എൽസാൽവഡോറിനെതിരായ മത്സരത്തിൽ മെസ്സിയുടെ മുന്നേറ്റം

മെസ്സിക്കൊപ്പം സുവാറസും, മയാമിക്ക് സമനിലത്തുടക്കം

സാൻസാൽവഡോർ (എൽസാൽവ​ഡോർ): സീസണിലെ പോരാട്ടങ്ങൾക്ക് മുന്നോടിയായി തയാറെടുപ്പുകളുടെ കളത്തിൽ സൗഹൃദ​പോരിനിറങ്ങിയ ഇന്റർ മയാമിക്ക് സമനിലത്തുടക്കം. നായകൻ ലയണൽ മെസ്സിക്കൊപ്പം ഉറുഗ്വെയുടെ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാറസും അണിനിരന്ന ഇന്റർ മയാമിയെ എൽസാൽവഡോർ ദേശീയ ടീമാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിൽനിന്ന് കൂടുമാറിയെത്തിയ സുവാറസിന് മയാമി ജഴ്സിയിൽ അരങ്ങേറ്റ മത്സരമായിരുന്നു. മെസ്സി, സുവാറസ്, ജോർഡി ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ് എന്നീ വമ്പൻ താരങ്ങൾ ആദ്യപകുതിയിൽ മാത്രമാണ് കളത്തിലുണ്ടായിരുന്നത്.

സാൻസാൽവഡോറിലെ കാസ്കറ്റ്ലാൻ സ്റ്റേഡിയത്തിൽ ആവേശകരമായ നിമിഷങ്ങൾ തുലോം കുറവായിരുന്നു. ഗാലറി നിറച്ച് കാണികളെത്തിയിട്ടും വിസ്മയ മുഹൂർത്തങ്ങളുടെ അഭാവത്തിൽ ആരവങ്ങൾക്ക് കരുത്തു​ചോർന്നു. മെസ്സിയും സുവാറസും ചേർന്ന മയാമി മുന്നേറ്റത്തെ പ്രതിരോധിക്കാൻ പത്തുപേരും പിന്നിലേക്കിറങ്ങി കോട്ട കെട്ടിയ എൽസാൽവഡോർ തന്ത്രങ്ങൾ കുറിക്കുകൊള്ളുകയായിരുന്നു. 68 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ആദ്യപകുതിയിൽ ഗോൾവല ലക്ഷ്യമിട്ട് അഞ്ചുഷോട്ടുകളുതിർക്കാൻ മാത്രമാണ് മയാമിക്ക് കഴിഞ്ഞത്. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിൽ മയാമിയെ ആശങ്കയിലാഴ്ത്തിയും ആതിഥേയർ മിടുക്കുകാട്ടി.

ഇടവേള കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ മെസ്സി, ആൽബ, സുവാറസ്, ബുസ്ക്വെറ്റ്സ് എന്നിവർ കളത്തിലുണ്ടായിരുന്നില്ല. മുൻ ബാഴ്സലോണ സൂപ്പർ താരങ്ങൾക്ക് രണ്ടാം പകുതിയിൽ കോച്ച് ടാറ്റ മാർട്ടിനോ വിശ്രമം നൽകി. വമ്പന്മാരുടെ അഭാവത്തിൽ മയാമി നിരയിലേക്ക് എൽസാൽവഡോർ ആത്മവിശ്വാസത്തോടെ കയറിയെത്തിയെങ്കിലും പ്രതിരോധം അചഞ്ചലമായിനിന്നു. മെസ്സിയും ബുസ്ക്വെറ്റ്സും ആൽബയും ഇല്ലാത്ത മയാമിയുടെ കരുനീക്കങ്ങൾക്ക് ഒട്ടും മൂർച്ചയോ ഒത്തിണക്കമോ ഉണ്ടായിരുന്നില്ല.

സൗഹൃദപ്പോരിൽ ജാഗ്രതയോടെ കളിച്ച മയാമിയും മെസ്സിയും 36-ാം മിനിറ്റിൽ ഗോളിനടുത്തെത്തിയിരുന്നു. ആദ്യപകുതിയിലെ ഉറച്ച ഗോളവസരമായിരുന്നു ഇത്. ഇടതുവിങ്ങിൽനിന്ന് ആൽബയുടെ ക്രോസ് സ്വീകരിച്ച് ബുസ്ക്വെറ്റ്സ് ശ്രമകരമായി നൽകിയ പാസിൽ മെസ്സിയുടെ തകർപ്പൻ ഷോട്ട് എൽസാൽവഡോർ ഗോളി മരിയോ മാർട്ടിനെസ് ഗംഭീരമായി തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് വീണ്ടും മെസ്സിയിലെത്തിയെങ്കിലും ​വലയിലേക്ക് േപ്ലസ് ചെയ്യാനുള്ള അർജന്റീന നായകന്റെ നീക്കം മാർട്ടിനെസ് വീണുകിടന്നാണ് പ്രതിരോധിച്ചത്. രണ്ടുമിനിറ്റിനുശേഷം മയാമിക്ക് വീണ്ടും അവസരമൊരുങ്ങി. പ്രതിരോധം പിളർന്ന് ഇടതുവിങ്ങിലൂടെ എത്തിയ പാസ് പിടിച്ചെടുക്കുമ്പോൾ ആൽബക്കുമുന്നിൽ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആൽബയുടെ ഷോട്ടും പക്ഷേ, മരിയോയുടെ മെയ്‍വഴക്കത്തിനുമുന്നിൽ അവിശ്വസനീയമായി ഗതിമാറിയൊഴുകി.

മൂന്നു വർഷങ്ങൾക്കുശേഷം മെസ്സി-സുവാറസ് ജോടി ഒന്നിച്ച് ആക്രമണത്തിനിറങ്ങുകയായിരുന്നു. ഇരുവർക്കും പിന്നിലായി മധ്യനിരയിൽ ​ക്രമേഷിയും ജോർജും ബുസ്ക്വെറ്റ്സും. 5-3-2 ശൈലിയിൽ കളിക്കാനിറങ്ങിയ മയാമിയുടെ പിൻനിരയിൽ ആൽബ, അലൻ, ആവിലെസ്, യെദ്‍ലിൻ, ​ഗ്രെസ്സൽ എന്നിവരാണ് കോട്ട കെട്ടാനിറങ്ങിയത്. 

Tags:    
News Summary - El Salvador holds Inter Miami in Friendly Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.