ലണ്ടൻ: ശതകോടികൾ ചെലവിട്ട് വമ്പൻ സ്രാവുകളെ ടീമിലെത്തിച്ചിട്ടും ഗുണം പിടിക്കാതെ നീലക്കുപ്പായക്കാർ. ക്രിസ്റ്റൽ പാലസാണ് കരുത്തരായ ചെൽസിയെ 1-1ന് പിടിച്ചുകെട്ടിയത്. ഇതോടെ, പ്രീമിയർ ലീഗിൽ മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ ടീമിന് ജയം ഒന്നിലൊതുങ്ങി.
29 കോടി ഡോളർ (ഏകദേശം 2400 കോടിയിലേറെ രൂപ) മുടക്കി 12 പേരെയാണ് പുതിയ സീസണിൽ സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിച്ചിരുന്നത്. എന്നാൽ, അവരിൽ പെഡ്രോ നെറ്റോ മാത്രമാണ് പാലസിനെതിരെ ഇറങ്ങിയത്. 25ാം മിനിറ്റിൽ കോൾ പാമറുടെ പാസിൽ നികൊളാസ് ജാക്സൺ ചെൽസിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ എബറെച്ചി എസെ പാലസിനെ ഒപ്പമെത്തിച്ചു. നേരത്തേ മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി വഴങ്ങിയ ടീമിന് മൂന്നു കളികളിൽ നാല് പോയന്റാണ് സമ്പാദ്യം. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ സെന്റ് ജെയിംസ് മൈതാനത്ത് 2 -1ന് ടോട്ടൻഹാം ഹോട്സ്പറിനെ വീഴ്ത്തി. മൂന്നു കളികളിൽ തോൽവിയറിയാതെ തുടരുന്ന ടീമിന് ഏഴ് പോയന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.