ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു. തലപ്പത്തുള്ള ആഴ്സനൽ തോൽവിക്കു പിറകെ സമനില വഴങ്ങുകയും രണ്ടും മൂന്നും സ്ഥാനത്തുള്ള മാഞ്ചസ്റ്റർ ടീമുകൾ ജയം നേടുകയും ചെയ്തതോടെയാണ് പോര് കനത്തത്. ഒന്നാമതുള്ള ആഴ്സനലിന് 51 പോയന്റാണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് 48ഉം മാഞ്ചസ്റ്റർ യുനൈറ്റഡിന് 46ഉം പോയന്റുണ്ട്. ബുധനാഴ്ച ആഴ്സനലും സിറ്റിയും തമ്മിൽ മത്സരമുണ്ട്. ഇതിൽ സിറ്റി ജയിച്ചാൽ ഇരുടീമുകൾക്കും തുല്യ പോയന്റാവും. ആസ്റ്റൺവില്ലയെയാണ് സിറ്റി കഴിഞ്ഞ റൗണ്ടിൽ 3-1ന് തോൽപിച്ചത്. റോഡ്രി (4), ഇൽകായ് ഗുൻഡോഗൻ (39), റിയാദ് മെഹ്റസ് (45+1) എന്നിവരായിരുന്നു സിറ്റിയുടെ സ്കോറർമാർ.
ഒലി വാറ്റ്കിൻസാണ് (61) വില്ലയുടെ ആശ്വാസഗോൾ കണ്ടെത്തിയത്. 25 ഗോളുമായി ലീഗിൽ ടോപ്സ്കോറർ സ്ഥാനത്തുള്ള സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡ് ഇടവേളക്കുശേഷം കളത്തിലിറങ്ങിയില്ല.
റോം: ഇറ്റാലിയൻ സീരി എയിൽ തലപ്പത്ത് നാപോളി കുതിപ്പ് തുടരുന്നു. ക്രെമോനീസിനെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് മുക്കിയ നാപോളിക്ക് ഒന്നാം സ്ഥാനത്ത് 16 പോയന്റ് ലീഡായി. 22 മത്സരങ്ങളിൽ 59 പോയന്റാണ് നാപോളിയുടെ സമ്പാദ്യം. 21 കളികളിൽ 43 പോയന്റുള്ള ഇന്റർ മിലാനാണ് രണ്ടാം സ്ഥാനത്ത്.
നാപോളിക്കായി ക്വിഷ ക്വററ്റ്ഷ്ഖേലിയ, വിക്ടർ ഒസിമെൻ, എലിഫ് എൽമാസ് എന്നിവരാണ് സ്കോർ ചെയ്തത്. എ.സി മിലാൻ, യുവന്റസ് തുടങ്ങിയ കരുത്തരും ജയം സ്വന്തമാക്കി. ഒലിവിയെ ജിറൂഡ് നേടിയ ഗോളിൽ മിലാൻ 1-0ത്തിന് ടൊറീനോയെയും അഡ്രിയാൻ റാബിയോ നേടിയ ഗോളിൽ യുവന്റസ് 1-0ത്തിന് ഫയറന്റീനയെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.