മ്യൂണിക്ക്: യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഓസ്ട്രിയക്കെതിരെ തുർക്കിയ ഒരു ഗോളിനു മുന്നിൽ. കളി തുടങ്ങി 58ാം സെക്കൻഡിൽതന്നെ മെറീഹ് ഡെമിറലിന്‍റെ ഗോളിലൂടെ തുർക്കിയ ലീഡെടുത്തു.
യൂറോ കപ്പിന്‍റെ ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. തുർക്കിയക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഗോളിനു വഴിയൊരുക്കിയത്. കോർണറിൽനിന്ന് ഉയർന്നുവന്ന പന്ത് പോസ്റ്റിനു മുന്നിൽ ഓസ്ട്രിയൻ താരങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വന്നു വീണത് ഡെമിറലിന്‍റെ മുന്നിൽ. ക്ലോസ് റേഞ്ചിൽനിന്നുള്ള താരത്തിന്‍റെ ഷോട്ട് വലയിൽ. അപ്രതീക്ഷിത ഗോൾ വഴങ്ങിയതോടെ ഓസ്ട്രീയൻ താരങ്ങൾ ഉണർന്നുകളിച്ചു. തൊട്ടുപിന്നാലെ ഓസ്ട്രിയ ഗോളിനടുത്തെത്തി. എന്നാൽ, ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള ക്രിസ്റ്റോഫ് ബോംഗാർട്നറിന്‍റെ നിലം പറ്റെയുള്ള ഷോട്ട് പോസ്റ്റിനു തൊട്ടരികിലൂടെ പുറത്തേക്ക്.
തുർക്കിയക്ക് ഗോൾ നേടി കൊടുത്തതിന് സമാനമായി ഓസ്ട്രിയക്കും അഞ്ചാം മിനിറ്റിൽ കോർണറിൽനിന്ന് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ ഏഴു മിനിറ്റിനുള്ളിൽ തന്നെ ഇരുടീമുകൾക്കും ഒന്നിലധികം അവസരങ്ങളാണ് ലഭിച്ചത്. തുർക്കിയക്കായി അർദ ഗുലറിനു പുറമെ, മറ്റൊരു കൗമാരതാരമായ കെനാൻ യിൽദിസും പ്ലെയിങ് ഇലവനിലെത്തി. 1964ൽ ഹംഗറിയാണ് ഇതിനു മുമ്പ് യൂറോ നോക്കൗട്ടിൽ രണ്ടു കൗമാര താരങ്ങളെ പ്ലെയിങ് ഇലവനിൽ കളിപ്പിച്ചത്.
ഇരുടീമുകളും അറ്റാക്കിങ് ഫുട്ബാൾ കളിച്ചതോടെ മത്സരവും ത്രില്ലിങ്ങായി. ഗോൾ വീണത് മാറ്റി നിർത്തിയാൽ, ഏറെക്കുറെ പോരാട്ടം ഒപ്പത്തിനൊപ്പമാണ്. മത്സരത്തിൽ ജയിക്കുന്നവർക്ക് ക്വാർട്ടറിൽ നെതർലൻഡ്സാണ് എതിരാളികൾ.
Euro 2024: Austria 0-1 Turkey
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.