നവംബർ 25െൻറ നഷ്ടങ്ങളാണ് അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയും ക്യൂബൻ വിപ്ലവ നക്ഷത്രം ഫിഡൽ കാസ്ട്രോയും. 2016ൽ കാസ്‌ട്രോ വിടവാങ്ങിയ അതേ ദിനം തന്നെയാണ് മറഡോണയും ജീവിതത്തിെൻറ ജഴ്സി അഴിച്ചത്.
ഇടങ്കാലായിരുന്നു മറഡോണയുടെ ഏറ്റവും വലിയ ശക്തി. അതോടൊപ്പം തന്നെ തെൻറ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും അദ്ദേഹം ഇടതുപക്ഷത്തിനൊപ്പം തന്നെ നടന്നു. അമേരിക്കൻ അധീശത്വത്തെ തുറന്നെതിർക്കുന്നതിന് അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. ഫിഫക്കെതിരെയും വിമർശനങ്ങൾ അഴിച്ചുവിട്ട അദ്ദേഹം ഫുട്ബാൾ ഒരു വ്യവസായമായി മാറിയപ്പോൾ തന്നെ അത് തുറന്ന് കാണിക്കാൻ തുടങ്ങി. ഇടങ്കൈയില്‍ ചെ ഗുവേരയെയും വലങ്കാലില്‍ കാസ്ട്രോയെയും പച്ചുകുത്തിയ ഡീഗോ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ച ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ്.
ക്യൂബൻ വനാന്തരങ്ങളിൽ ചെഗുവേരക്കൊപ്പം വിപ്ലവം നയിച്ച കാസ്‌ട്രോയുടെ കഥ മറഡോണയെ എന്നും ആകർഷിച്ചിരുന്നു. പട്ടിണിയോടും ദാരിദ്രത്തോടും പടവെട്ടി ഫുട്ബാളിൽ പുതുചരിത്രമെഴുതിയ മറഡോണയെ കാസ്ട്രോയും ശ്രദ്ധിച്ചിരുന്നു.
ക്യൂബയുടെ പരമോന്നത നേതാവായിരുന്ന കാസ്ട്രോയും മറഡോണയും തമ്മിലുള്ള ബന്ധത്തിന് ഒരു ജീവനോളം വിലയുണ്ട്. ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം ലഹരിക്ക് അടിമയായിരുന്ന മറഡോണയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് കാസ്ട്രോയാണ്. മറഡോണയെ ക്യൂബയിലെത്തിച്ച് ചികിത്സയിലൂടെ പുതുജീവിതം സമ്മാനിച്ച കാസ്ട്രോയോടും ക്യൂബൻ ജനതയോടും മറഡോണ എന്നും കടപ്പെട്ടിരുന്നു.
ഇറ്റലിയിലെ നേപ്ൾസിൽ നാപോളിക്കായി പന്തു തട്ടവേ മയക്കുമരുന്ന് മാഫിയയുടെ പിടിയിലകപ്പെട്ട് ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലത്തിലൂടെ കടന്ന് പോയ മറഡോണക്ക് പ്രത്യാശയുടെ സൂര്യകിരണങ്ങൾ സമ്മാനിച്ചത് കാസ്േട്രാ ആയിരുന്നു.
ക്യൂബയിലെ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരെ അന്ന് കാസ്‌ട്രോ ഡീഗോയുടെ ലാ പെഡ്രേര ക്ലിനിക്കിനുവേണ്ടി വിട്ടുകൊടുത്തു. നാലു വർഷത്തിലധികം മറഡോണ അവിടെ ചികിത്സക്കായി ചെലവഴിച്ചു. ചികിത്സക്കൊപ്പം തന്നെ ദിവസവും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച കാസ്‌ട്രോ മറഡോണയെ ലഹരിയുടെ ലോകത്ത് നിന്ന് പുറത്തേക്ക് കൈപിടിച്ച് നടത്തി.
'ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഫിദലിനെ ഞാന്‍ കാണുന്നത് ദൈവത്തിനും മുകളിലാണ്' -ഒരിക്കൽ മറഡോണ പറഞ്ഞു. 'ഈ പുസ്തകത്തിലൂടെ എനിക്ക് ലോകത്തോട് സംസാരിക്കാനുള്ള വഴിയൊരുക്കിയത് ഫുട്‌ബാളാണ്. പക്ഷേ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എനിക്കു ജീവിതം തിരികെ നല്‍കിയ ഫിദലിനോടും ക്യൂബന്‍ ജനതയോടുമാണ്' -2002ൽ തെൻറ ആത്മകഥ പ്രകാശന വേളയിൽ മറഡോണ പറഞ്ഞു.
2016 നവംബർ 25ന് ഹവാനയിൽ വെച്ചായിരുന്നു കാസ്‌ട്രോയുടെ മരണം. അര്‍ജൻറീന എെൻറ നേരെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ അദ്ദേഹം എനിക്ക് ക്യൂബയിലേക്ക് വാതില്‍ തുറന്നു തന്നുവെന്നാണ് നാല് വര്‍ഷം മുന്‍പ് കാസ്‌ട്രോയുടെ മരണവാർത്ത കേൾക്കവേ മറഡോണയുടെ പ്രതികരണം. പിതൃതുല്യനായ കാസ്‌ട്രോയുടെ മരണവാർത്ത കേട്ട മറഡോണക്ക് കരച്ചിൽ അടക്കാനായില്ല. തെൻറ പിതാവിെൻറ വിയോഗത്തിന് ശേഷം താൻ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസം അന്നാണെന്നാണ് മറഡോണ പറഞ്ഞിരുന്നത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് മറഡോണയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വിശ്രമത്തിൽ കഴിയവെ ഹൃദയാഘാതത്തെതുടർന്നാണ് ജീവിതത്തിന് ലേങ് വിസിൽ മുഴക്കി ഇതിഹാസ നായകൻ കളം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.