ലിവർപൂളിന്റെ നെഞ്ചിടിപ്പേറ്റി യുനൈറ്റഡിന്റെ ജയം; സമനിലയിൽ കുരുങ്ങി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണായക ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ മാർകസ് റാഷ്ഫോഡ് ഇല്ലാതെയിറങ്ങിയ യുനൈറ്റഡിന് തുടക്കം മുതൽ അവസരങ്ങളേറെ ലഭിച്ചെങ്കിലും മുതലാക്കാനായിരുന്നില്ല. എന്നാൽ, 32ാം മിനിറ്റിൽ ആന്റണിയുടെ അസിസ്റ്റിൽ ആന്റണി മാർഷ്യലിലൂടെ അവർ അക്കൗണ്ട് തുറന്നു.

പരിക്കിൽനിന്ന് മുക്തനായി ദീർഘനാളിന് ശേഷം തിരിച്ചെത്തിയ അലജാന്ദ്രൊ ഗർണാച്ചൊ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലെ ഗോളിലൂടെ തിരിച്ചുവരവ് അവിസ്മരണീയമാക്കി. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പന്ത് ഗർണാച്ചൊ പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു.

മൂന്നും നാലും സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടക്കുന്ന ലീഗിൽ ലിവർപൂളിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് മാഞ്ചസ്റ്ററുകാരുടെ ജയം. 35 മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂ കാസിൽ യുനൈറ്റഡിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും 66 പോയന്റ് വീതമാണുള്ളത്. എന്നാൽ, ഗോൾ ശരാശരിയിൽ മൂന്നാമതുള്ളത് ന്യൂകാസിലാണ്. ഇത്രയും മത്സരങ്ങളിൽ 62 പോയന്റുള്ള ലിവർപൂൾ നാലാം സ്ഥാന​മെങ്കിലും പിടിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള പോരാട്ടത്തിലാണ്. മൂന്ന് മത്സരം മാത്രം ശേഷിക്കെ മാഞ്ചസ്റ്ററിന്റെ ജയം അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാണ്.

മറ്റൊരു മത്സരത്തിൽ ചെൽസിയെ നോട്ടിങ്ഹാം ഫോറസ്റ്റ് 2-2ന് സമനിലയിൽ കുരുക്കി. ചെൽസിക്കായി റഹിം സ്റ്റർലിങ്ങും നോട്ടിങ്ഹാമിനായി അവോനിയും ഇരട്ട ഗോൾ നേടി. സീസണിൽ മോശം ഫോം തുടർന്ന് പതിനൊന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 35 മത്സരങ്ങളിൽ 43 പോയന്റ് മാത്രമാണ് സമ്പാദ്യം.

മറ്റു മത്സരങ്ങളിൽ ആസ്റ്റൻ വില്ല ടോട്ടൻഹാമിനെ 2-1നും ക്രിസ്റ്റൽ പാലസ് ബേൺമൗത്തിനെ 2-0ത്തിനും ഫുൾഹാം സതാംപ്ടണെ എതിരില്ലാത്ത രണ്ട് ഗോളിനും കീഴടക്കി. ന്യൂകാസിൽ, ലീഡ്സ് മത്സരം 2-2ന് അവസാനിച്ചു.  

Tags:    
News Summary - English Premier League: United beat Wolves; Chelsea tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.