യുനൈറ്റഡിന് രക്ഷയില്ല; ബേണ്‍മൗത്തിനോട് സമനില കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുനൈറ്റഡിന് സമനിലകുരുക്ക്. എ.എഫ്.സി ബേണ്‍മൗത്തിനോടാണ് സമനില വഴങ്ങിയത്. ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി പിരിയുകയായിരുന്നു.

രണ്ടു തവണ പിന്നിൽപോയശേഷമാണ് യുനൈറ്റഡ് മത്സരത്തിൽ കഷ്ടിച്ച് സമനില പിടിച്ചത്. യുവേഫ യൂറോപ്പ ലീഗ് യോഗ്യത നേടാനുള്ള ടീമിന്‍റെ പ്രതീക്ഷക്ക് സമനില വലിയ തിരിച്ചടിയായി. നിലവിൽ പോയന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് എറിക് ടെൻ ഹാഗും സംഘവും. ടോട്ടൻഹാമിനെതിരെ തകർപ്പൻ ജയവുമായി ന്യൂകാസിൽ ആറാം സ്ഥാനത്തേക്ക് കയറി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്. 16ാം മിനിറ്റില്‍ ഡൊമിനിക് സോലാങ്കിയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 31ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഗോളിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. അഞ്ചു മിനിറ്റിനകം ബേൺമൗത്ത് വീഡും ലീഡെടുത്തു. 36ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലുയിവേര്‍ട്ടിന്‍റെ വകയായിരുന്നു ഗോൾ. 65ാം മിനിറ്റില്‍ യുണൈറ്റഡ് വീണ്ടും സമനില പിടിച്ചു.

ഹാന്‍ഡ് ബാളിന് ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു. ഇൻജുറി ടൈമിൽ ബേൺമൗത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ യുനൈറ്റഡ് രക്ഷപ്പെടുകയായിരുന്നു. 32 മത്സരങ്ങൾ വീതം കളിച്ച ന്യൂകാസിലിനും യുനൈറ്റഡിനുംം 50 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ന്യൂകാസിൽ മുന്നിലെത്തിയത്.

Tags:    
News Summary - English Premier League: AFC Bournemouth 2-2 Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.