ഏതൊരു ഫുട്‌ബാൾ പ്രേമിയുടെയും വലിയ സ്വപനങ്ങളിലൊന്നായിരിക്കണം കാൽപന്തുകളിയുടെ വേദിയായ ലോകകപ്പ് ഫുട്‌ബാൾ ടൂർണമെന്റിലെ ഒരു മത്സരമെങ്കിലും സ്‌റ്റേഡിയത്തിലെത്തി നേരിട്ട് കാണണമെന്നും ടെലിവിഷൻ സ്‌ക്രീനുകളിലും പത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള താരങ്ങളുടെ പ്രകടനം നേരിൽ കാണണമെന്നുള്ളതും. ഫുട്ബാളിനെ ഇഷ്ടപ്പെട്ട കാലം മുതലേയുള്ള മോഹം സ്വപ്നമായി സൂക്ഷിക്കുകയായിരുന്നു ഈയുള്ളവനും.
1998ലെ ഫ്രാൻസ് ലോകകപ്പോടെയാണ് ഫുട്‌ബാളും ബ്രസീലും ഇഷ്ടമാകുന്നത്. പിന്നീടുള്ള ഓരോ ലോകകപ്പും ടി.വിയിൽ മതിയാവോളം കണ്ടുതീർത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരിക്കെയാണ് 2010ൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് നടക്കുന്നത്. ശേഷം അറബ് രാജ്യം ലോകകപ്പിന് വേദിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിൽ ഖത്തർ ബിഡ് സമർപ്പിച്ചുവെന്ന വാർത്തയുമെത്തി. വേറൊരു അറബ് രാജ്യവും ബിഡ് സമർപ്പിച്ചിട്ടുമില്ല. അതോടെ ഏറെ പ്രതീക്ഷ വർധിച്ചെങ്കിലും ആസ്ട്രേലിയ, അമേരിക്ക, കൊറിയ, ജപ്പാൻ എന്നിവർ മത്സര രംഗത്തുള്ളതിനാൽ 2010 ഡിസംബർ 2 വരെ കാത്തിരിക്കേണ്ടി വന്നു. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വന്നെത്തി. 2022ലെ ഫിഫ ലോകകപ്പിന് വേദിയാകാൻ ഖത്തറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും പ്രഥമ വനിത ശൈഖ മൗസ ബിൻത് നാസർ അൽ മിസ്‌നദും ബിഡ് കമ്മിറ്റി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഫിഫ പ്രസിഡന്റിന്റെ കൈയിൽനിന്നും ലോകകപ്പ് കിരീടം പ്രതീകാത്മകമായി ഏറ്റുവാങ്ങി.
പഠനം കഴിഞ്ഞ് എങ്ങനെയെങ്കിലും ഖത്തറിലെത്തുകയും ലോകകപ്പ് നേരിട്ട് ആസ്വദിക്കുകയും ചെയ്യുകയെന്നതായി പിന്നീടുള്ള ലക്ഷ്യം. 2014ലാണ് ജോലിതേടി ഖത്തറിലെത്തുന്നത്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ എവിടെയും കാണാമായിരുന്നു. 2017ൽ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ആദ്യ സ്റ്റേഡിയം പൂർത്തിയായതായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ചതോടെ അഞ്ചുവർഷം മാത്രം മുന്നിലുള്ള ലോകകപ്പ് ഫുട്‌ബാൾ ടൂർണമെന്റ് വാർത്തകളിലും ജനങ്ങളുടെ സംസാരങ്ങളിലും പ്രധാന വിഷയമായി ഉയർന്നു. 2022 ലോകകപ്പിന്റെ വിജയത്തിൽ നിർണായകമായ ഗതാഗത സംവിധാനത്തിലെ അവിഭാജ്യ ഘടകമായിരുന്ന ദോഹ മെട്രോയുടെ നിർമാണവും അതിനിടെ ആരംഭിച്ചിരുന്നു.
2018 സെപ്തംബർ രണ്ടിനാണ് ‘റോഡ് ടു 2022’ എന്ന പേരിൽ ലോകകപ്പ് പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ലോകകപ്പ് ലക്ഷ്യമാക്കി വളന്‍റിയർ പോർട്ടൽ ആരംഭിച്ചത്. ഒരു മാസത്തിനിടെ ലക്ഷത്തിലധികം പേരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ലോകത്തിന്റെ ഏതുഭാഗത്തുനിന്നുള്ളവർക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. അങ്ങനെ പോർട്ടൽ ആരംഭിച്ചതിന്റെ ആദ്യ ദിവസങ്ങളിൽ ഞാനും രജിസ്റ്റർ ചെയ്തു. പിന്നീട് കാത്തിരിപ്പായിരുന്നു.
ലോകകപ്പിന്റെ രണ്ടാം സ്റ്റേഡിയമായ വക്‌റയിലെ സ്റ്റേഡിയം ഉദ്ഘാടനവും അമീർ കപ്പ് ഫൈനലും ഒരുമിച്ച് സംഘടിപ്പിക്കുന്നുവെന്നും പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും വളന്‍റിയർമാരെ തെരഞ്ഞെടുക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അങ്ങനെ 800 പേരടങ്ങുന്ന വളന്‍റിയർമാരുടെ കൂട്ടത്തിൽ ഒരാളായി ഇടംനേടി. സ്‌കൂൾ, കോളജ് കാലഘട്ടത്തിൽ സമ്മേളനങ്ങളിലും ഫുട്‌ബാൾ ടൂർണമെന്റുകളിലും നിരവധി തവണ വളന്‍റിയറായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഖത്തറിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. അഭിമുഖത്തിനും തവണകളായുള്ള പരിശീലനത്തിനും ശേഷമായിരുന്നു വളന്‍റിയറായത്. 2019 മേയ് 16, ജീവിതത്തിലെ മറക്കാനാകാത്ത ദിവസവും അനുഭവവുമായിരുന്നു അത്. 40,000ത്തിലധികം കാണികൾ സ്റ്റേഡിയത്തിലും അന്താരാഷ്ട്ര താരങ്ങൾ ഗ്രൗണ്ടിലും.
അങ്ങനെയിരിക്കെയാണ് ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി 2019ലെ ഫിഫ ക്ലബ് ലോകകപ്പ് ആതിഥേയത്വം ഖത്തറിന് ലഭിച്ചത്. അമീർ കപ്പ് വളന്‍റിയറായത് മുതൽക്കൂട്ടായത് ഇവിടെയാണ്. ആ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളും കോപ ലിബർട്ടഡോറസ് ജേതാക്കളായ ഫ്‌ളെമിംഗോയുമുൾപ്പടെ വമ്പൻ ടീമുകൾ പങ്കെടുക്കുന്ന, ഫിഫയുടെ ഔദ്യോഗിക പിന്തുണയോടയുള്ള ഒരു ടൂർണമെന്റിന്റെ ഭാഗമാകുകയായിരുന്നു അവിടെ. അൽ സദ്ദ്, ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിലായി നടന്ന ക്ലബ് ലോകകപ്പ് ഫുട്‌ബാൾ വൻ വിജയമായി. കാണികൾക്ക് ആവശ്യമായ സേവനം നൽകുന്ന സ്‌പെക്ടേറ്റർ സർവിസ് വിഭാഗത്തിലായിരുന്നു വളന്‍റിയറായിരുന്നത്. കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചതിനെത്തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സമയത്താണ് വീണ്ടും ക്ലബ് ലോകകപ്പ് ഖത്തറിലെത്തുന്നത്. 2021 ഫെബ്രുവരിയിൽ നടന്ന ഈ ചാമ്പ്യൻഷിപ്പിലും, പിന്നാലെ, ലോകകപ്പ് ഡ്രസ് റിഹേഴ്സലായി പ്രഖ്യാപിച്ച പ്രഥമ ഫിഫ അറബ് കപ്പിന്റെയും ഭാഗമായി.
2022 മാർച്ചിൽ കതാറയിൽ നടന്ന പ്രത്യേക പരിപാടിയിലാണ് ലോകകപ്പിനായി രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക പോർട്ടൽ തുറന്നു കൊടുത്തത്. കഴിയുന്നതും വേഗത്തിൽ രജിസട്രേഷൻ പൂർത്തിയാക്കി പിന്നീട് കാത്തിരിപ്പായിരുന്നു. ഇന്റർവ്യൂ നോട്ടിഫിക്കേഷൻ ലഭിച്ചെന്ന് കൂട്ടുകാരിൽ നിന്നറിഞ്ഞതോടെ ഇടക്കിടെ ഇ-മെയിൽ നോക്കാൻ തുടങ്ങി. സ്പാം ഫോൾഡറും ഇടക്കിടെ ചെക്ക് ചെയ്തു. ഒരു ദിവസം ഇന്റർവ്യൂ കോൾ വന്നു. കതാറയിലെ ഡി.ഇ.സിയിൽ പ്രത്യേകം തയാറാക്കിയ കേന്ദ്രത്തിൽ അഭിമുഖം പൂർത്തിയായി. കാത്തിരിപ്പിനൊടുവിൽ സെപ്തംബറിൽ വക്‌റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനും അവർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനുമുള്ള മൊബിലിറ്റി അസിസ്റ്റൻസ് വളന്‍റിയറായി തെരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പത്തിൽ കണ്ട സ്വപ്‌നം യാഥാർഥ്യമായ നിമിഷം.
ഫിഫ ലോകകപ്പ് ഫുട്‌ബാൾ ചരിത്രത്തിലെ മികച്ച ലോകകപ്പായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോൾ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ വളന്‍റിയർമാർക്കായി ഫാൻ ഫെസ്റ്റിവലിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ പറഞ്ഞതാണ് ഓർമയിൽ വന്നത്.
‘നിങ്ങളാണ് ലോകകപ്പിന്റെ മുഖവും ഹൃദയവും. നിങ്ങളെ മാറ്റി നിർത്തിക്കൊണ്ട് ലോകകപ്പിന്റെ വിജയം സാധ്യമല്ല’ -ലോകകപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാണ് മനസ്സിൽ മിന്നിമറയുന്നത്. ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന ഒരു അവസരമായിരുന്നു അത്. ഫിഫയുടെ ഒഫീഷ്യൽ അക്രഡിറ്റേഷനും യൂനിഫോമുകളും ഇന്നും അതിന്റെ സ്മരണക്കായി സൂക്ഷിച്ച് വെച്ചിരിക്കുന്നു. വിവിധ സമയങ്ങളിലായി ലഭിച്ച സമ്മാനങ്ങളും അമീറും ഫിഫ പ്രസിഡന്റും ഒപ്പുവെച്ച സാക്ഷ്യപത്രങ്ങളും ഇതോടൊപ്പമുണ്ട്. കൂടാതെ ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങി ഒട്ടനവധി താരങ്ങളെയും പരിശീലകരെയും മുൻ ഇതിഹാസങ്ങളെയും നേരിൽ കാണാനുമുള്ള അവസരമായിരുന്നു ലോകകപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.