എവർട്ടണോട് തോൽവി; മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നം മങ്ങുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്തി ചാമ്പ്യൻസ് ലീഗ് സാധ്യത നിലനിർത്താമെന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പ്രതീക്ഷക്കുമേൽ ഇടിത്തീ വീഴ്ത്തി എവർട്ടൺ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാങ്ക് ലാംപാർഡിന്റെ ടീം യുനൈറ്റഡിനെ മറികടന്നത്. തുടർ പരാജയങ്ങളുമായി തരംതാഴ്ത്തൽ മേഖലയുടെ പരിസരത്ത് നിൽക്കുന്ന എവർട്ടണിന് ജീവശ്വാസമായി ഈ വിജയം.

27-ാം മിനിറ്റിൽ യുവതാരം ആന്റണി ഗോർഡനാണ് നിർണായക ഗോൾ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസുമൊക്കെ അണിനിരന്ന യുനൈറ്റഡ് സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും എവർട്ടൺ പ്രതിരോധവും ഗോളി ജോർഡൻ പിക്ഫോഡും വഴങ്ങിയില്ല.

31 മത്സരങ്ങളിൽ 51 പോയന്റുമായി ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. എവർട്ടൺ 30 കളികളിൽ 28 പോയന്റോടെ 17-ാമതും. ഏഴ് മത്സരങ്ങളാണ് ഇനി യുനൈറ്റഡിനുള്ളത്. ഇതിൽ ലിവർപൂൾ, ആഴ്സണൽ, ചെൽസി എന്നിവർക്കെതിരെയും മത്സരമുണ്ട്.

മറ്റൊരു കളിയിൽ ന്യൂകാസിൽ യുനൈറ്റഡ് 1-0ത്തിന് വോൾവ്സിനെ തോൽപിച്ചു. 72-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ ക്രിസ് വുഡാണ് ഗോൾ നേടിയത്. 49 പോയന്റുമായി വോൾവ്സ് എട്ടാമതും 34 പോയന്റുമായി ന്യൂകാസിൽ 14-ാമതുമാണ്.

30 മത്സരങ്ങളിൽനിന്ന് 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്. ലിവർപൂൾ 72 പോയിന്റുമായി തൊട്ടുപിറകിലുണ്ട്. ചെൽസി 62, ടോട്ടൻഹാം 54, ആഴ്സനൽ 54, വെസ്റ്റഹാം 51 എന്നിവരാണ് യുനൈറ്റഡിന് മുമ്പിലുള്ള മറ്റു ടീമുകൾ.

Tags:    
News Summary - Defeat to Everton; Manchester United's Champions League dream is fading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.