അർബുദത്തിനു മുന്നിൽ സുല്ല് പറയുന്നതാണ് പല ജീവിതങ്ങളും. ഗ്ലാമർ വേദികളിൽ ആരാധകരെ വിസ്മയിപ്പിച്ച് നിറഞ്ഞാടുന്നതിനിടെയാകും വില്ലൻ വേഷത്തിൽ അർബുദബാധയെത്തുന്നത്. അതുവരെയും ആവേശം പകർന്ന്, മുന്നിൽനടന്നവർ പിന്നെ എല്ലാം തിരിച്ചിട്ട് ആശുപത്രി കിടക്കയിലും അടച്ചിട്ട മുറികളിലുമൊതുങ്ങും. ജീവിതം പാതിവഴിയിലാകും. എന്നാൽ, ഇതെല്ലാം പാഴ് കഥകൾ മാത്രമാണെന്നും കാൻസറിനെ ചിരിയോടെ നേരിട്ട് തോൽപിക്കാവുന്നതേയുള്ളൂവെന്നും പറയുന്നു, ജർമൻ ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ.
34 ഗോളടിച്ച് അയാക്സ് ആംസ്റ്റർഡാം നിരയിൽ തകർപ്പൻ പ്രകടനവുമായി നിറഞ്ഞുനിൽക്കുന്നതിനിടെ കഴിഞ്ഞ ജുലൈയിലാണ് ഐവറി കോസ്റ്റ് താരം ഡോർട്മുണ്ടുമായി കരാറിലെത്തുന്നത്. സീസൺ തുടങ്ങുംമുമ്പ് ടീമിന്റെ സ്വിറ്റ്സർലൻഡ് സന്ദർശനത്തിനിടെ ശാരീരിക പ്രശ്നങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനകളിൽ വൃഷ്ണത്തിൽ അർബുദബാധ തിരിച്ചറിച്ചു. അതിവേഗമായിരുന്നു കാര്യങ്ങളുടെ വേഷപ്പകർച്ച. രണ്ട് ശസ്ത്രക്രിയകളും കീമോതെറപ്പിയും. മാസങ്ങൾ നീണ്ട ചികിത്സ കാലം അവസാനിപ്പിച്ച് താരം കഴിഞ്ഞ ദിവസം വീണ്ടും സമൂഹ മാധ്യമത്തിലെത്തിയതോടെയാണ് രോഗമുക്തി ലോകമറിയുന്നത്.
‘‘ഹലോ ചങ്ങാതിമാരേ, ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു’’- ഡോർട്മുണ്ട് ഹാൻഡ്ലിൽ താരം പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
ചികിത്സയുടെ കടുത്ത കാലം പിന്നിട്ട് തിരിച്ചെത്തിയ താരത്തിന് മൈതാനത്തെ കടുപ്പങ്ങൾക്കൊത്ത് ചലിക്കാനാകുംവിധം ഫിറ്റ്നസ് പരിശീലനമാണ് ഇനി ആദ്യ ഘട്ടം. പുതിയ ടീമിൽ ഇതുവരെയും അരങ്ങേറാൻ സാധ്യമായില്ലെന്നതിനാൽ വളരെ വേഗത്തിൽ അതിന് അവസരമൊരുക്കാനാകുമെന്ന് ക്ലബ് കണക്കുകൂട്ടുന്നു.
‘‘താരം തിരിച്ചെത്തിയെന്നത് ഓരോരുത്തർക്കും സന്തോഷകരമായ കാര്യമാണ്. ഒരു ക്ലബിന് നൽകാവുന്ന പരമാവധി നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും, അയാളുടെ വലിയ ശ്രമങ്ങളാണ് തിരിച്ചെത്തുന്നതിൽ ഒന്നാംകാരണം’’.
മാർബെല പരിശീലന ക്യാമ്പിൽ ദിവസങ്ങളായി താരം പരിശീലനത്തിലാണ്. അവധി നാളുകളിൽ പോലും ഒറ്റക്കെത്തി അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കാൻ ഊർജിത ശ്രമം തുടരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് പറയുന്നു, ടീം ഗോൾകീപർ ഗ്രിഗർ കോബെൽ.
ശാരീരികക്ഷമത വീണ്ടെടുത്ത് എന്നു മുതൽ ഡോർട്മുണ്ട് മുന്നേറ്റത്തിൽ ഹാലർ പതിവു സാന്നിധ്യമാകുമെന്നതാണ് ഇനി കാത്തിരിക്കാനുള്ളത്. 22ന് ഓഗ്സ്ബർഗിനെതിരായ മത്സരത്തിൽ ബൂട്ടുകെട്ടുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.