യൂറോപ്പ ലീഗിലെ രാജാക്കന്മാരായി സെവിയ്യ. ഫൈനലിൽ ഇറ്റാലിയൻ ക്ലബ് എ.എസ് റോമയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) വീഴ്ത്തി സ്പാനിഷ് ക്ലബിന് ഏഴാം യൂറോപ്പ ലീഗ് കിരീടം.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. അർജന്‍റൈൻ താരം പൗലോ ഡിബാലയിലൂടെ മത്സരത്തിന്‍റെ 34ാം മിനിറ്റിൽ റോമയാണ് ആദ്യം ലീഡെടുത്തത്. 55ാം മിനിറ്റിൽ റോമൻ താരം ജിയാൻലൂക്ക മാൻസിനിയുടെ ഓൺഗോളിലൂടെ സെവിയ്യ ഒപ്പമെത്തി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അധിക സമയത്തും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.
പിന്നാലെ മത്സരം വിധി നിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ഖത്തർ ലോകകപ്പിലെ മൊറോക്കൻ സൂപ്പർസ്റ്റാർ യാസീൻ ബോനു ഒരിക്കൽ കൂടി രക്ഷകനായപ്പോൾ സെവിയ്യ റെക്കോഡ് കിരീടത്തിലേക്ക്. റോമൻ താരങ്ങളുടെ രണ്ടു ഷോട്ടുകളാണ് ബോനു സേവ് ചെയ്തത്. ജിയാൻലൂക്ക മാൻസിനി, ബ്രസീൽ താരം റോജർ ഇബാനെസ് എന്നിവരുടെ ഷോട്ടുകളാണ് തടുത്തത്.
സെവിയ്യ താരങ്ങളുടെ നാലു ഷോട്ടും വലയിൽ. യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് സെവിയ്യ. കളിച്ച ഏഴു ഫൈനലിലും ജേതാക്കൾ. ആറു യൂറോപ്യൻ ഫൈനലിൽ പോർചുഗീസ് സൂപ്പർ കോച്ച് ഹോസെ മൗറീഞ്ഞോയുടെ ആദ്യ തോൽവി. ബയേർ ലെവർക്യുസനെ ഇരുപാദങ്ങളിലുമായി 1–0നു തോൽപിച്ചാണ് റോമ ഫൈനലിലെത്തിയത്.
യുവന്റസിനെ ഇരുപാദങ്ങളിലുമായി 3–2നു മറികടന്നാണ് സെവിയ്യ ഫൈനലിലെത്തിയത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട രണ്ടാം പാദത്തിൽ 2–1നാണ് സെവിയ്യയുടെ ജയം 95–ാം മിനിറ്റിൽ എറിക് ലമേലയാണ് വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.