ലണ്ടൻ: ആദ്യം ലീഡ് വഴങ്ങുക, പിന്നാലെ സമനില. കളി തീരാൻ ഒരു മിനിറ്റ് ബാക്കിയിരിക്കെ ലീഡ് നേടി, ഇഞ്ച്വറി സമയത്ത് പെനാൽറ്റി വഴങ്ങുക, ഒടുവിൽ ആ പെനാൽറ്റിയിൽ ഗോൾ വഴങ്ങാതെ ജയിച്ചുകയറുക... ആദ്യന്തം നാടകീയമായ മത്സരത്തിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ 2-1ന് കീഴടക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനൊപ്പം തലപ്പത്തേക്കു കയറി.
89ാം മിനിറ്റുവരെ 1-1ന് സമനിലയിലായിരുന്ന കളിയിൽ അവസാന നിമിഷങ്ങളിലാണ് ഉദ്വേഗജനകമായ രംഗങ്ങൾ അരങ്ങേറിയത്. യുനൈറ്റഡിൽ അവസരം കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ സീസണിൽ വെസ്റ്റ്ഹാമിൽ വായ്പക്ക് കളിച്ച് തിരിച്ചെത്തിയ ജെസെ ലിൻഗാഡ് ആണ് മനോഹരമായ ഗോളുമായി യുനൈറ്റഡിനെ വിജയത്തിെൻറ വക്കിലെത്തിച്ചത്.
എന്നാൽ, നിമിഷങ്ങൾക്കകം പെനാൽറ്റി ബോക്സിൽ ലൂക് ഷാ പന്ത് 'കൈകാര്യം' ചെയ്തതിന് വെസ്റ്റ്ഹാമിന് പെനാൽറ്റി. കിക്ക് എടുക്കാനെത്തിയത് അതുവരെ ഗ്രൗണ്ടിലില്ലാതിരുന്ന വെറ്ററൻ താരം മാർക് നോബിൾസ്.
പെനാൽറ്റി ലഭിച്ചപ്പോഴാണ് മുൻ യുനൈറ്റഡ് കോച്ച് കൂടിയായ വെസ്റ്റ്ഹാം പരിശീലകൻ ഡേവിഡ് മോയിസ് പെനാൽറ്റി സ്പെഷലിസ്റ്റായ നോബിൾസിനെ ഇറക്കിയത്. നോബിൾസിെൻറ കിക്ക് പക്ഷേ ഇടത്തേക്ക് പറന്ന യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹയ തട്ടിയകറ്റി. ഫലം, യുനൈറ്റഡിന് ജയം.
നേരത്തേ 30ാം മിനിറ്റിൽ ബിൻ റഹ്മയുടെ ഡിഫ്ലക്റ്റഡ് ഗോളിൽ മുന്നിൽ കടന്ന വെസ്റ്റ്ഹാമിനെ തുടർച്ചയായ മൂന്നാം കളിയിലും സ്കോർ ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലാണ് യുനൈറ്റഡ് ഒപ്പം പിടിച്ചത്.
കരുത്തരായ ലെസ്റ്റർ സിറ്റിയെ ബ്രൈറ്റൺ 2-1ന് വീഴ്ത്തി. ബ്രൈറ്റണിനായി നീൽ മോപെയും ഡാനി വെൽബക്കും സ്കോർ ചെയ്തപ്പോൾ ലെസ്റ്ററിെൻറ ഗോൾ ജാമി വാർഡിയുടെ വകയായിരുന്നു. അഞ്ചു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയൻറുമായി ലിവർപൂളും യുനൈറ്റഡുമാണ് മുന്നിൽ. ഗോൾശരാശരിയുടെ മുൻതൂക്കത്തിൽ ലിവർപൂളാണ് ഒന്നാമത്. ബ്രൈറ്റൺ 12 പോയൻറുമായി മൂന്നാമതുണ്ട്.
മിലാൻ: ഇറ്റാലിയൻ സീരി എയിൽ നിലവിലെ ജേതാക്കളായ ഇൻറർ മിലാെൻറ ആറാട്ട്. ബൊളോണയെ 6-1നാണ് സിമോൺ ഇൻസാഗിയുടെ ടീം തരിപ്പണമാക്കിയത്. എഡിൻ ചെക്കോ രണ്ടു ഗോളുമായി തിളങ്ങിയപ്പോൾ ലൗതാറോ മാർട്ടിനെസ്, മിലാൻ സ്ക്രിന്നിയർ, നികോള ബരേല, മറ്റിയാസ് വെസിനോ എന്നിവർ ഓരോ ഗോൾ വീതമടിച്ചു. ആർതർ തിയറ്റെയുടെ വകയായിരുന്നു ബൊളോണയുടെ ഏക ഗോൾ.
ഫിയറൻറീന 2-1ന് ജെനോവയെയും ടൊറീനോ 1-0ത്തിന് സസൗളോയെയും സാംപ്ദോറിയ 3-0ത്തിന് എംപോളിയെയും അത്ലാൻറ 1-0ത്തിന് സലെർനിറ്റാനയെയും തോൽപിച്ചു. നാലു കളികളിൽ 10 പോയൻറുമായി ഇൻറർതന്നെയാണ് മുന്നിൽ.
ബർലിൻ: ജർമൻ ബുണ്ടസ് ലീഗയിൽ ബയർ ലെവർകൂസന് ജയം. 3-1ന് സ്റ്റുട്ട്ഗർട്ടിനെയാണ് തോൽപിച്ചത്. റോബർട്ട് ആൻറിച്, പാട്രിക് ഷിക്, ഫ്ലോറിയൻ വിട്സ് എന്നിവർ ബയർ ലെവർകൂസനുവേണ്ടി സ്കോർ ചെയ്തപ്പോൾ ഒറെൽ മംഗല സ്റ്റുട്ട്ഗർട്ടിെൻറ ആശ്വാസ ഗോൾ നേടി. കൊളോണും ആർ.ബി ലൈപ്സിഷും തമ്മിലുള്ള മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
മഡ്രിഡ്: കൊളംബിയയുടെ വെറ്ററൻ സ്ട്രൈക്കർ റഡമൽ ഫാൽകാവോക്ക് ലാ ലിഗയിലേക്ക് ഗോളോടെ തിരിച്ചുവരവ്. മുൻ അത്ലറ്റികോ മഡ്രിഡ് താരമായ ഫാൽകാവോ എട്ടു സീസണിനുശേഷമാണ് ലാ ലിഗയിൽ തിരിച്ചെത്തുന്നത്. ഫ്രീ ഏജൻറായി റയോ വയ്യെകാനോയിലെത്തിയ 35കാരൻ പകരക്കാരനായി ഇറങ്ങി ഗെറ്റാഫെക്കെതിരായ ടീമിെൻറ 3-0 ജയത്തിൽ പങ്കുവഹിച്ചു.
കരുത്തരായ അത്ലറ്റികോ മഡ്രിഡിനെ അത്ലറ്റിക് ബിൽബാവോ ഗോൾരഹിത സമനിലയിൽ തളച്ചപ്പോൾ എൽകെ-ലെവെൻറ കളി 1-1ന് സമനിലയിൽ പിരിഞ്ഞു. കാഡിസ് 2-1ന് സെൽറ്റ വിഗോയെയും ഒസാസുന 2-0ത്തിന് ഡിപോർട്ടീവോ അലാവെസിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.