ഗോ​വ​യി​ലെ പ​രി​ശീ​ല​ന മൈ​താ​ന​ത്ത് ഫോ​​ട്ടോ​ക്ക് പോ​സ് ചെ​യ്യു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫും

ഇല്ല, ഈ ടീം തോറ്റിട്ടില്ല; ഫൈനലിൽ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത് തലയുയർത്തി

ഗോവയിലെ കളിമൈതാനങ്ങളിൽനിന്ന് നിരാശയോടെയാണ് മടക്കമെങ്കിലും കളിയാരാധകരുടെ ഹൃദയങ്ങളിൽനിന്ന് ഈ കളിക്കൂട്ടത്തെ പറിച്ചെറിയാൻ ആർക്കുമാവില്ല. ഇന്ത്യൻ സൂപ്പർ ലീഗിന് എട്ടു വർഷം മുമ്പ് തുടക്കമായതു മുതൽ മലയാളക്കരയിലെ കാൽപന്തുപ്രേമികൾ നെഞ്ചോടുചേർത്തുവെച്ച പേരാണ് കേരള ബ്ലാസ്റ്റേഴ്സ് എങ്കിലും ഈ സീസണിലെപ്പോലെ മറ്റൊരു സീസണിലും ആരാധകർ ഈ ടീമിനെ ഇത്രമാത്രം ഹൃദയത്തിലേറ്റിയിട്ടുണ്ടാവില്ല. അതിനു കാരണം, ഇവാൻ വുകോമാനോവിച് എന്ന പരിശീലകനും അയാൾ രാകിമിനുക്കിയെടുത്ത ഈ കളിസംഘവുമായിരുന്നു.

ഇവാൻ, താങ്കളെ ഞങ്ങൾക്കുതന്നെ വേണം

പൂർണമായും വുകോമാനോവിച് എന്ന പരിശീലകന്റെ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഫുട്ബാളിൽ ഏതൊരു ടീമും കോച്ചിന്റെ സംഘമാണെന്ന് പറയാമെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് കുറച്ചുകൂടി കോച്ചുമായി അറ്റാച്ച്ഡ് ആയിരുന്നു. കോച്ച് മനസ്സിൽ കാണുന്ന കളി മൈതാനത്ത് നടപ്പാക്കുന്ന സംഘം.

അതിനൊത്ത കളിക്കാരെയും കോച്ചിന് കിട്ടി എന്നതായിരുന്നു ടീമിന്റെ സവിശേഷത. ആക്രമണം വേണ്ടപ്പോൾ ആക്രമണം, പ്രസിങ് വേണ്ടപ്പോൾ പ്രസിങ്, കളി സ്ലോ ആക്കേണ്ട ഘട്ടങ്ങളിൽ അങ്ങനെ... ഏറക്കുറെ എല്ലാ ഘട്ടങ്ങളിലും കോച്ച് വരച്ച വരയിലൂടെയായിരുന്നു ടീമിന്റെ സഞ്ചാരം. അതിനാൽതന്നെ, വരുംസീസണിലും സെർബിയക്കാരനായ 44കാരൻ ടീമിന്റെ തലപ്പത്തുണ്ടാവണം എന്നാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകന്റെയും ആഗ്രഹം.

വിദേശ താരങ്ങളുടെ മികവ്

ഇത്തവണ ടീമിലെത്തിച്ച ആറു വിദേശ താരങ്ങളും പുതുമുഖങ്ങളായിരുന്നുവെന്നതാണ് പ്രത്യേകത. ഒരാൾപോലും നേരത്തേ അറിയുന്ന താരമല്ല എന്നത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും കളി തുടങ്ങിയതോടെ അതെല്ലാം മാറി. ചെന്നൈയിൻ എഫ്.സിയിൽനിന്നു വന്ന ബോസ്നിയക്കാരൻ എനെസ് സിപോവിച്ചും ഭൂട്ടാൻകാരൻ ചെഞ്ചോയുമായിരുന്നു കുറച്ചെങ്കിലും കേട്ടുപരിചയമുണ്ടായിരുന്ന വിദേശികൾ.

സ്‍പെയിനിൽനിന്ന് അൽവാരോ വാസ്ക്വസും അർജന്റീനയിൽനിന്ന് ജോർഹെ പെരേര ഡയസും ഉറുഗ്വായിൽനിന്ന് അഡ്രിയാൻ ലൂനയും ക്രൊയേഷ്യയിൽനിന്ന് മാർകോ ലെസ്കോവിച്ചും എത്തിയപ്പോൾ ഇവരുടെ മികവോ കളിനിലവാരമോ ആർക്കും പിടിയുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിൽ കെട്ടിഘോഷിച്ച് കൊണ്ടുവന്ന ഗാരി ഹൂപ്പറിനെപ്പോലുള്ളവരുടെ ദയനീയ പ്രകടനം മനസ്സിലുള്ളതിനാൽ ആരാധകരുടെ ആശങ്ക അസ്ഥാനത്താണെന്ന് കരുതാനുമാവാത്ത അവസ്ഥ. ആദ്യ മത്സരങ്ങളിലെ പ്രകടനം ഈ ആശങ്ക ശരിവെക്കുന്നതായിരുന്നെങ്കിലും കളി മുറുകിയതോടെ വിദേശി കൂട്ടുകെട്ടുകൾ കെട്ടുറപ്പുള്ളതായി. ടീമിന്റെ കളിയും മാറി. പ്രതിരോധമധ്യത്തിൽ ലെസ്കോവിച്ചിന്റെ മികവും മുൻനിരയിൽ ലൂന-ഡയസ്-വാസ്ക്വസ് ത്രയത്തിന്റെ താളവും ടീമിന് ഏറെ മുതൽക്കൂട്ടായി.

ഇന്ത്യൻ താരങ്ങളുടെ ഉയർച്ച

വിദേശികൾക്കൊപ്പം ഇന്ത്യൻ താരങ്ങളുടെ പ്രകടനനിലവാരം ഉയർത്താനുള്ള കോച്ചിന്റെ മിടുക്കും പ്രധാനമായി. ഏറെ പ്രതിഭാധനനായിട്ടും മുൻ സീസണുകളിൽ സ്ഥിരത കാണിക്കാനാവാതെ വലഞ്ഞ സഹൽ അബ്ദുസ്സമദിന്റെ മാറ്റംതന്നെ മികച്ച ഉദാഹരണം. പ്യൂട്ടിയ, ജീകസ്ൺ സിങ് എന്നിവരുടെ പ്രകടനവും ഏറെ ഉയർന്നു. ഇതിലും പ്രധാനമായത് അപ്രതീക്ഷിതമായി കളിക്കാൻ അവസരം ലഭിച്ചവർ കാഴ്ചവെച്ച പ്രകടനമായിരുന്നു.

ഗോ​ൾ​ഡ​ൻ ഗ്ലൗ ​പു​ര​സ്കാ​രം ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ൾ​കീ​പ്പി​ങ് കോ​ച്ച് സ്ലാ​വ​ൻ പ്രൊ​ഗോ​വെ​ക്കി​യി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്ന പ്ര​ഭ്സു​ഖ​ൻ സി​ങ് ഗി​ൽ

ഗോൾവലക്കു കീഴിൽ പ്രഭ്സുഖൻ സിങ് ഗില്ലിന്റെയും പ്രതിരോധമധ്യത്തിൽ ഹോർമിപാം റുയിവയുടെയും കളി എല്ലാ പ്രതീക്ഷകൾക്കുമപ്പുറത്തായിരുന്നുവല്ലോ. ആയുഷ് അധികാരി, സഞ്ജീവ് സ്റ്റാലിൻ, വിൻസി ബാരെറ്റോ തുടങ്ങിയവരും കിട്ടിയ അവസരങ്ങൾ മോശമാക്കിയില്ല. സീസണിൽ ടീമിലെത്തിയ ഹർമൻജോത് ഖബ്രയുടെ ഉശിരൻ പ്രകടനവും ടീമിന് മുതൽക്കൂട്ടായി. ക്യാപ്റ്റൻ ജെസൽ കർണെയ്റോയുടെയും ഫസ്റ്റ് ചോയ്സ് ഗോളി ആൽബിനോ ഗോമസിന്റെയും പരിക്ക് ടീമിനെ ബാധിച്ചതേയില്ല.

ഈ ടീം തുടരണം

വരുംസീസണിലും ബ്ലാസ്റ്റേഴ്സ് നിരയിലെ ഇത്തവണത്തെ താരങ്ങൾതന്നെയുണ്ടാവണം എന്നാണ് ആരാധകരുടെയെല്ലാം മനസ്സ്. കോച്ചും വിദേശ താരങ്ങളുമെല്ലാം ഉടൻ നാട്ടിലേക്കു മടങ്ങുമെങ്കിലും ആരെയും ടീം വിടാതെ പിടിച്ചുനിർത്താൻ വേണ്ടത് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ചെയ്യുമെന്ന പ്രതീക്ഷയിലാണെല്ലാവരും.

മൂന്നാം ഫൈനൽ തോൽവിയും അന്ത്യനിമിഷങ്ങളിൽ

മൂന്നു തവണ ഫൈനലിലെത്തിയിട്ടും കിരീടം കൈയെത്തുംദൂരത്ത് നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിലെ ഏറ്റവും നിർഭാഗ്യ കളിക്കൂട്ടമാണോ? ഫൈനലിലെ തോൽവി മാത്രമല്ല, പരാജയപ്പെട്ട രീതിയും അതിന് അടിവരയിടുന്നു.

പ്രഥമ സീസണിലെ ഫൈനലിൽ അത്‍ലറ്റികോ ഡി കൊൽക്കത്തക്കെതിരെ ഇഞ്ചുറി സമയത്തെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കുന്നത്. പകരക്കാരനായി കളത്തിലെത്തിയ മുഹമ്മദ് റഫീഖിന്റെ ഹെഡറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾ തട്ടിത്തെറുപ്പിച്ചത്. 2016ൽ വീണ്ടും കൊൽക്കത്തക്കെതിരെ കലാശക്കളിക്കിറങ്ങിയപ്പോൾ മുഹമ്മദ് റാഫിയിലൂടെ ആദ്യം ലീഡെടുത്തിട്ടും പിന്നീട് സമനില വഴങ്ങി. ഷൂട്ടൗട്ടിൽ 4-3 തോൽവിയുമായി കിരീടനഷ്ടവും. ഇത്തവണയും കഥ മാറിയില്ല. മലയാളി താരം കെ.പി. രാഹുലിലൂടെ ലീഡെടുത്തിട്ടും 87ാം മിനിറ്റിൽ വഴങ്ങിയ ഗോളിൽ സമനില. ഒടുവിൽ ദയനീയമായ കിക്കുകളിലൂടെ ഷൂട്ടൗട്ടിൽ 3-1ന്റെ തോൽവിയും മൂന്നാം മോഹഭംഗവും. 

Tags:    
News Summary - No, this team has not lost; Despite losing in ISL final Kerala Blasters returns with head-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.