ബാഴ്സലോണ: വീഴ്ചകളുടെ നീണ്ട ഇടവേളക്കു ശേഷം ലാ ലിഗ ഒന്നാം സ്ഥാനക്കാർക്ക് രണ്ടു പോയിന്‍റ് മാത്രം അകലെ ബാഴ്സലോണ. ഒസാസുനയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് മെസ്സി സംഘം രണ്ടാം സ്ഥാനത്ത് നില ഭദ്രമാക്കിയത്. രണ്ടു കളി കുറച്ചുകളിച്ച അത്ലറ്റികോ മഡ്രിഡിന് 24 കളികളിൽ 58 പോയിന്‍റും 26 കളി പൂർത്തിയാക്കിയ കറ്റാലൻമാർക്ക് 56 പോയിന്‍റുമാണ് സമ്പാദ്യം. 53 പോയിന്‍റുമായി റയൽ മഡ്രിഡ് മൂന്നാമതുണ്ട്. ഞായറാഴ്ച നിർണായക മത്സരത്തിൽ കരുത്തരായ അത്ലറ്റികോ മഡ്രിഡ്, റയൽ മഡ്രിഡിനെ നേരിടും.
െമസ്സി തളികയിൽ വെച്ചുനൽകിയ പന്ത് ഗോളാക്കി മാറ്റി ജോർഡി ആൽബയാണ് ബാഴ്സലോണയെ മുന്നിലെത്തിച്ചത്. മറുപടി ഗോൾ ആകുമായിരുന്ന രണ്ട് അവസരങ്ങളിൽ ബാഴ്സ ഗോളി ആന്ദ്രെ മാർക് ടെർ സ്റ്റീഗൻ രക്ഷകനായി. വീണ്ടും മെസ്സി തന്നെ ഒരുക്കിയ അവസരം ഗോളാക്കി മോറിബ വിജയം ഉറപ്പാക്കി.
ബാഴ്സ ഭരണസമിതി അന്വേഷണ നിഴലിലാകുകയും ഓഫീസിൽ റെയ്ഡ് നടക്കുകയും ചെയ്ത ഒരാഴ്ചക്കിടെ ടീം നേടുന്ന രണ്ടാം വിജയമാണിത്. അന്വേഷണത്തിന്‍റെ ഭാഗമായി ക്ലബ് പ്രസിഡന്‍റ് ബർതോമിയോ അറസ്റ്റിലായിരുന്നു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.