റിയാദ്: സൗദി പ്രോ ലീഗിലെ ആവേശപോരിൽ കരുത്തരായ അൽ ഇത്തിഹാദിനു മുന്നിൽ അൽ നസറിന് ഒരിക്കൽ കൂടി കാലിടറി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് റിയാദ് ക്ലബിന്‍റെ തോൽവി. ടീമിന്‍റെ കിരീട സാധ്യത ഇത്തവണയും മങ്ങി.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയും വലകുലുക്കി. ഇൻജുറി ടൈമിൽ ഡച്ച് താരം സ്റ്റീവൻ ബെർഗ്വിനാണ് ഇത്തിഹാദിന്‍റെ വിജയഗോൾ നേടിയത്. ജയത്തോടെ ഒന്നാമതുള്ള ഇത്തിഹാദ് ലീഡ് ഉയർത്തി. രണ്ടാമതുള്ള അൽ ഹിലാലിനേക്കാൾ അഞ്ചു പോയന്‍റിന്‍റെ ലീഡായി. നാലാം സ്ഥാനത്തുള്ള നസറിന് 25 പോയന്‍റും. ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിൽ, മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.
മത്സരത്തിന്‍റെ 55ാം മിനിറ്റിൽ മുൻ ഫ്രഞ്ച് താരം കരീം ബെൻസേമയിലൂടെ ഇത്തിഹാദാണ് ആദ്യം ലീഡെടുത്തത്. ലീഗിൽ താരത്തിന്‍റെ പത്താം ഗോളാണിത്. രണ്ടു മിനിറ്റിനുള്ളിൽ ക്ലോസ് റേഞ്ച് ഗോളിലൂടെ ക്രിസ്റ്റ്യാനോ നസറിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മത്സരം സമനിലയിൽ പിരിയുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ (90+1) മുൻ ടോട്ടൻഹാം ഹോട്സ്പർ മുന്നേറ്റതാരം സ്റ്റീവൻ ബെർഗ്വിൻ നാടകീയമായി ഇത്തിഹാദിന്‍റെ വിജയഗോൾ നേടുന്നത്.
മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ നസർ മുന്നിട്ടുനിന്നെങ്കിലു ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തതിൽ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. 13 മത്സരങ്ങളിൽനിന്ന് 36 പോയന്‍റുമാണ് ഇത്തിഹാദ് ഒന്നാമത് തുടരുന്നത്. ഹിലാലിന് 12 മത്സരങ്ങളിൽനിന്ന് 31 പോയന്‍റും. ഇത്തിഹാദിന്‍റെ അടുത്ത മത്സരം കിങ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഹിലാലിനെതിരെയാണ്. ക്രിസ്മസ് അവധിക്കുശേഷം പുതുവർഷത്തിൽ ജനുവരി ഒമ്പതിന് അൽ അഖൂദുമായാണ് അൽ നസറിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.