പവാർഡ് ഗോളിൽ യൂറോ യോഗ്യതക്കരികെ ഫ്രാൻസ്; ജിബ്രാൾട്ടർ കടന്ന് ഡച്ചുപട

ഡബ്ളിനിൽ പിടിച്ചുനിന്ന് പൊരുതിയ ആതിഥേയരെ ഒറ്റഗോളിൽ മടക്കി യൂറോ യോഗ്യത അരികിലെത്തിച്ച് ഫ്രാൻസ്. ഗ്രൂപ് ബിയിൽ നേരത്തെ ഡച്ചുകാ​രെയും മടക്കിയ ടീം രണ്ടു കളികളിൽ അത്രയും ജയവുമായാണ് മുന്നിലെത്തിയത്.

ഡബ്ളിനിലെ അവീവ മൈാതനത്ത് ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി ഫ്രാൻസും ആറുപേരെ കൊണ്ടുവന്ന് അയർലൻഡും കളി മുറുക്കിയപ്പോൾ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. ഫ്രാൻസ് ആക്രമണത്തിലും അയർലൻഡ് പ്രതിരോധത്തിലും ഊന്നി​യ മത്സരം കൂടുതൽ വിരസമാകുംമുമ്പ് ഇടവേള കഴിഞ്ഞ് അഞ്ചാം മിനിറ്റിൽ പവാർഡിലൂടെ സന്ദർശകർ ലീഡ് പിടിച്ചു. സ്വന്തം ബോക്സിനരികെ അയർലൻഡ് മിഡ്ഫീൽഡർ കുളൻ അശ്രദ്ധമായി തട്ടിയ പന്ത് പിടിച്ചെടുത്തായിരുന്നു തകർപ്പൻ വോളിയിൽ ബെഞ്ചമിൻ പവാർഡ് സ്കോർ ചെയ്തത്. ക്രോസ്ബാറിനടിയിൽ തട്ടി ഉള്ളിലേക്ക് നീങ്ങിയ പന്തിൽ ഒന്ന് സ്പർശിക്കാൻ പോലും ഗോളിക്കായില്ല. ഇതേ ഗ്രൂപിലെ ​മറ്റൊരു മത്സരത്തിൽ ദുർബലരായ ജിബ്രാൾട്ടറെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് നെതർലൻഡ്സ് വീഴ്ത്തി. നഥാൻ അകെ ഇരട്ട ഗോൾ നേടി കളിയിലെ താരമായി. 86 ശതമാനം കളിയും നിയന്ത്രിച്ച് സമ്പൂർണ വാഴ്ചയുമായാണ് ഡച്ചുകാർ ഇത്തിരിക്കുഞ്ഞൻ എതിരാളികളെ ഇല്ലാതാക്കിയത്. ഡച്ചുപരിശീലക കുപ്പായത്തിൽ വീണ്ടുമെത്തിയ റൊണാൾഡ് കോമാന് ആശ്വാസം നൽകുന്നതാണ് വിജയം. കഴിഞ്ഞ ദിവസം എതിരില്ലാത്ത നാലു ഗോളിനായിരുന്നു ടീം ഫ്രാൻസിനു മുന്നിൽ തകർന്നടിഞ്ഞത്.

അതേ സമയം, ​ജിബ്രാൾട്ടറിനായി ഇറങ്ങിയ ലീ കാസിയാരോ യൂറോ യോഗ്യത കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന സ്വന്തം റെക്കോഡ് ഉയർത്തി. നിലവിൽ ആഗോള റാങ്കിങ്ങിൽ 200ാമതാണ് ജിബ്രാൾട്ടർ.

മറ്റു മത്സരങ്ങളിൽ സ്വീഡൻ 5-0ന് അസർബൈജാനെയും ഹംഗറി 3-0ന് ബൾഗേറിയയെയും സെർബിയ 2-0ന് മോണ്ടിനെഗ്രോയെയും വീഴ്ത്തി. 

Tags:    
News Summary - Euro 2024 Qualifiers: The Republic of Ireland made a losing start as Benjamin Pavard's superb goal gave France victory in Dublin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.