ആംസ്റ്റർഡാം: ഇരമ്പിയാർത്ത ഡാനിഷ് സംഘത്തെ പൂട്ടാനുള്ള തന്ത്രങ്ങളൊന്നുമില്ലാതെ വെയിൽസ് തോൽവി സമ്മതിച്ചു. ഗാരത് ബെയ്ലിനെയും സംഘത്തെയും വരച്ചവരയിൽ നിർത്തി നാലു തകർപ്പൻ ഗോളുമായി ഡെന്മാർക് യൂറോകപ്പ് ക്വാർട്ടറിൽ. തുല്യശക്തികളുടെ പോരാട്ടമെന്ന് വിലയിരുത്തപ്പെട്ട മത്സരത്തിൽ 23 കാരൻ കാസ്പർ ഡോൾബർഗ് നേടിയ രണ്ടും പവർഫുൾ ഗോളുകളും അവസാനത്തിൽ ജോകിം മെഹ്ലെയുടെയും മാർടിൻ ബ്രാത്ത്വെയ്റ്റിന്റെയും തകർപ്പൻ ഗോളുകളുമാണ് വെയിൽസിന്റെ കഥ കഴിച്ചത്. നെതർലൻഡ്സ്-ചെക് റിപ്പബ്ലിക് മത്സര വിജയികളാണ് ക്വാർട്ടറിൽ ഡെന്മാർക്കിന്റെ എതിരാളികൾ.
രണ്ടു കളി തോറ്റ് പുറത്താവൽ ഉറപ്പിച്ച് അവസാന മത്സരത്തിൽ ഉയിർത്തെഴുന്നേറ്റ ഡെന്മാർകിന് പ്രീക്വാർട്ടറിൽ മൂർച്ച കൂടുതലായിരുന്നു. വിസിൽ മുഴങ്ങിയപാടെ പന്തുമായികുതിച്ച് വെയിൽസ് ബോക്സിലേക്ക് അവർ ഇരമ്പിയാർത്തു. ആദ്യ പത്തു മിനിറ്റിൽ തന്നെ പലതവണ വെയിൽസിനെ ഡെന്മാർക്ക് മുന്നേറ്റം പേടിപ്പിച്ചു. ഗാരത് ബെയ്ലിെൻറ ഒരു പവർഫുൾ ഷോട്ട് പോസ്റ്റിനരികിലൂടെ നീങ്ങിയതൊഴിച്ചാൽ ആദ്യത്തിൽ വെയിൽസിന് എടുത്തുപറയത്തക്ക മുന്നേറ്റമൊന്നുമുണ്ടായില്ല. നീളൻ പാസുമായി അതിവേഗം മുന്നേറ്റം നടത്തുന്ന ഡെന്മാർക്ക് ഒടുവിൽ 27ാം മിനിറ്റിൽ വെയിൽസ് വലകുലുക്കി. സ്ട്രൈക്കർ യൂസുഫ് പോൾസണ് പകരക്കാനായി കളത്തിലെത്തിയ 23 കാരൻ കാസ്പർ ഡോൾബർഗിെൻറ ഉഗ്രൻ ഷോട്ടാണ് വലതുളഞ്ഞത്.
വളഞ്ഞ് നീങ്ങിയ പന്ത് എത്തിനോക്കാനല്ലാതെ വെയിൽസ് ഗോൾ കീപ്പർ ഡാനി വാർഡിന് ഒന്നും കഴിഞ്ഞില്ല. മുന്നിലെത്തിയതോടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ച ഡെന്മാർക് പട ലീഡിനായി വീണ്ടും കരുക്കൾ നീക്കി. ആദ്യ പകുതി പിരിയും തൊട്ടുമുമ്പ് വെയ്ൽസിെൻറ ഒരു മുന്നേറ്റം ലക്ഷ്യം കാണുമെന്ന് തോന്നിച്ചെങ്കിലും വിജയിച്ചില്ല.
രണ്ടാം പകുതിയും പന്ത് ഡെന്മാർക് താരങ്ങൾ തന്നെ കാലിലൊതുക്കി. അധികം വൈകുംമുേമ്പ കാസ്പർ ഡോൾബർഗ് തന്നെ രണ്ടാം ഗോൾ നേടി ഡെന്മാർക്കിെന വീണ്ടും മുന്നിലെത്തിച്ചു. ഇത്തവണയും തകർപ്പൻ ഷോട്ട് തന്നെ വലതുളച്ചത്. വെയ്ൽസ് പ്രതിരോധതാരം നീകോ വില്യംസ് ക്ലിയർ ചെയ്ത പന്ത് ബോക്സിലുണ്ടായിരുന്ന ഡോർബർഗിന് മുന്നിലെത്തുകയായിരുന്നു. കാർപെറ്റ് ഡ്രൈവ് ഷോട്ട് അതിവേഗം വലയിൽ കയറി. ഇതോടെ വെയിൽസ് വീണ്ടും തളർന്നു.
തിരിച്ചുവരാൻ വെയിൽസ് കഠിന ശ്രമം നടത്തുന്നതിനിടയിൽ അവർക്ക് പ്രതിരോധം മറന്നു. ഇതോടെ അവസാന നിമിഷങ്ങളിൽ ഡെന്മാർക് രണ്ടു ഗോളുകൾ വീണ്ടും അടിച്ചുകൂട്ടി. 88ാം മിനിറ്റിൽ വിങ്ങർ ജോകിം മെഹ്ലെയും 94ാം മിനിറ്റിൽ മാർടിൻ ബ്രാത്ത്വെയ്റ്റുമാണ് അവസാന ഗോളുകൾ നേടിയത്. ഇതോടെ എണ്ണംപറഞ്ഞ നാലു ഗോളുകൾക്ക് ഡെന്മാർക്കിെൻറ വിജയഭേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.