ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിൽ നിന്നേറ്റ നാണംകെട്ട തോൽവിയിൽ നിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് അത്യുജ്വലമായി തിരിച്ചുവന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളും അസിസ്റ്റുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ചുവന്ന ചെകുത്താൻമാർ ടോട്ടൻഹാം ഹോട്സ്പറിനെ 3-0ത്തിന് തോൽപിച്ചു. വിജയം പരിശീലക സ്ഥാനം തുലാസിലായിരുന്ന യുനൈറ്റഡ് കോച്ച് ഒലെ ഗുണാർ സോൾഷ്യറിന് വലിയ ആശ്വാസമായി.
39ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അത്യുഗ്രൻ പാസ് വലങ്കാലൻ വോളിയിലൂടെ ഹ്യൂഗോ ലോറിസിനെ കീഴടക്കി വലയിലാക്കി റോണോയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. 64ാം മിനിറ്റിൽ എഡിൻസൻ കവാനി ലീഡ് ഇരട്ടിയാക്കി. റൊണാൾഡോയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 86ാം മിനറ്റിൽ യുവതാരം റാഷ്ഫോഡ് പട്ടിക പൂർത്തിയാക്കി.
സ്പർസിനെതിരായ വിജയം കഴിഞ്ഞ ആഴ്ച ലിവർപൂളിൽ നിന്നേറ്റ 5-0ത്തിന്റെ വമ്പൻ തോൽവിയുടെ നിരാശ അൽപം കുറക്കാനായി. സെപ്റ്റംബർ 19ന് ശേഷം ലീഗിൽ യുനൈറ്റഡിന്റെ ആദ്യ വിജയമാണിത്.
ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. 15 പോയിന്റുമായി സ്പർസ് എട്ടാമതാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്ക് സമ്മിശ്ര വികാരങ്ങളുടെ ദിനമായിരുന്നു ശനിയാഴ്ച. മുമ്പന്മാരായ ചെൽസി വിജയവുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി തോൽവി ഏറ്റുവാങ്ങി. കരുത്തരായ ലിവർപൂൾ സമനില വഴങ്ങുകയും ചെയ്തു. മോശം തുടക്കത്തിനുശേഷം ടോപ് ഫൈവിലേക്ക് തിരിച്ചെത്തിയ ആഴ്സനലും ജയം കണ്ടെത്തി.
ചെൽസി 3-0ത്തിന് ന്യൂകാസിലിനെയാണ് തകർത്ത്. റീസ് ജെയിംസ് രണ്ടു ഗോൾ നേടിയപ്പോൾ ജോർജീന്യോ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടു. 10 കളകികളിൽ 25 പോയൻറാണ് ചെൽസിക്ക്. 22 പോയൻറുമായി രണ്ടാമതുള്ള ലിവർപൂൾ ബ്രൈറ്റണിനോട് 2-2നാണ് സമനില വഴങ്ങിയത്. ജോർഡൻ ഹെൻഡേഴ്സൺ, സാദിയോ മാനെ എന്നിവരിലൂടെ 2-0ത്തിന് മുന്നിലെത്തിയശേഷമായിരുന്നു ലിവർപൂൾ സമനിലയിൽ കുടുങ്ങിയത്. എനോക് മുവേപു, ലിയാൻഡ്രോ ട്രൊസാർഡ് എന്നിവരിലൂടെയായിരുന്നു ബ്രൈറ്റണിെൻറ തിരിച്ചുവരവ്.
20 പോയൻറുമായി മൂന്നാമതുള്ള സിറ്റി ക്രിസ്റ്റൽ പാലസിനോട് 2-0ത്തിനാണ് തോറ്റത്. വിൽഫ്രഡ് സാഹ, കോണോർ ഗാല്ലഗർ എന്നിവരായിരുന്നു പാലസിെൻറ സ്കോറർമാർ. ഡിഫൻഡർ അയ്മറിക് ലാപോർട്ടെ ആദ്യപകുതിയുടെ അവസാനം ചുവപ്പുകാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി. ലെസ്റ്റർ സിറ്റിയെ 2-0ത്തിന് കീഴടക്കിയ ആഴ്സനൽ 17 പോയൻറുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു. ഗബ്രിയേൽ, എമിൽ സ്മിത്ത് റോവ് എന്നിവരുടെ ഗോളിലാണ് ഗണ്ണേഴ്സ് ലെസ്റ്ററിെൻറ കഥ കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.