ഗാക്പോ മാജിക്! റുമേനിയക്കെതിരെ ആദ്യ പകുതി ഡച്ചുകാർക്ക് സ്വന്തം

മ്യൂണിക്ക്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ റുമേനിയക്കെതിരെ ആദ്യപകുതി പിന്നിടുമ്പോൾ നെതർലൻഡ്സ് ഒരു ഗോളിനു മുന്നിൽ. 20ാം മിനിറ്റിൽ സൂപ്പർതാരം കോഡി ഗാക്പോയാണ് ഡച്ചുകാർക്കായി വലകുലുക്കിയത്. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഡച്ചുകാർക്കുതന്നെയാണ് മുൻതൂക്കം.

ഇടതുവിങ്ങിൽനിന്നുള്ള ഗാക്പോയുടെ ബുള്ളറ്റ് ഷോട്ടാണ് വലയിൽ കയറിയത്. സാവി സൈമൺസിൽനിന്ന് പന്ത് സ്വീകരിച്ച ഗാക്പോ, ഇടതു പാർശ്വത്തിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഷോട്ട് റുമേനിയൻ ഗോൾകീപ്പറെയും കീഴ്പ്പെടുത്തി ലക്ഷ്യത്തിലെത്തി. ടൂർണമെന്‍റിൽ താരത്തിന്‍റെ മൂന്നാം ഗോളാണിത്. ഏഴാം മിനിറ്റിൽ ഡച്ച് താരം സൈമൺസിന്‍റെ ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള ഷോട്ട് റുമേനിയൻ ഗോൾകീപ്പർ ഫ്ലോറിൻ നിത കൈകളിലൊതുക്കി.

ആദ്യ വിസിലിനുടൻ കളം നിറഞ്ഞത് റുമാനിയ. ഡച്ചുകാരെ നിഷ്പ്രഭമാക്കിയ നീക്കങ്ങൾ പലതും അപകട സൂചന നൽകിയതിനൊടുവിൽ 15ാം മിനിറ്റിൽ ഡെന്നിസ് മാൻ പറത്തിയ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിറകെ കളിയാകെ മാറി. കാൽമണിക്കൂർ നേരം റുമാനിയയെ കളിക്കാൻ വിട്ടവർ പിന്നീടെല്ലാം സ്വന്തം കാലുകൾക്കുള്ളിലേക്ക് ചുരുക്കി. ഒന്നിനു പിറകെ ഒന്നായി വിരിഞ്ഞുണർന്നത് കണ്ണഞ്ചും ഓറഞ്ച് നീക്കങ്ങൾ. അതുവരെയും റുമാനിയൻ മുന്നേറ്റനിര കളി നയിച്ചിടത്ത് പതിയെ എതിർ ഹാഫിലേക്ക് മാറി. വിങ്ങുകൾ കേന്ദ്രീകരിച്ചായിരുന്നു നീക്കങ്ങൾ. 20ാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഗോളെത്തി.

ലീഡെടുത്തതോടെ ഡച്ചുകാർ ആക്രമണത്തിന് മൂർച്ഛകൂട്ടി. ഇതോടെ റുമേനിയക്ക് ഒത്തിണക്കം നഷ്ടമായി. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഡച്ച് ബോക്സിൽ വെല്ലുവിളി ഉയർത്തിയെങ്കിലും ഗോളിലെത്തിയില്ല. എന്നാൽ, പലതവണ ഡച്ചുകാരുടെ നീക്കം ഗോളിനടുത്തെത്തി. 23ാം മിനിറ്റിൽ റുമേനിയൻ താരങ്ങളുടെ മികച്ചൊരു നീക്കം ഡച്ചുകാർ പ്രതിരോധിച്ചു. 26ാം മിനിറ്റിൽ മെംഫിസ് ഡിപായ് എടുത്ത കോർണറിൽ ആരാലും മാർക്ക് ചെയ്യാതെ ബാക്ക് പോസ്റ്റിലുണ്ടായിരുന്ന സ്റ്റെഫാൻ ഡി വ്രിജിന്‍റെ ഹെഡ്ഡർ, പന്ത് പോസ്റ്റിനു തൊട്ടരികിലൂടെ പുറത്തേക്ക്. 32ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് വലതുവിങ്ങിൽനിന്ന് പോസ്റ്റിനു തൊട്ടുമുന്നിലുണ്ടായിരുന്ന മെംഫിസിനു നൽകിയ ക്രോസ് റുമേനിയൻ പ്രതിരോധ താരം റാഡു ഡ്രാഗുസിൻ രക്ഷപ്പെടുത്തി.

അവസാന മിനിറ്റുകളിൽ റുമേനിയ ഒന്നിലധികം തവണ ഡച്ച് പോസ്റ്റിലെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയിൽ 67 ശതമാനവും പന്തടക്കം ഡച്ചുകാർക്കായിരുന്നു. എട്ടു തവണയാണ് ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തത്. റുമേനിയ നാലു തവണയും.

Tags:    
News Summary - EURO 2024: Romania 0-1 Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.