ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക പോരിൽ അപ്രതീക്ഷിത തോൽവി വഴങ്ങി ലിവർപൂൾ. എതിരില്ലാത്ത ഒരു ഗോളിന് ലീഗിൽ 14ാം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസിനോട് തോൽവി വഴങ്ങിയതോടെ ചെമ്പടയുടെ കിരീട പ്രതീക്ഷ തുലാസിലായി. എബറേച്ചി എസെ നേടിയ ഗോളാണ് കളിയുടെ വിധി നിർണയിച്ചത്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ നിർണായക പോരിനിറങ്ങിയ ലിവർപൂളിനെ ഫലപ്രദമായി പ്രതിരോധിച്ചാണ് ക്രിസ്റ്റൽ പാലസ് ജയം പിടിച്ചെടുത്തത്. ഫിനിഷിങ്ങിലെ പിഴവുകൾ യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് വിനയാവുകയും ചെയ്തു. കളിയിൽ 70 ശതമാനവും പന്ത് കൈവശം വെക്കുകയും 21 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തിട്ടും അവർക്ക് ലക്ഷ്യം കാണാനായില്ല. അതേസമയം, ക്രിസ്റ്റൽ പാലസിന്റെ ആറ് ഷോട്ടുകളിൽ ഒന്ന് വലയിൽ കയറുകയും ചെയ്തു.
പതിനാലാം മിനിറ്റിലാണ് കളിയുടെ ഗതി നിർണയിച്ച ഗോളെത്തിയത്. ഇടതുവിങ്ങിൽനിന്ന് ടിറിക് മിച്ചൽ നൽകിയ പാസ് മാർക്ക് ചെയ്യാതെ നിന്നിരുന്ന എബറേച്ചി എസെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 2022 ഒക്ടോബറിന് ശേഷം ലീഗിൽ ആദ്യമായാണ് ആൻഫീൽഡിൽ ലിവർപൂൾ തോൽവി വഴങ്ങുന്നത്.
കിരീടത്തിനായി ആഴ്സണലുമായും മാഞ്ചസ്റ്റർ സിറ്റിയുമായും ഇഞ്ചോടിച്ച് പോരാട്ടത്തിലായിരുന്ന ലിവർപൂൾ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 32 മത്സരങ്ങൾ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റിയാണ് 73 പോയന്റുമായി മുന്നിൽ. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണലിന് 71 പോയന്റുള്ളതിനാൽ അടുത്ത മത്സരം ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കയറാം. 32 മത്സരങ്ങളിൽ 71 പോയന്റാണ് ലിവർപൂളിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.