ജിദ്ദ: സൗദിയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ അൽ ഇത്തിഹാദിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ. റോഷൻ ലീഗ് ചാമ്പ്യൻ വെബ്സൈറ്റ് ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ച ബെൻസെമയുടെ അഭിമുഖത്തിലാണ് ഇക്കാര്യമുള്ളത്.
അൽ ഇത്തിഹാദ് ആരാധകരുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിക്കാനും എനിക്ക് ശേഷം സൗദി ഫുട്ബാൾ ചരിത്രത്തിന് അനശ്വരമായ പാരമ്പര്യം വിട്ടേച്ചു പോകാനുമാണ് ആഗ്രഹിക്കുന്നത്. ഇത്തിഹാദിന്റെ ഭാഗമായത് എനിക്ക് പുതിയ വെല്ലുവിളിയും പുതിയ ജീവിതവുമാണ്. പരിശീലനങ്ങൾ ആരംഭിക്കാനുള്ള ആവേശത്തിലാണ് ഞാൻ. സൗദി അറേബ്യയിലെ മികച്ച ക്ലബ്ബുകളിലൊന്നായതു കൊണ്ടാണ് ഇത്തിഹാദിനെ തെരഞ്ഞെടുത്ത്. അതിന് വലിയൊരു ആരാധകവൃന്ദമുണ്ട്. നിരവധി കപ്പുകൾ നേടിയിട്ടുണ്ട്. താൻ മാഡ്രിഡിനായി കളിക്കുകയും കിരീടങ്ങൾ നേടുകയും ചെയ്തു. റയൽ മാഡ്രിഡിനായി കളിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. അവിടെ നിന്ന് ഇറങ്ങിയതിൽ സന്തുഷ്ടനാണ്. ഇപ്പോൾ എന്റെ പുതിയ ടീമിനു വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫുട്ബാൾ ജീവീതത്തിലെ പുതിയ ഒരു അനുഭവമായി അതിനെ എനിക്ക് ചേർക്കാൻ കഴിയും.
ഇത്തിഹാദ് ക്ലബ്ബിനെ ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്താനാണ് ആഗ്രഹിക്കുന്നത്. വളരെയധികം ആരാധകരുള്ള ക്ലബാണ്. അവരുടെ സ്റ്റേഡിയം വേറിട്ട് നിൽക്കുന്നതാണ്. ആരാധകരാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. അവരാണ് കളിക്കളത്തിലെ മികച്ച കളിക്കാരാകാൻ ഞങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും ബെൻസെമ പറഞ്ഞു. റൊണാൾഡോ ഇവിടെയുണ്ട്. അവൻ എന്റെ സുഹൃത്താണ്. അവനെ സൗദിയിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സൗദി അറേബ്യയുടെ പുരോഗതിയുടെ സൂചനയാണിത്.
അൽഇത്തിഹാദിനും ആരാധകർക്കും വേണ്ടി കിരീടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബുദ്ധിമുട്ടാണെങ്കിലും അഭിലാഷവും മത്സരശേഷിയും കഴിവും ഉപയോഗിച്ച് വിജയംവരിക്കാൻ ശ്രമിക്കുമെന്നും ബെൻസെമ പറഞ്ഞു.
വലിയ താരങ്ങൾ ഇവിടെ കളിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വശത്ത്. ഇപ്പോൾ ഞാനും ഇവിടെയുണ്ട്. അതിനാൽ സൗദി ഫുട്ബാളിന് അന്താരാഷ്ട്ര സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കാണിക്കേണ്ടത് പ്രധാനമാണ്. സൗദി അറേബ്യയിൽ കളിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഒപ്പം യൂറോപ്പിൽ ഞാൻ നേടിയ വിജയത്തെ പ്രതിഫലിപ്പിക്കുന്നത് തുടരുകയും അവതരിപ്പിക്കുകയും വേണമെന്നും അത് എന്നോടൊപ്പം ഇവിടെ കൊണ്ടുവരികയും വേണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് വലിയ അഭിലാഷമുണ്ട്. ഒരുപാട് കാര്യങ്ങൾ നേടാനും മികച്ച കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. അത് എനിക്കും ക്ലബ്ബിനും പ്രധാനമാണെന്ന് ക്ലബ്ബുമായുള്ള തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ബെൻസെമ പറഞ്ഞു.
എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്ന സൗദിയിൽ ജീവിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാൻ നേരത്തെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ഏറെ ഇഷ്ടപ്പെടുന്നതും മനോഹരവുമായ രാജ്യമാണ്.
ഞാനൊരു മുസ്ലിമായതിനാലും മുസ്ലിം രാജ്യമായതിനാലും എന്നും കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്ന സ്ഥലമാണ്. എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്ന ഒരു മുസ്ലിം രാജ്യത്താണ് ഞാൻ എന്നതാണ് എനിക്കേറ്റവും പ്രധാനം. അത് എനിക്ക് ഒരു മികച്ച അനുഭവം നൽകുന്നു. അറബി അനായാസം സംസാരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇവിടെയെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മക്ക എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. വിശ്വാസമുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്. അവിടെയാണുള്ളത് എന്നത് ഞാൻ ഏറ്റവും മികച്ചൊരു സ്ഥലത്തെന്ന തോന്നലുണ്ടാക്കുന്നു. സൗദി അറേബ്യയിലേക്ക് പോകുന്നതിൽ തന്റെ കുടുംബം വളരെ സന്തുഷ്ടരാണെന്നും ബെൻസെമ പറഞ്ഞു.
ഫുട്ബാളിനെ സ്നേഹിക്കുകയും കളിക്കുകയും ചെയ്യുന്ന എല്ലാ യുവജനങ്ങൾക്കും എന്റെ സന്ദേശമിതാണ്. സ്വപ്നങ്ങൾ കെട്ടിപ്പടുക്കുക, കഠിനാധ്വാനം ചെയ്യുക, കളിയുടെ നിയമങ്ങളെ ബഹുമാനിക്കുക, പന്ത് തൊടുന്നത് ആസ്വദിക്കുക. കഠിനാധ്വാനം ചെയ്യുമ്പോൾ നമുക്ക് എല്ലായ്പ്പോഴും ലക്ഷ്യങ്ങൾ നേടാനാകുമെന്നും യുവാക്കൾക്കുള്ള സന്ദേശമായി ബെൻസെമ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് റയൽ മാഡ്രിഡിെൻറ ഇതിഹാസ താരം അൽഇത്തിഹാദ് ക്ലബിൽ ചേരാൻ ജിദ്ദയിലെത്തിയത്. മൂന്ന് വർഷത്തെ കരാറിനാണ് ബെൻസെമയെ അൽഇത്തിഹാദ് ക്ലബ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.