രിങ്കുകൾക്കെതിരെ റൊണാൾഡോ നടത്തുന്ന പോരാട്ടം ലോകമാകെയുള്ള കുട്ടികൾക്കു വേണ്ടിയാണെന്നാണ് ഒരുവിഭാഗമാളുകൾ വാദിക്കുന്നത്.
അതേസമയം, മുൻകാലത്തു പണത്തിനുവേണ്ടി കൊക്കകോളയുടെയും കെ.എഫ്.സിയുടെയുമൊക്കെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച റൊണാൾഡോ ഇപ്പോൾ അതിനെ തള്ളിപ്പറയുന്നതിനു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്. സിആർ7 എന്ന സ്വന്തം ബ്രാൻഡിൽ പല ഉൽപന്നങ്ങളും ഇപ്പോൾ റൊണാൾഡോ പുറത്തിറക്കുന്നുണ്ട്. ഈ കമ്പനിക്ക് ഭാവിയിൽ 'സിആർ7 ഡ്രിങ്ക്സ്' പുറത്തിറക്കാൻ പരിപാടിയുണ്ടെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.