പ്രാഗ്: യൂറോപ ലീഗിൽ ഗോളടി മേളവുമായി ലിവർപൂൾ. ഡാർവിൻ നൂനസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ സ്പാർട്ട പ്രാഗിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് പ്രീ-ക്വാർട്ടറിന്റെ ആദ്യപാദ മത്സരത്തിൽ ചെമ്പട തകർത്തുവിട്ടത്. എതിരാളികളുടെ ആശ്വാസ ഗോൾ ബ്രാഡ്‍ലി സമ്മാനിച്ച സെൽഫ് ഗോൾ ആയിരുന്നു. ഞായറാഴ്ച പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി വമ്പൻ പോരിനൊരുങ്ങുന്ന യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് ആത്മവിശ്വാസം പകരുന്നതാണ് ജയം.
ആദ്യ പകുതിയിൽ തന്നെ എതിർ വലയിൽ മൂന്ന് ഗോൾ അടിച്ചുകൂട്ടിയാണ് ലിവർപൂൾ കരുത്തറിയിച്ചത്. ആറാം മിനിറ്റിൽ തന്നെ പെനാൽറ്റിയിൽനിന്ന് അക്കൗണ്ട് തുറന്നു. അലക്സിസ് മാക് അലിസ്റ്ററിനെ അസ്ഗർ സോറൻ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അർജന്റീനക്കാരൻ തന്നെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 15ാം മിനിറ്റിൽ സ്പാർട്ടക്ക് സമനില ഗോളിന് സുവർണാവസരം ലഭിച്ചു. എന്നാൽ, ഹരാസ്‍ലിന്റെ ശ്രമം ആദ്യം ലിവർപൂൾ ഗോൾകീപ്പർ കെല്ലഹർ തടഞ്ഞെങ്കിലും പോസ്റ്റിനുള്ളിലേക്ക് നീങ്ങിയപ്പോൾ ഗോമസും രക്ഷകനായെത്തി. അഞ്ച് മിനിറ്റികം കെല്ലഹറുടെ മറ്റൊരു മനോഹര സേവും ലിവർപൂളിന്റെ രക്ഷക്കെത്തി.
25ാം മിനിറ്റിൽ രണ്ടാം ഗോളെത്തി. എലിയട്ടിന്റെ പാസ് സ്വീകരിച്ച ഡാർവിൻ നൂനസിന്റെ തകർപ്പൻ ലോങ് റേഞ്ചർ എതിർ ഗോൾകീപ്പറെ നിസ്സഹായനാക്കി പോസ്റ്റിനുള്ളിൽ കയറുകയായിരുന്നു. എന്നാൽ, പതറാതെ കളിച്ച സ്പാർട്ട പ്രാഗ് വീണ്ടും അവസരം തുറന്നെടുത്തെങ്കിലും കെല്ലഹറുടെ മെയ്‍വഴക്കത്തിന് മുമ്പിൽ നിഷ്പ്രഭമായി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നൂനസിന്റെ രണ്ടാം ഗോളും ലിവർപൂളിന്റെ മൂന്നാം ഗോളും വന്നു. മാക് അലിസ്റ്റർ ഉയർത്തിയടിച്ചുനൽകിയ പന്ത് സ്വീകരിച്ച നൂനസ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങിയയുടൻ സ്പാർട്ട പ്രാഗിന്റെ അക്കൗണ്ടിൽ ഗോളെത്തി. ലിവർപൂൾ ഗോൾമുഖത്തേക്കുള്ള എതിരാളികളുടെ ആക്രമണം ഒഴിവാക്കാൻ ശ്രമിച്ച ബ്രാഡ്‍ലിയുടെ നീക്കം പാളിയപ്പോൾ സ്വന്തം പോസ്റ്റിൽ പന്തെത്തുകയായിരുന്നു. എന്നാൽ, വൈകാതെ ലിവർപൂൾ മൂന്ന് ഗോൾ ലീഡ് തിരിച്ചുപിടിച്ചു. എലിയട്ട് വെച്ചുനൽകിയ പന്ത് ലൂയിസ് ഡയസ് പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുടൻ പ്രസിയാഡോയുടെ ഷോട്ട് പോസ്റ്റിലേക്ക് ഊർന്നിറങ്ങിയപ്പോൾ കെല്ലഹർ പ്രയാസപ്പെട്ടാണ് കുത്തിയകറ്റിയത്. വൈകാതെ പകരക്കാരനായെത്തിയ മുഹമ്മദ് സലാഹിന്റെ ഗോളും എത്തിയെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ ലിവർപൂൾ പട്ടിക തികച്ചു. എതിർ താരം പ്രസിയാഡോയുടെ പിഴവിൽ പന്ത് ലഭിച്ച സോബോസ്‍ലായി ഒറ്റക്ക് മുന്നേറി എതിർ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു.
മറ്റു മത്സരങ്ങളിൽ റോമ ബ്രൈറ്റനെയും മാഴ്സലെ വിയ്യ റയലിനെയും എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ടപ്പോൾ എ.സി മിലാൻ സ്‍ലാവിയ പ്രാഗിനെയും (4-2) ഫ്രെയ്ബർഗ് വെസ്റ്റ് ഹാമിനെയും (1-0) തോൽപിച്ചു. ബെൻഫിക്ക-റേഞ്ചേഴ്സ് മത്സരവും (2-2), ബയേർ ലെവർകുസൻ-ഖറാബാഗ് മത്സരവും (2-2) സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.