ഡോർട്ട്മുണ്ട്: 90ാം മിനിറ്റിൽ പകരക്കാരൻ ഓലീ വാക്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്പെയിനാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ.
ആദ്യ സെമിയിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് (2-1) സ്പെയിൻ ഫൈനൽ ഉറപ്പിച്ചത്. ഇംഗ്ലണ്ടിന്‍റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. ആറാം തവണയാണ് ഡച്ചുകാർ യൂറോ കപ്പ് സെമിയിൽ പുറത്താകുന്നത്. നായകൻ ഹാരി കെയിനും (18ാം മിനിറ്റിൽ, പെനാൽറ്റി) ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. സാവി സിമോൺസാണ് നെതർലൻഡ്സിനായി ഒരു ഗോൾ മടക്കിയത്. ഒത്തിണക്കത്തോടെയുള്ള നീക്കങ്ങളുമായി കളം നിറഞ്ഞ ഇംഗ്ലണ്ടിനു തന്നെയായിരുന്നു മുന്നേറ്റത്തിലും പന്തടക്കത്തിലും മുൻതൂക്കം. ഈ യൂറോയിലെ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മനോഹരമായ ആദ്യ പകുതിയാണ് ഡച്ചുകാർക്കെതിരെ കളത്തിൽ കണ്ടത്. ഫിൽ ഫോഡൻ ഫോമിലേക്കുയർന്നത് ഇംഗ്ലണ്ടിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ബുകായോ സാകയും ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റത്തിന് നേതൃത്വം നൽകി.
കോഡി ഗാക്പോ, സിമോൺസ് എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ഡച്ചുകാരുടെ നീക്കങ്ങളെല്ലാം. മത്സരത്തിൽ നെതർലൻഡ്സാണ് ആദ്യം ലീഡെടുത്തത്. ഏഴാം മിനിറ്റിൽ ഇംഗ്ലീഷ് താരം ഡെക്ലാൻ റൈസിൽനിന്ന് പന്തു തട്ടിയെടുത്ത് മുന്നേറി സാവി സിമോൺസ് ബോക്സിനു തൊട്ടുമുന്നിൽനിന്ന് തൊടുത്ത ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡിനെയും കീഴ്പ്പെടുത്തി വലയിൽ. ഗോൾ വീണതോടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചു.
സുന്ദര നീക്കങ്ങളുമായി ഇംഗ്ലണ്ട് ഡച്ച് ഗോൾമുഖം വിറപ്പിച്ചു. 18ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ അവർ മത്സരത്തിൽ ഒപ്പമെത്തി. ബോക്സിനുള്ളിൽ ഹാരി കെയ്നിന്‍റെ ഷോട്ട് ഡെൻസൽ ഡംഫ്രീസ് കാലു കൊണ്ട് തടയാൻ ശ്രമിച്ചതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി വാർ പരിശോധനയിൽ പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത കെയിൻ പന്ത് അനായാസം വലയിലെത്തിച്ചു. പന്തിന്‍റെ ദിശയിലേക്ക് തന്നെ ഡച്ച് ഗോൾ കീപ്പർ ബാർട്ട് വെർബ്രഗ്ഗൻ ചാടിയെങ്കിലും ഫലമുണ്ടായില്ല. 23ാം മിനിറ്റിൽ ഫിൽ ഫോഡൻ ബോക്സിനുള്ളിൽ നടത്തിയ ഒറ്റയാൾ നീക്കം ഗോൾ ലൈനിൽ ഡംഫ്രീസ് രക്ഷപ്പെടുത്തി.
30ാം മിനിറ്റിൽ കോർണറിൽനിന്നുള്ള ഡംഫ്രീസിന്‍റെ ഹെഡ്ഡർ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക്. തൊട്ടുപിന്നാലെ ഫോഡൻ ബോക്സിനു തൊട്ടുവെളിയിൽനിന്ന് ഇടങ്കാലിൽ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഫ്രാൻസിനെതിരെ ആദ്യ സെമിയിൽ കൗമാരതാരം ലമീൻ യമാൽ നേടിയ മാജിക് ഗോളിനു സമാനമായിരുന്നു സിറ്റി താരത്തിന്‍റെയും ഷോട്ട്. ആദ്യ അരമണിക്കൂർ മുന്നേറ്റത്തിലും പന്തടക്കത്തിലും ഇംഗ്ലണ്ടിന്‍റെ ആധിപത്യമായിരുന്നു. ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമാണ് ഡച്ചുകാർ നടത്തിയത്. ഇതിനിടെ 36ാം മിനിറ്റിൽ പരിക്കേറ്റ മെംഫിസ് ഡിപേയെ തെതർലൻഡ്സിനു പിൻവലിക്കേണ്ടിവന്നു. പകരം ജോ വീർമനാണ് കളത്തിലെത്തിയത്.
രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമുകളും നടത്തിയില്ല. പ്രതിരോധത്തിലൂന്നി കളിച്ചതോടെ ആദ്യ പകുതിയുടെ ആവേശവും വേഗവും മത്സരത്തിന് നഷ്ടമായി. 65ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് നൽകിയ ഫ്രീകിക്ക് വെർജിൽ വാൻഡേക്ക് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പിക്ഫോർഡ് ടീമിന്‍റെ രക്ഷകനായി. 78ാം മിനിറ്റിൽ സിമോൺസിന്‍റെ ഷോട്ട് നേരെ പിക്ഫോർഡിന്‍റെ കൈകകളിലേക്ക്. ഇതിനിടെ ബുകായോ സാക വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. ഇംഗ്ലണ്ട് ഹാരി കെയിനെയും ഫോഡനെയും പിൻവലിച്ച് കോൾ പാൾമറെയും വാറ്റ്കിൻസിനെയും കളത്തിലിറക്കി.
84ാം മിനിറ്റിൽ ഡച്ചുകാർ നടത്തിയ മികച്ചൊരു നീക്കം ബോക്സിനുള്ളിൽ ഇംഗ്ലണ്ട് പ്രതിരോധിച്ചു. തൊട്ടുപിന്നാലെ ബോക്സിനു വെളിയിൽ ഡച്ചുകാർക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് പകരക്കാരൻ ഓലി വാക്കിൻസ് ഇംഗ്ലണ്ടിന്‍റെ രക്ഷകനാകുന്നത്. മറ്റൊരു പകരക്കാരൻ പാൾമറാണ് ഗോളിന് വഴിയൊരുക്കിയത്. താരം ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാറ്റ്കിൻസ് വലയിലെത്തിച്ചു. 2-1 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഫൈനലിലേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.