ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ വർഷത്തെ അവസാനമത്സരത്തിൽ അസ്റ്റൺ വില്ലക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. എവർട്ടന് കനത്ത തോൽവി.പോയിന്റ് പട്ടികയിൽ 19ാം സ്ഥാനക്കാരായ ബേൺലിക്കെതിരെ ആസ്റ്റൺ വില്ല വിറച്ചാണ് ജയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയത്തോടെ ആസ്റ്റൺവില്ല പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
20 മത്സരങ്ങളിൽ 42 പോയിന്റുമായി ലിവർപൂളിന് പിന്നിലാണ് ആസ്റ്റൺ വില്ല. ഒരു മത്സരം കുറച്ച് കളിച്ച സിറ്റിയും ആഴ്സണലും 40 പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്.
28ാം മിനിറ്റിൽ ലിയോൺ ബെയ്‍ലിയും 42ാം മിനിറ്റിൽ മൂസ ഡയാബിയും 89ാം മിനിറ്റിൽ പെനാൽറ്റിയിലുടെ ഡഗ്ലസ് ലൂയിസുമാണ് ആസ്റ്റൺ വില്ലക്കായി ഗോൾ കണ്ടെത്തിയത്. 56ാം മിനിറ്റിൽ സാൻഡർ ബർഗ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയ ബേൺലി ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്. സെക്കി അംഡൗണിയും ലൈൽ ഫോസ്റ്ററുമാണ് ബേൺലിക്കായി ഗോൾ സ്കോർ ചെയ്തത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 16ാം മിനിറ്റിൽ റോഡ്രിയും 61ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസുമാണ് സിറ്റിക്കായി ഗോൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ വൂൾവ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടനെ തകർത്തു. മാക്സ് കിൽമാൻ, മാത്യൂസ് കുനാ, ക്രെയ്ജ് ഡാവ്സൺ എന്നിവരാണ് ഗോൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.