മാഞ്ചസ്റ്റർ: ചെമ്പട്ടുവിരിച്ച ഓൾഡ് ട്രാഫോഡ് മൈതാനത്തേയും ഭൂഗോളത്തുള്ള കാൽപന്ത് ആരാധകരെയും ഉന്മാദത്തിലാറാടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജകീയ മടങ്ങിവരവ്. 12 വർഷങ്ങൾക്കും 124 ദിവസങ്ങൾക്കുമപ്പുറം ചെങ്കുപ്പായത്തിൽ റൊണാൾഡോയുടെ കാലുകൾ വീണ്ടും ഗോൾ ചുരത്തിയപ്പോൾ സ്വന്തം മൈതാനത്ത് യുനൈറ്റഡിന് ആവേശ ജയം.
ന്യൂകാസിൽ യുനൈറ്റഡിനെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്. ഇരട്ടഗോളുകളുമായി റൊണാൾഡോ മത്സരം സ്വന്തം പേരിലെഴുതിയപ്പോൾ പോർച്ചുഗീസുകാരൻ തന്നെയായ ബ്രൂണോ ഫെർണാണ്ടസ് മൂന്നാംഗോൾ നേടി ടീമിന്‍റെ വിജയമുറപ്പിച്ചു. മത്സരം അവസാനിക്കാനിരിക്കേ ജെസ്സി ലിങ്ഗാൾഡിന്‍റെ വകയായിരുന്നു നാലാംഗോൾ.
തുടക്കത്തിലെ ഇടർച്ചക്ക് ശേഷം താളം വീണ്ടെടുത്തതോടെ സാക്ഷാൽ റൊണാൾഡോയെ മൈതാനം പലകുറി കണ്ടു. മേസൺ ഗ്രീൻവുഡ് കഠിന പരിശ്രമത്തിനൊടുവിൽ തൊടുത്ത ഷോട്ട് ഗോളിയുടെ കൈകളിൽ തട്ടി തിരിച്ചെത്തിയപ്പോൾ വലയിലേക്ക് തിരിച്ചുവിേടണ്ട ജോലിയേ റൊണാൾഡോക്കുണ്ടായിരുന്നുള്ളൂ. റൊണാൾഡോയുടെ സ്വപ്നതുല്യമായ തുടക്കത്തിന്‍റെ മധുരത്തിലാണ് യുനൈറ്റഡ് ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാംപകുതിയുടെ 56ാം മിനിറ്റിൽ ജാവിയർ മാൻകില്ലോയുടെ ഗോളിൽ ന്യൂകാസിൽ ആതിഥേയരെ ഞെട്ടിച്ചു. 62ാം മിനിറ്റിലായിരുന്നു തന്‍റെ അത്ലറ്റിസം റൊണാൾഡോ പുറത്തെടുത്തത്. ലൂക്ഷാ നീട്ടിക്കൊടുത്ത പന്തുമായി ഒറ്റക്ക് പാഞ്ഞുകയറിയ റൊണാൾഡോ അനായാസം രണ്ടാംഗോൾ കുറിക്കുേമ്പാൾ ഗാലറി ആരവങ്ങളിലാറാടി. ഈ പ്രായത്തിൽ പ്രീമിയർലീഗിന്‍റെ വേഗത്തിനൊപ്പമെത്തുമോ എന്ന ആശങ്കക്കുള്ള റൊണാൾഡോയുടെ മറുപടി കൂടിയായിരുന്നു അത്. 80ാം മിനിറ്റിൽ ബ്രൂണോയുടെ റോക്കറ്റ് ഗോളും പിറന്നതോടെ യുനൈറ്റഡ് വിജയമുറപ്പിച്ചു. നാലുമത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയന്‍റുമായി യുനൈറ്റഡ് ലീഗിൽ ഒന്നാംസ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.