ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് കഷ്ടകാലം തുടരുന്നു. ലണ്ടനിൽ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനോടും യുനൈറ്റഡ് തോറ്റു.
ഒന്നിനെതിരെ രണ്ടു ഗോളിനാണ് യുനൈറ്റഡിന്‍റെ തോൽവി. ഇൻജുറി ടൈമിൽ വഴങ്ങിയ പെനാൽറ്റിയാണ് ടീമിന് തിരിച്ചടിയായത്. ഒമ്പത് ലീഗ് മത്സരങ്ങളിൽ യുനൈറ്റഡിന്‍റെ നാലാം തോൽവിയാണിത്. ക്രിസെൻസിയോ സമ്മർവില്ലെ, ജെറാഡ് ബോവൻ എന്നിവരാണ് വെസ്റ്റ്ഹാമിനായി ഗോൾ നേടിയത്. കാസെമിറോയുടെ വകയായിരുന്നു യുനൈറ്റഡിന്‍റെ ആശ്വാസ ഗോൾ.
തുടക്കത്തിൽ കിട്ടിയ നല്ല അവസരങ്ങൾ തുലച്ചതാണ് ടെൻ ഹാഗിനും സംഘത്തിനും വിനയായത്. നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. രണ്ടാം പകുതിയിൽ വെസ്റ്റ്ഹാം യുനൈറ്റഡ് നടത്തിയ മാറ്റങ്ങളാണ് മത്സരത്തിന്‍റെ ഗതി തിരിച്ചത്. ഒടുവിൽ 74ാം മിനിറ്റിൽ സമ്മർവിലെയിലൂടെ വെസ്റ്റ് ഹാം അർഹിച്ച ലീഡ് എടുത്തു. ഡാനി ഇംഗ്‌സാണ് ഗോളിന് വഴിയൊരുക്കിയത്.
81ാം മിനിറ്റിൽ കസെമിറോയുടെ ഹെഡ്ഡറിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. എന്നാൽ ഇൻജുറി ടൈമിൽ (90+2) വഴങ്ങിയ വിവാദ പെനാൾറ്റിയാണ് യുനൈറ്റഡിന്‍റെ തോൽവി ഉറപ്പിച്ചത്. ഇംഗ്സിനെ ഡി ലിറ്റ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ബോവൻ ലക്ഷ്യത്തിലെത്തിച്ച് വെസ്റ്റ്ഹാമിന്‍റെ ജയം ഉറപ്പാക്കി. തോൽവിയോടെ 11 പോയന്റുമായി ലീഗിൽ 14ാം സ്ഥാനത്താണ് യുനൈറ്റഡ്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി 2-1നാണ് ന്യൂകാസിൽ യുനൈറ്റഡിനെ വീഴ്ത്തിയത്. 18ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സൺ ചെൽസിയെ മുന്നിലെത്തിച്ചു. പെഡ്രോ നെറ്റോയാണ് ഗോളിന് വഴിയൊരുക്കിയത്. ജാക്സന്‍റെ സീസണിലെ ആറാം ഗോളാണിത്. 32ാം മിനിറ്റിൽ അലക്സാണ്ടർ ഇസക്കിലൂടെ ന്യൂകാസിൽ ഒപ്പമെത്തി.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ കോൾ പാമറിലൂടെയാണ് ചെൽസി വിജയ ഗോൾ നേടിയത്. സീസണിലെ താരത്തിന്‍റെ ഏഴാം ഗോളാണിത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 17 പോയന്‍റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.