ലണ്ടൻ: ഹമാസിനെതിരായ പോരാട്ടത്തിന്റെ പേരിൽ പതിനായിരക്കണക്കിന് സിവിലിയന്മാരെ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ നിരോധിക്കാനാവശ്യപ്പെട്ട് ഫലസ്തീൻ നൽകിയ അപേക്ഷ പരിഗണിക്കാൻ ഫിഫ. വിഷയത്തിൽ തീരുമാനമെടുക്കുംമുമ്പ് നിയമോപദേശം തേടുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ജൂലൈ 25ന് ഇതുസംബന്ധിച്ച് അസാധാരണ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവിട്ട ഫിഫ രേഖകളിലാണ് ഫലസ്തീൻ ഫെഡറേഷൻ (പി.എഫ്.എ) ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കാനാവശ്യപ്പെട്ടതായി പരാമർശമുള്ളത്.
ഫലസ്തീനിൽ വിശിഷ്യാ, ഗസ്സയിൽ നടത്തുന്നത് രാജ്യാന്തര ചട്ടലംഘനങ്ങളാണെന്നും അതിനാൽ ഇസ്രായേൽ ടീമുകൾക്കെതിരെ അടിയന്തര സ്വഭാവത്തോടെ ആവശ്യമായ വിലക്ക് ഏർപ്പെടുത്തണമെന്നും 211 അംഗ ഫെഡറേഷനു മുമ്പാകെ അവർ ബോധിപ്പിച്ചു. എന്നാൽ, നിയമോപദേശം തേടിയ ശേഷം ഫിഫ കൗൺസിൽ തീരുമാനമെടുക്കുമെന്ന് ഇൻഫാറ്റിനോ പറഞ്ഞു.
‘‘ഗസ്സയിൽ എല്ലാ ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങളും തകർക്കപ്പെടുകയോ വൻതോതിൽ കേടുപാടുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള അൽയർമൂക് സ്റ്റേഡിയവും ഇതിൽപെടും’’ -ഫലസ്തീൻ ഫെഡറേഷൻ പറഞ്ഞു. അൽജീരിയ, ഇറാഖ്, ജോർഡൻ, സിറിയ, യമൻ രാജ്യങ്ങളുടെ പിന്തുണയും ഫലസ്തീൻ തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.