ദോ​ഹ കോ​ർ​ണി​ഷി​ലെ ഫ്ലാ​ഗ് പ്ലാ​സ

ദോഹ: ലോകകപ്പ് ആരവങ്ങൾക്ക് കിക്കോഫ് കുറിക്കാൻ പത്തുദിവസം മാത്രം ബാക്കിനിൽക്കെ കളിയാവേശത്തിന് തീപിടിപ്പിച്ച് ആരാധകർ ഒന്നിക്കുന്നു. ലോകകപ്പിൽ പന്തുതട്ടുന്ന വിവിധ ടീമുകളുടെ ആരാധകരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ ദോഹ കോർണിഷിൽ ആവേശക്കടൽ തീർക്കാനെത്തുന്നത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർചുഗൽ ഉൾപ്പെടെ വിവിധ ടീമുകളുടെ ആരാധകരാണ് ഒന്നിക്കുന്നത്. വിവിധ ടീം ആരാധക കൂട്ടായ്മകൾക്കുകീഴിൽ പല രാജ്യങ്ങളിൽനിന്നുള്ളവർ അണിചേരും.

ഫുട്ബാൾ ആരാധകരുടെ സംഗമ സ്ഥാനമായി മാറിയ കോർണിഷിലെ ഫ്ലാഗ് പ്ലാസ കേന്ദ്രീകരിച്ചാണ് പല ടീമുകളുടെയും ഒത്തുചേരൽ. രൂപവത്കരിച്ചശേഷം ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ഖത്തറിലെ ഏറ്റവും ആരാധകരുള്ള സംഘമായി വളർന്ന അർജന്റീന ഫാൻസ് ഖത്തറിനു കീഴിൽ ആയിരത്തോളം അംഗങ്ങൾ ദോഹ കോർണിഷിൽ ഒന്നിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് 'ഫ്ലാഗ് പ്ലാസ' മുതൽ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്ക് വരെ നീണ്ടുനിൽക്കുന്ന ഫ്ലാഗ് മാർച്ചാണ് സംഘടിപ്പിക്കുന്നത്.

ദേശീയ ടീം കോച്ച് ലയണൽ സ്കലോണിയും ടീം മാനേജ്മെന്റും സ്റ്റാഫും ഉൾപ്പെടെ വൻ സംഘം കഴിഞ്ഞ ദിവസം എത്തിയതിനു മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച അർജന്റീന ഫാൻസ് ഖത്തർ കൂട്ടായ്മ നിലവിൽ എല്ലാ രാജ്യക്കാരെയും ഉൾക്കൊള്ളിച്ച് ലോകകപ്പ് വേദിയിൽ അർജന്റീന ആരാധകരുടെ പ്രധാന ഫാൻ സംഘമായി മാറിയിട്ടുണ്ട്. ഇതിനകംതന്നെ ശ്രദ്ധേയമായ നിരവധി പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അർജന്റീന ഫാൻസ് ഖത്തർ തെക്കനമേരിക്കൻ മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

ബ്രസീൽ ആരാധകർ ഖത്തർ നാഷണൽ മ്യൂസിയം പരിസരത്ത് സംഗമിച്ചാണ് ദോഹ കോർണിഷിലൂടെ മഞ്ഞക്കടലായി ഒഴുകുന്നത്. ആരാധകർ ഏറെയുള്ള തെക്കനമേരിക്കൻ ടീമുകളുടെ ഫാൻ സംഘങ്ങൾ കളംനിറഞ്ഞ് കളി ആരംഭിച്ചതോടെ, ഇംഗ്ലീഷ് കാണികളും ബൂട്ടുകെട്ടി പുറത്തിറങ്ങി. ഫ്ലാഗ് പ്ലാസയിൽ വൈകീട്ട് മൂന്നിനാണ് ഇവരുടെ സംഗമം തീരുമാനിച്ചത്. തുടർന്ന്, കൗണ്ട്ഡൗൺ ക്ലോക്കിനരികിൽ സമാപിക്കും.

Tags:    
News Summary - fans to converge on Doha Corniche

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.