അ​ർ​ജ​ന്‍റീ​ന​ക്ക്​ പി​ന്തു​ണ​യു​മാ​യി അ​ബൂ​ദ​ബി​യി​ലെ​ത്തി​യ മ​ല​യാ​ളി ആ​രാ​ധ​കർ 

വെള്ളക്കോട്ടയിൽ നീലക്കടലിരമ്പം

 അബൂദബി: അങ്കം കുറിച്ചത് വെള്ളപ്പടയുടെ യു.എ.ഇയിലാണെങ്കിലും അർജന്‍റീനയുടെ ഹോം ഗ്രൗണ്ടാണോ എന്ന് സംശയിപ്പിക്കുന്നതായിരുന്നു മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലെ ഗാലറി. യു.എ.ഇ കളത്തിലുണ്ടായിട്ടും ഗാലറി ആർത്തിരമ്പിയത് അർജന്‍റീനക്ക് വേണ്ടിയായിരുന്നു. ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തറിലേക്ക് തിരിക്കുന്ന നീലപ്പടക്ക് ആശംസയർപ്പിക്കാനാണ് ഇമാറാത്തികളും മലയാളികളും അടക്കമുള്ളവർ ഗാലറിയിലെത്തിയത്.

യു.എ.ഇ പതാകക്കൊപ്പം അർജന്‍റീനൻ പതാകകളും ഗാലറിയിൽ പാറിപ്പറന്നു. ലയണൽ മെസ്സിക്ക് ആശംസയർപ്പിച്ചുള്ള പ്ലക്കാർഡുകളായിരുന്നു ഏറെയും. അർജന്‍റീനൻ ജഴ്സികളിൽ അധികവും തെളിഞ്ഞത് പത്താം നമ്പറും മെസ്സിയുടെ പേരുമായിരുന്നു. മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിനുമുന്നിൽ ഏറെ വിറ്റഴിഞ്ഞതും മെസ്സിയുടെ പത്താം നമ്പർ ജഴ്സി.

ടിക്കറ്റില്ലാത്ത നിരവധി പേർ ടിക്കറ്റ് തേടി സ്റ്റേഡിയത്തിന് ചുറ്റും വലംവെച്ചു. അർജന്‍റീനൻ ആരാധകരിൽ നല്ലൊരു ശതമാനവും മലയാളികളായിരുന്നു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് ഒഴുകിയെത്തിയവരാണവർ. യു.എ.ഇക്ക് പിന്തുണയർപ്പിച്ച് ഇമാറാത്തി പതാകയുമേന്തി എത്തിയവരുമുണ്ടായിരുന്നു.കനത്ത ഗതാഗതക്കുരുക്കായിരുന്നു സ്റ്റേഡിയത്തിനുസമീപം അനുഭവപ്പെട്ടത്. വൈകിയെത്തിയവർ സ്റ്റേഡിയത്തിന് സമീപമെത്താൻ മണിക്കൂറുകളെടുത്തു.

അ​ർ​ജ​ന്‍റീ​ന​ക്ക്​ പി​ന്തു​ണ​യു​മാ​യി അ​ബൂ​ദ​ബി​യി​ലെ​ത്തി​യ

മ​ല​യാ​ളി ആ​രാ​ധ​ക​ർ

കളി തുടങ്ങിയിട്ടും പലർക്കും ഉള്ളിൽ കയറാൻ കഴിഞ്ഞില്ല. ഖത്തറിൽ പോയി അർജന്‍റീനയുടെ കളി നേരിൽ കാണാൻ കഴിയാത്തതിന്‍റെ വിഷമം അവർ പങ്കുവെച്ചു.അയൽപക്കത്ത് ലോകകപ്പ് നടന്നിട്ടും നേരിൽ കാണാൻ കഴിയാത്തവരാണ് അബൂദബിയിൽ എത്തിയവരിൽ അധികവും.അർജന്‍റീനൻ ടീമിന്‍റെ ബസ് എത്തുന്നതും കാത്ത് റോഡിനിരുവശവും നിരവധി ആരാധകർ നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു. ആർപ്പുവിളികളോടെയാണ് അവർ ടീമിനെ വരവേറ്റത്. കനത്ത സുരക്ഷയാണ് മേഖലയിലുടനീളം ഏർപ്പെടുത്തിയിരുന്നത്.ഇരു ടീമുകളും മൈതാനത്തിറങ്ങിയതും കാണികളുടെ ആവേശം ഇരട്ടിച്ചു. ഓരോ നീക്കവും ആരവങ്ങളും കരഘോഷങ്ങളുമായി അവർ ആസ്വദിച്ചു. മെസ്സി മൈതാനത്തിറങ്ങിയതും ഗാലറി ആർത്തിരമ്പി.16ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ ജുലാൻ അൽവാരസ് വലകുലുക്കിയപ്പോൾ അർജന്‍റീനൻ ആരാധകർക്കൊപ്പം ഇമാറാത്തികളും കൈയടിച്ച് സ്വീകരിച്ചു.പിന്നീട് പിറന്ന ഓരോ ഗോളുകളും അർജന്‍റീനയുടെ വരവറിയിക്കുന്നതായിരുന്നു.

മിശിഹ'യെ കണ്ടു, കൈകൊടുത്തു ;​ മനം നിറഞ്ഞ്​ മലയാളിക്കുട്ടികൾ


ഫിഫയുടെ ഫ്ലാഗുമായി മൈതാനത്തെത്തിയ മലയാളി കുട്ടികൾക്ക്​ ലയണൽ മെസ്സി കൈ കൊടുക്കുന്നു

അബൂദബി: ഉറക്കത്തിൽ പോലും അവരുടെ സ്വപ്നങ്ങളിൽ ലയണൽ മെസ്സിയായിരുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ കൂട്ടിന്​ മെസ്സിയുടെ ജഴ്​സിയുമുണ്ടാകും. എങ്കിലും, മെസ്സിയെ നേരിൽ കാണുമെന്നോ അടുത്ത്​ നിൽക്കാമെന്നോ തൊടാമെ​ന്നോ​ അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അബൂദബി മുഹമ്മദ്​ ബിൻ സായിദ്​ സ്​റ്റേഡിയത്തിൽ അതും സംഭവിച്ചു.യു.എ.ഇക്കെതിരായ മത്സരത്തിൽ ലയണൽ ​മെസ്സിയുടെ അർജന്‍റീനക്കൊപ്പം ഫിഫയുടെ പതാകയേന്തി മൈതാനത്തിറങ്ങിയത്​ നാല്​ മലയാളി കുട്ടികൾ. കണ്ണൂർ യസ്വദേശി സാക്കിബ്​ മുഹമ്മദ്​ ഷഫീഖ്, തിരുവനന്തപുരം സ്വദേശി മുഹമ്മദ്​ ഫഹദ്​, തൃശൂർ സ്വദേശി റയാൻ ഷൈൻ, കണ്ണൂരുകാരൻ ദിയാൻ അബ്​ദുൽ നാസർ എന്നിവർക്കാണ്​ മെസ്സിയെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചത്​. ജീവിതത്തിൽ മറക്കാനാവാത്ത നിമിഷമാണിതെന്ന്​ കുട്ടികൾ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു.

അബൂദബി ഫ്യൂച്ചർ ടാലൻറ്​സ്​ അക്കാദമിയിലെ ഫുട്​ബാൾ താരങ്ങളാണ്​ നാല്​ പേരും. അതുവഴിയാണ്​ യു.എ.ഇ-അർജന്‍റീന മത്സരത്തിന്‍റെ ഫ്ലാഗ്​ ബോയ്​സാകാൻ അവസരം ലഭിച്ചത്​. മൈതാനത്ത്​ ബോൾ ബോയ്​സായി പറന്നു നടക്കാനുള്ള ഭാഗ്യവും മൂവർക്കും ലഭിച്ചു.അബൂദബി മോഡൽ സ്കൂൾ വിദ്യാർഥികളാണ്​ സാക്കിബും (പത്താം ക്ലാസ്​) ഫഹദും (ഒമ്പതാം ക്ലാസ്​). റയാനും ദിയാനും അബൂദബി സൺ റൈസ്​ സ്കൂളിലെ പത്താം ക്ലാസ്​ വിദ്യാർഥികളാണ്​.നാല്​ പേരും മുൻപത്തേക്കാളേറെ മെസ്സി ഫാൻസായി മാറിയിരിക്കുകയാണ്​ ഒറ്റ മത്സരംകൊണ്ട്​. ലോകകപ്പിന് അർജന്‍റീനൻ ടീമിന്​​ ആശംസകളും പറഞ്ഞാണ്​ ഇവർ മൈതാനത്ത്​ നിന്ന്​ മടങ്ങിയത്​.

Tags:    
News Summary - Fans support Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.