ചെ​ങ്ക​ൽ​ചൂ​ള ഫു​ട്​​ബാ​ൾ ഫെ​സ്​​റ്റി​ൽ​നി​ന്ന്

ആവേശമായി ചെങ്കൽചൂള ഫുട്ബാൾ ഫെസ്റ്റ്: കുഞ്ഞൻ കോർട്ടിൽ വമ്പൻ പോര്; ഇവിടെ 'ത്രീസ്' ഫുട്ബാളിന്‍റെ തിരയിളക്കം

തിരുവനന്തപുരം: രണ്ടടി ഉയരവും രണ്ടരയടി വീതിയുമുള്ള ഗോൾ പോസ്റ്റ്, 15 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള കോർട്ട്. പന്തിന് പിന്നാലെ പായുന്നത് രണ്ട് ടീമുകളിലെ നാലുപേർ. ഫുട്ബാളിൽ സെവൻസും ലെവൻസുമെല്ലാം കണ്ട് ആവേശം കൊള്ളുന്നവർക്കിടയിൽ 'ത്രീസ്' ഫുട്ബാൾ ടൂർണമെന്‍റൊരുക്കി കാൽപന്ത് സ്വപ്നങ്ങൾക്ക് കൈയൊപ്പ് ചാർത്തുകയാണ് 'ചെങ്കൽചൂള ഫുട്ബാൾ ഫെസ്റ്റ്'. പേര് പോലെ ത്രീസിൽ ടീമിലുള്ളത് ഗോളിയടക്കം മൂന്നുപേർ. പരിമിതികളിലും ഫ്ലഡ്ലൈറ്റിൽ തന്നെയാണ് ഇവരുടെ കാൽപന്ത് പോര്.

കോളനിക്കുള്ളിൽ അധികമാരുമറിയാതെ കാലങ്ങളായി സായാഹ്നങ്ങളിൽ കുഞ്ഞൻ കാൽപ്പന്ത് കളി നടക്കാറുണ്ട്. ചെങ്കൽചൂളയിൽ കളിക്കള സൗകര്യങ്ങളൊന്നും കാര്യമായില്ല. തൊട്ടടുത്ത സെൻട്രൽ സ്റ്റേഡിയത്തലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും വലിയ സൗകര്യങ്ങളിൽ കളി നടക്കുമ്പാൾ ഇവർക്കതെല്ലാം സ്വപ്നം മാത്രം.

ഈ നിസ്സഹായതക്ക് മുന്നിലാണ് പരിമിതിക്കുള്ളിൽനിന്ന് സ്വന്തം നിലക്ക് കാൽപ്പന്തൊരുക്കാൻ ഇവർ നിർബന്ധിതരായത്. അങ്ങനെയാണ് ത്രീസ് ഫുട്ബാളിന്‍റെ പിറവി.

രാത്രിയിലും ടൂർണമെൻറ് നടക്കുന്നതിനാൽ തങ്ങളാലാകും വിധം 'ഫ്ലൈഡ് ലൈറ്റും' ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ടിനും ചുറ്റിലും മുകളിലുമെല്ലാം തോരണം. ആരവങ്ങളും പ്രോത്സാഹനവുമായി ചെറുപ്പക്കാരും. 32 ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. മാർച്ച് ഒന്നിനാണ് ടൂർണമെന്‍റ് തുടങ്ങിയത്. വൈകുന്നേരം 6.30ന് തുടങ്ങുന്ന മത്സരങ്ങൾ 11 ന് സമാപിക്കും. ഒരുദിവസം ഏഴ് മാച്ചുകളാണുണ്ടാകുക. 10 മിനിറ്റ് വീതമുള്ള രണ്ട് പകുതികളും അഞ്ച് മിനിറ്റ് വിശ്രമവുമടക്കം ആകെ 25 മിനിറ്റാണ് കളി.

അമേൻ എഫ്.സി, അരസിൻമൂട് എഫ്.സി, ചുള്ള എഫ്.സി, നുവ എഫ്.സി എന്നിങ്ങനെ ടീമിന്‍റെ പേരുകളും വ്യത്യസ്തം. സെവൻസിലും ലെവൻസിലുമില്ലാത്ത പ്രത്യേക നിയമങ്ങളുമുണ്ട് ഇവരുടെ സ്വന്തം കാൽപ്പന്തിന്.

നെഞ്ചിന് മുകളിലേക്കുള്ള ഷോട്ടുകൾ പാടില്ല. ണ്ട് ഡി ബോക്സുകളുണ്ട്. ചെറിയ ഡി ബോക്സിൽ കയറിയാൽ പെനാൽറ്റി. മഞ്ഞ, ചുവപ്പ് കാർഡുകളെല്ലാം ലെവൻസിലേത് പോലെതന്നെ. ഹൈബാളിനും നിയന്ത്രണമുണ്ട്. ഒരു കളിക്കാരൻ മൂന്നിൽ കൂടുതൽ ഹൈബാൾ ചെയ്താൽ ഒരു മിനിറ്റ് ഗ്രൗണ്ടിന് പുറത്താകും. വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങളാണ്. ചാമ്പ്യൻമാർക്ക് 20000 രൂപയും ട്രോഫിയും കിട്ടും. രണ്ടാമതെത്തുന്നവർക്ക് 10000 രൂപയും ട്രോഫിയും.

Tags:    
News Summary - Exciting Chenkalchoola Football Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.