പെനാൽറ്റിയെടുക്കാൻ താരങ്ങൾ തമ്മിൽ തർക്കം; ഗോളിൽ ആറാടിയിട്ടും ചെൽസിക്ക് നാണക്കേട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെ എതിരില്ലാത്ത അരഡസൻ ഗോളിൽ മുക്കിയിട്ടും ചെൽസിക്ക് നാണക്കേടിന്റെ ദിനം. കോൾ പാൽമർ നാലടിച്ച മത്സരത്തിൽ 64ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയെ ചൊല്ലി താരങ്ങൾ തമ്മിൽ വഴക്കിട്ടതാണ് നാണക്കേടിനിടയാക്കിയത്.

നോനി മദ്യൂകെയെ ജെയിംസ് തർകോവ്സ്കി ബോക്സിൽ വീഴ്ത്തിയതോടെ റഫറി പോൾ ടിയേണി പെനാൽറ്റിയിലേക്ക് വിസിലൂതുകയായിരുന്നു. ഒരു ഗോളടിച്ചിരുന്ന നിക്കൊളാസ് ജാക്സൻ പെനാൽറ്റിയെടുക്കാൻ പന്തെടുത്ത് നടന്നു. ഇതിനിടെ മദ്യൂകെ താരത്തിൽനിന്ന് പന്ത് പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ ഇരു താരങ്ങളും തമ്മിൽ തർക്കമായി. ഇതോടെ ക്യാപ്റ്റൻ കൊനോർ ഗല്ലഹർ ഇടപെടുകയും ഇരുവരെയും തള്ളിമാറ്റി കിക്കെടുക്കാൻ പെനാൽറ്റി സ്​പെഷലിസ്റ്റ് പാൽമർക്ക് പന്ത് കൈമാറുകയും ചെയ്തു. ഹാട്രിക് തികച്ചുനിന്നിരുന്ന പാൽമർ അനായാസം ലക്ഷ്യം കണ്ടതോടെ ഗോളെണ്ണം നാലായി ഉയർത്തുകയും എർലിങ് ഹാലണ്ടിനൊപ്പം 20 ഗോളുമായി ലീഗിലെ ടോപ് സ്കോററാവുകയും ചെയ്തു. സീസണിൽ എടുത്ത ഒമ്പത് പെനാൽറ്റി കിക്കും പാൽമർ ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ, ഈ ഗോൾ ആഘോഷിക്കാതെ ജാക്സർ മാറിനിന്നതും ടീമിന് നാണക്കേടുണ്ടാക്കി. ടീമിലെ അച്ചടക്കം പ്രധാനമാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും സംഭവം ടീമിന് നാണക്കേടുണ്ടാക്കിയെന്നും കോച്ച് പോച്ചെട്ടിനോ പ്രതികരിച്ചു. മുൻ താരങ്ങളടക്കം സംഭവത്തെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചെൽസി തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ സമ്പൂർണ മേധാവിത്തത്തോടെയാണ് ആതിഥേയർ മത്സരം വരുതിയിലാക്കിയത്. 13ാം മിനിറ്റിൽ തന്നെ കോൽ പാൽമറിലൂടെ അവർ മുന്നിലെത്തി. നിക്കൊളാസ് ജാക്സനൊപ്പം പാൽമർ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. അഞ്ച് മിനിറ്റിനകം പാൽമർ തന്നെ ലീഡ് ഇരട്ടിപ്പിച്ചു. ജാക്സന്റെ ഷോട്ട് എവർട്ടൻ ഗോൾകീപ്പർ ജോർദൻ പിക്ക്ഫോർഡ് തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ ഹെഡ് ചെയ്തിടുകയായിരുന്നു.

29ാം മിനിറ്റിൽ പാൽമറുടെ ഹാട്രിക്കുമെത്തി. ചെൽസി ഗോൾകീപ്പർ ബോക്സിന് പുറത്തിറങ്ങി നൽകിയ പാസ് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത താരം ഗോൾകീപ്പർക്ക് മുകളിലൂടെ നെറ്റിലേക്കടിച്ചിടുകയായിരുന്നു. ഹാഫ്ടൈമിന് തൊട്ടുമുമ്പ് നിക്കൊളാസ് ജാക്സൻ ഗോളെണ്ണം നാ​ലാക്കി. മാർക് കുകുറേല ഇടതുവിങ്ങിൽനിന്ന് നൽകിയ ക്രോസിലായിരുന്നു ഗോളിന്റെ പിറവി. തുടർന്നാണ് പാൽമറുടെ പെനാൽറ്റി ഗോൾ എത്തിയത്. പകരക്കാരനായെത്തിയ ആൽഫി ഗിൽക്രിസ്റ്റിലൂടെ 90ാം മിനിറ്റിൽ ചെൽസി ഗോൾപട്ടിക പൂർത്തിയാക്കി.

ജയത്തോടെ പ്രീമിയർ ലീഗിൽ ചെൽസി പരാജയമറിയാത്ത തുടർച്ചയായ എട്ട് മത്സരങ്ങളാണ് പൂർത്തിയാക്കുന്നത്. 31 കളികളിൽ 47 പോയന്റുമായി ലീഗിൽ ഒമ്പതാമതാണ് ചെൽസി. 32 മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി ഒന്നാമതുള്ളപ്പോൾ 71 പോയന്റുകളുമായി ആഴ്സണലും ലിവർപൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

Tags:    
News Summary - Dispute between players to take penalty; Shame on Chelsea despite scoring six goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.