ലണ്ടൻ: ആൻഫീൽഡിലെ സ്വന്തം കാണികൾക്ക് മുന്നിൽ തകർത്താടിയ ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോൾ ജയവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ആസ്റ്റൺ വില്ലക്കെതിരായ കളിയുടെ മൂന്നാം മിനിറ്റിൽത്തന്നെ ഡൊമിനിക് സൊബോസ്ലായി ആതിഥേയരെ മുന്നിലെത്തിച്ചു. 22ൽ മാറ്റി കാഷിൽനിന്ന് സെൽഫ് ഗോളും പിറന്നതോടെ ആസ്റ്റൺ പതറി. 55ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലാഹ് പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ ഇഞ്ചുറി സമയം വരെ ഓരോ ഗോളുമായി ഒപ്പം നിന്നതിനൊടുവിൽ രണ്ടുവട്ടം എതിർവല കുലുക്കി മാഞ്ചസ്റ്റർ യുനൈറ്റഡിനെ ആഴ്സണൽ തകർത്തുവിട്ടു. കരുത്തരുടെ നേരങ്കം കണ്ട പ്രിമിയർ ലീഗിലെ നിർണായക മത്സരത്തിലാണ് ഗണ്ണേഴ്സ് വൻജയവുമായി മടങ്ങിയത്. 27ാം മിനിറ്റിൽ റാഷ്ഫോഡ് ഗോളിൽ യുനൈറ്റഡാണ് ആദ്യം ലീഡു പിടിച്ചത്. തൊട്ടടുത്ത മിനിറ്റിൽ ഒഡെഗാർഡ് തിരിച്ചടിച്ചതോടെ ഇരുവരും തുല്യം. പിന്നീട് കൊണ്ടും കൊടുത്തുമുള്ള കളിയിൽ ഇഞ്ചുറി സമയത്ത് ആദ്യം സാകയും പിറകെ ഫാബിയോ വിയേരയുമാണ് ആഴ്സണലിനെ ബഹുദൂരം മുന്നിലെത്തിച്ചത്. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 3-2ന് വോൾവ്സിനെയും ബ്രൈറ്റൻ 3-1ന് ന്യൂകാസിൽ യുനൈറ്റഡിനെയും തോൽപിച്ചു.
ലീഗിൽ നാല് മത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റർ സിറ്റിയാണ് 12 പോയന്റുമായി ഒന്നാമത്. 10 പോയന്റ് വീതമുള്ള ടോട്ടൻഹാം, ലിവർപൂൾ, വെസ്റ്റ്ഹാം, ആഴ്സനൽ എന്നിവയാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.