യൂറോപ്പ ലീഗിൽ ലിവർപൂളിനും വെസ്റ്റ്ഹാമിനും ജയം. ലിവർപൂൾ എതിരില്ലാത്ത രണ്ട്ഗോളിന് ബെൽജിയൻ ക്ലബ് യൂനിയൻ സെന്റ് ഗില്ലോയിസെയെ തോൽപിച്ചപ്പോൾ വെസ്റ്റ്ഹാം ഫ്രെയ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കീഴടക്കിയത്. ലിവർപൂളിനായി റ്യാൻ ഗ്രാവൻബെർക്, ഡിയോഗോ ജോട്ട എന്നിവരാണ് ഗോൾ നേടിയത്.
മത്സരത്തിൽ വ്യക്തമായ ആധിപത്യത്തോടെയാണ് ലിവർപൂൾ വിജയം പിടിച്ചെടുത്തത്. കളിയുടെ 73 ശതമാനവും വരുതിയിലാക്കിയത് ചെമ്പടയായിരുന്നു. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷ് ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. അഞ്ചാം മിനിറ്റിൽ തന്നെ സൂപ്പർ താരം മുഹമ്മദ് സലാഹ് ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം നഷ്ടമാക്കി. 17ാം മിനിറ്റിൽ സലാഹിന്റെ മനോഹര ക്രോസ് ഡാർവിൻ നൂനസിന് മികച്ച അവസരം ഒരുക്കിയെങ്കിലും അവിശ്വസനീയമായി പുറത്തേക്കടിച്ചു. 36ാം മിനിറ്റിൽ നൂനസിന്റെ മറ്റൊരു ഷോട്ട് ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. എന്നാൽ, ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ്, ബയേൺ മ്യൂണിക്കിൽനിന്നെത്തിയ ഡച്ച് മിഡ്ഫീൽഡർ ഗ്രാവൻബെർക് ലിവർപൂളിനായി തന്റെ ആദ്യ ഗോൾ കുറിച്ചു. അലക്സാണ്ടർ ആർനോൾഡിന്റെ ഷോട്ടിൽനിന്നുള്ള റീബൗണ്ടിൽനിന്നായിരുന്നു ഗോൾ പിറന്നത്.
ഇടവേള കഴിഞ്ഞ് ആറ് മിനിറ്റ് പിന്നിട്ടപ്പോൾ ഡിയോഗോ ജോട്ടയുടെ മനോഹര ഹെഡർ ഗോൾകീപ്പർ ആന്റണി മോറിസ് പുറത്തേക്ക് കുത്തിയകറ്റി. 61ാം മിനിറ്റിൽ ഗ്രാവൻബെർകിന്റെ ഷോട്ടും ഗോളി തട്ടിയകറ്റി. 80ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ഡിയോഗോ ജോട്ടയുടെ ഗോൾ പിറന്നത്.
എട്ടാം മിനിറ്റിൽ ലുകാസ് പക്വെറ്റയും 66ാം മിനിറ്റിൽ നയേഫ് അഗ്വേർഡും നേടിയ ഗോളുകളാണ് വെസ്റ്റ്ഹാമിന് വിജയമൊരുക്കിയത്. ഫ്രെയ്ബർഗിന്റെ ആശ്വാസ ഗോൾ റോളണ്ട് സല്ലൈയുടെ വകയായിരുന്നു. ബ്രൈറ്റൺ-മാഴ്സലെ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞപ്പോൾ റിയൽ ബെറ്റിസ് സ്പാർട്ട പ്രാഗിനെ 2-1ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.