മാഞ്ചസ്​റ്റർ സിറ്റിയുടെ കിരീട വിജയത്തിനു പിന്നാലെ ഇത്തിഹാദ്​ സ്​റ്റേഡിയത്തിന്​ പുറത്ത്​ ആരാധകരുടെ ആഘോഷം

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​: യുനൈറ്റഡ്​ തോറ്റു; മാഞ്ചസ്​റ്റർ സിറ്റിക്ക്​ കിരീടം

ലണ്ടൻ: മാഞ്ചസ്​റ്റർ സിറ്റിയുടെ കിരീട ദാഹം പരമാവധി വൈകിപ്പിക്കാൻ മാത്രമേ നഗരവൈരികളായ മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ കഴിഞ്ഞുള്ളൂ. ഒടുവിൽ അവരുടെ ​േതാൽവിയിലൂടെ തന്നെ സിറ്റി കളത്തിലിറങ്ങാതെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ പുതു ചാമ്പ്യന്മാരായി. സീസൺ അവാസാനിക്കാൻ ഇനിയും മത്സരങ്ങൾ ബാക്കിനിൽക്കെയാണ്​ മാഞ്ചസ്​റ്റർസിറ്റി തങ്ങളുടെ ഏഴാം പ്രീമിയർ കിരീടം സ്വന്തമാക്കിയത്​.

രണ്ടാം സ്​ഥാനത്തായിരുന്ന മാഞ്ചസ്​റ്റർ യുനൈറ്റഡ്​ കഴിഞ്ഞ രാത്രിയിൽ ലെസ്​റ്റർസിറ്റിക്ക്​ മുന്നിൽ കീഴടങ്ങിയതോ​െട (2-1) ഇംഗ്ലീഷ്​ കിരീടം നിർണയിക്കപ്പെട്ടു. 35 കളി പൂർത്തിയായപ്പോൾ പത്ത്​ പോയൻറ്​ ലീഡാണ്​​ സിറ്റിക്കുള്ളത്​. ശേഷിക്കുന്ന മൂന്ന്​ കളിയിലും യുനൈറ്റഡ്​ ജയിക്കുകയും, സിറ്റി തോൽക്കുകയും ചെയ്​താലും ഫലത്തിൽ മാറ്റമുണ്ടാവില്ല.

ഒാൾഡ്​ട്രഫോഡിലെ മൈതാനത്ത്​ യുനൈറ്റഡ്​ തോറ്റപ്പോൾ, അതേ നഗരത്തിലെ തൊട്ടടുത്തുള്ള ഇത്തിഹാദ്​ സ്​റ്റേഡിയത്തിന്​ പുറത്തായിരുന്നു ആഘോഷങ്ങൾ. 'ചാമ്പ്യൻസ്​' എന്നെഴുതിയ കൂറ്റൻ ബാനർ ഉയർന്നതിനു പിന്നാലെ ആരാധകരുടെ വിജയാഘോഷം തുടങ്ങി. കളിക്കാരുടെയും പരിശീലകരുടെയും അഭാവത്തിലായിരുന്നു ഇന്നലെ പകലും നീണ്ട ആഘോഷ പരിപാടികൾ.

സീസണിൽ മിന്നും ഫോമിലുള്ള ലെസ്​റ്റർ സിറ്റി തുടർച്ചയായ ആക്രമണങ്ങളിലൂടെ മേധാവിത്വം സ്​ഥാപിച്ച്​ കളി ​തങ്ങളുടേതാക്കി മാറ്റി. പത്താം മിനിറ്റിൽ ലൂക്​ തോമസും, 66ാം മിനിറ്റിൽ കാഗ്ലർ സോയുൻകുവുമാണ്​ ലെസ്​റ്ററിനായി വലകുലുക്കിയത്​. 15ാം മിനിറ്റിൽ മാസൻ ഗ്രീൻവുഡാണ്​ യുനൈറ്റഡി​െൻറ ആശ്വാസ ഗോൾ നേടിയത്​. രണ്ടാം പകുതിയിൽ തുരുപ്പുശീട്ടുകളായി എഡിൻസൺ കവാ​നി​, മാർകസ്​ റാഷ്​ഫോഡ്​, ബ്രൂണോ ഫെർണാണ്ടസ്​ എന്നിവരെയിറക്കി യുനൈറ്റഡ്​ തിരിച്ചുവരവിന്​ ശ്രമിച്ചെങ്കിലും ലെസ്​റ്ററി​െൻറ ബൂട്ടിൽ നിന്നും കളി വഴുതിയില്ല.

നാല്​ സീസൺ, മൂന്നാം കിരീടം

പത്ത്​ സീസണിനിടയിൽ അഞ്ചാം പ്രീമിയർ ലീഗ്​ കിരീടവുമായി ഇംഗ്ലീഷ്​ ഫുട്​ബാളിൽ മാഞ്ചസ്​റ്റർ സിറ്റിയുടെ സർവാധിപത്യം. 2008ൽ അബൂദബി ആസ്​ഥാനമായ സിറ്റി ഫുട്​ബാൾ ഗ്രൂപ്പി​െൻറ ഉടമസ്​ഥതയിലായ ശേഷം തലവര മാറിയ സിറ്റിക്ക്​ വിഖ്യാതനായ പരിശീലകൻ പെപ്​ ഗ്വാർഡിയോളയുടെ വരവോടെ സുവർണകാലമായി.

2016ൽ സ്​ഥാ​നമേറ്റ ഗ്വാർഡിക്കു കീഴിൽ സിറ്റിയുടെ മൂന്നാം ലീഗ്​ കിരീടം കൂടിയാണിത്​. സീസണിൽ ഹാട്രിക്​ കിരീടം ലക്ഷ്യമിടുന്ന ചാമ്പ്യന്മാർക്ക്​, ഇംഗ്ലീഷ്​ ലീഗ്​ കപ്പും പ്രീമിയർ ലീഗും ഉൾപ്പെടെ രണ്ട്​ കിരീടങ്ങളായി. മേയ്​ 29ന്​ ​ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ ചെൽസിക്കെതിരായ പോരാട്ടത്തോടെ ഹാട്രിക്​ കിരീടമാണ്​ ലക്ഷ്യം.

കഴിഞ്ഞ നൂറ്റാണ്ടിൽ നേടിയ രണ്ടു ലീഗ്​ കിരീടങ്ങളുടെ ചരിത്രം (1937, 1968) ചരിത്രം മാത്രമുണ്ടായ സിറ്റിയാണ്​ 2008ലെ അബൂദബി ഉടമസ്​ഥരുടെ വരവോടെ മാറിമറിഞ്ഞത്​. മേയ്​ 23ന്​ എവർട്ടനെതിരെ ഇത്തിഹാദ്​ സ്​റ്റേഡിയത്തിൽ നടക്കുന്ന അവസാന ലീഗ്​ മത്സരമാവും സിറ്റിയുടെ വിക്​ടറി പരേഡി​െൻറ വേദി. 10,000ത്തോളം കാണികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്​.

Tags:    
News Summary - English premium league: United failed; Manchester city win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.