മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസനൽ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ (2-2). വിജയത്തിലേക്ക് നീങ്ങിയ ആർസനലിൽ നിന്ന് ഇൻജുറി സമയത്തിന്‍റെ ഏഴാം മിനിറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിലാണ് സിറ്റി പിടിച്ചുകെട്ടിയത്.
എർലിങ് ഹാലൻഡ് ഒമ്പതാം മിനിറ്റിൽ നേടിയ ഗോളിലൂടെ തുടക്കത്തിലേ സിറ്റി മുന്നിലെത്തി. എന്നാൽ, 22ാം മിനിറ്റിൽ റിക്കാർഡോ കലാഫിയോറിയിലൂടെ ആർസനൽ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ സിറ്റിയുടെ നെഞ്ച് തകർത്ത് ആർസനലിന്‍റെ രണ്ടാം ഗോൾ. കോർണറിന് തലവെച്ച് ഗബ്രിയേൽ ആർസനലിന് ലീഡ് സമ്മാനിച്ചു.
എന്നാൽ, ആ സന്തോഷം അധികം നീണ്ടില്ല. രണ്ടാം മഞ്ഞക്കാർഡും വാങ്ങി മുന്നേറ്റ നിര താരം ലിയാണ്ട്രോ ട്രൊസാർഡ് പുറത്തേക്ക്. പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കി ആർസനൽ ചെറുത്തുനിന്നു. എന്നാൽ, 97ാം മിനുറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ സിറ്റി സമനില പിടിച്ചു. എതിരാളികളുടെ തട്ടകത്തിൽ സ്വപ്നവിജയം നേടുകയെന്ന ആർസനൽ മോഹം അതോടെ പൊലിഞ്ഞു.
മത്സരത്തിന്‍റെ 78 ശതമാനം സമയത്തും പന്ത് സിറ്റിയുടെ കാലിലായിരുന്നു. ഗോൾമുഖം ലക്ഷ്യമാക്കി 33 ഷോട്ടുകൾ തൊടുത്തപ്പോൾ ആർസനലിന് അഞ്ച് ഷോട്ടുകൾ മാത്രമാണുണ്ടായത്. ജയത്തോടെ പോയിന്‍റ് നിലയിൽ സിറ്റി 13 പോയിന്‍റുമായി ഒന്നാമതാണ്. 12 പോയിന്‍റുമായി ലിവർപൂളാണ് രണ്ടാംസ്ഥാനത്ത്. 11 പോയിന്‍റുള്ള ആർസനൽ നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.