ദിമിത്രി ഡയമെന്‍റകോസ് ബ്ലാസ്റ്റേഴ്സ് വിട്ടു; മഞ്ഞപ്പടക്ക് നന്ദി പറഞ്ഞ് താരം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾവേട്ടക്കാരൻ ദിമിത്രിയോസ് ഡയമെന്‍റകോസ് ക്ലബ് വിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ക്ലബ് വിടുന്ന കാര്യം ഗ്രീക്ക് താരം വെളിപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി പറഞ്ഞ താരം, ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിൽ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാൻ വാക്കുകളില്ലെന്നും കേരളത്തോടൊപ്പമുള്ള രണ്ടു വർഷക്കാലം അവസാനിക്കുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കി. 31 വയസ്സുകാരനായ ഡയമെന്റകോസായിരുന്നു ഐ.എസ്.എൽ 2023–24 സീസണിലെ ഗോൾഡന്‍ ബൂട്ട് ജേതാവ്. സീസണിൽ 17 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ താരം ബ്ലാസ്റ്റേഴ്സിനായി നേടി. മൂന്ന് ഗോളുകൾക്ക് അസിസ്റ്റ് നൽകി. ഒഡിഷ എഫ്.സി താരം റോയ് കൃഷ്ണയും സീസണിൽ 13 ഗോൾ നേടിയെങ്കിലും കുറഞ്ഞ മത്സരങ്ങൾ കളിച്ചതാണ് ഡയമെന്‍റകോസിന് തുണയായത്.

പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിനു പിന്നാലെയാണ് ഡയമെന്റകോസും ബ്ലാസ്റ്റേഴ്സ് വിടുന്നത്. ‘നിർഭാഗ്യവശാൽ ആവേശകരമായ, സാഹസിക അനുഭവങ്ങൾ നിറഞ്ഞ വിസ്മയിപ്പിക്കുന്ന കേരളത്തിലെ രണ്ടു വർഷങ്ങൾ അവസാനിച്ചു...ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചു കളിച്ച നിമിഷങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകളില്ല. ആരാധകരിൽനിന്ന് ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ച അളവറ്റ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്’ -താരം കുറിപ്പിൽ പറയുന്നു.

2022ൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് ഹജ്ജുക് സ്പ്ലിറ്റിൽനിന്ന് രണ്ടു കോടി രൂപക്കാണ് ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഗ്രീസ് സീനിയർ ടീമിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എങ്ങോട്ടാണ് പോകുന്നതെന്നു താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഐ.എസ്.എല്ലിൽ തന്നെയുണ്ടാകുമെന്നാണ് സൂചന. ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്.സിയും താരത്തിനായി രംഗത്തുണ്ട്.

Tags:    
News Summary - Dimitrios Diamantakos announces Kerala Blasters departure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.