പാരിസ്: അര്‍ജന്റീനയില്‍ ജനിച്ച ഡേവിഡ് ട്രെസിഗ്വെ ലോകകപ്പ് ഫുട്‌ബാള്‍ ചാമ്പ്യനായത് ഫ്രാന്‍സിനൊപ്പം! കപ്പുയര്‍ത്തിയ 1998 ലോകകപ്പില്‍ ഗ്രൂപ് റൗണ്ടില്‍ സ്‌കോര്‍ ചെയ്ത ട്രെസിഗ്വെയുടെ പ്രശസ്തി 2000 യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ ഗോള്‍ഡന്‍ ഗോള്‍ നേടിയതാണ്. ഫിഫ ചരിത്രത്തിലെ ആദ്യ ഗോള്‍ഡന്‍ ഗോള്‍ അതായിരുന്നു.
ഖത്തര്‍ ലോകകപ്പിലേക്ക് ആഴ്ചകള്‍ മാത്രമാണുള്ളത്. മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിരീട സാധ്യതയുള്ള ടീമുകളെ കുറിച്ച് പറയുമ്പോള്‍ ജന്മനാടിനെയും തന്റെ മുന്‍ ദേശീയ ടീമിനെയും വിട്ട് കളയുന്നില്ല. അര്‍ജന്റീനയോടെനിക്ക് വൈകാരിക ബന്ധമാണ്. മികച്ച ടീമാണ് ലയണല്‍ സ്‌കലോണിയുടേത്. പക്ഷേ, എല്ലാം തികഞ്ഞ ടീം ഫ്രാന്‍സാണ്. കരീം ബെൻസേമയുടെ ചിറകിലേറി ഫ്രാന്‍സ് ലോകകപ്പ് ചാമ്പ്യന്‍മാരാകും -ട്രെസഗെ നിരീക്ഷിക്കുന്നു.
2016 യൂറോയില്‍ പോർചുഗലിനോട് പരാജയപ്പെട്ട ഫ്രാന്‍സ് 2018 ലോകകപ്പില്‍ ചാമ്പ്യന്‍മാരായി തിരിച്ചുവന്നു. അതിന് ശേഷം യൂറോകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് അട്ടിമറിക്കപ്പെട്ടു. ഈ തിരിച്ചടിയില്‍നിന്ന് ഫ്രാന്‍സ് നടത്തുന്ന തിരിച്ചുവരവ് ഖത്തറില്‍ കാണാന്‍ സാധിക്കുമെന്നാണ് ട്രെസിഗ്വെ പറയുന്നത്.
നാഷന്‍സ് ലീഗ് ജേതാക്കളായ ഫ്രാന്‍സ് ടീമിലെ ഓരോ താരവും മികച്ച പ്രതിഭകളാണ്. ടീം ഗെയിമില്‍ എങ്ങനെ സന്തുലിതമായി പെരുമാറണമെന്നും ലോകകപ്പ് കൈവിട്ടു പോകാതിരിക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാമെന്നും ഫ്രാന്‍സ് ടീമിന് അറിയാം.
അതുപോലെ, ലോകകപ്പിലെ ഫേവറിറ്റുകള്‍ അര്‍ജന്റീനയാണ്. ആത്മവിശ്വാസം വലിയ ഘടകമാണ്. കോപ അമേരിക്ക ജയിച്ചതിന് ശേഷം അര്‍ജന്റീന മറ്റൊരു തലത്തിലാണ്. വ്യക്തികേന്ദ്രീകൃതമല്ല അര്‍ജന്റീന. ലയണല്‍ സ്‌കലോണി എന്ന പരിശീലകനാണ് ടീമിന്റെ നെടുംതൂണ്‍. അദ്ദേഹത്തിന് ചുറ്റിലുമുള്ള സ്റ്റാഫുകള്‍ വലിയ ലക്ഷ്യത്തിലേക്ക് ചിട്ടയോടെ ചുവടുകള്‍ വെക്കുകയാണ്- ട്രെസിഗ്വെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.